Type Here to Get Search Results !

കാക്കിയിട്ട ക്രിമിനലുകളെ സംരക്ഷിക്കാന്‍ കാക്കിക്കുള്ളിലെ കാട്ടു കള്ളൻമാർ കാണിച്ച വ്യഗ്രതയാണ് ഉദ്യോഗസ്ഥയെ വെളളപൂശിയുളള പൊലീസ് റിപ്പോര്‍ട്ട്

Kerala police

തിരുവനന്തപുരം ആറ്റിങ്ങലില്‍ മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചെന്നാരോപിച്ച് അച്ഛനെയും മകളെയും പരസ്യവിചാരണ ചെയ്ത സംഭവത്തില്‍ പിങ്ക് പൊലീസ് ഉദ്യോഗസ്ഥ ഹൈക്കോടതിയില്‍ മാപ്പപേക്ഷ നല്‍കി. സത്യവാങ്മൂലം രൂപത്തില്‍ നിരുപാധികം മാപ്പ് ചോദിച്ചുകൊണ്ടായിരുന്നു അപേക്ഷ. സംഭവത്തില്‍ പെണ്‍കുട്ടിയോടും കുടുംബത്തോടും കോടതിയോടും മാപ്പപേക്ഷിക്കുകയാണെന്ന് പി സി രജിത ഹൈക്കോടതിയില്‍ പറഞ്ഞു.


അതേസമയം, കാക്കിയെ സംരക്ഷിക്കാന്‍ കാക്കിക്കുളള വ്യഗ്രതയാണ് ഉദ്യോഗസ്ഥയെ വെളളപൂശിയുളള പൊലീസ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നതെന്ന് കോടതി പറഞ്ഞു. യൂണിഫോമിട്ടാല്‍ എന്തും ചെയ്യാമെന്നാണോ പൊലീസ് കരുതുന്നതെന്ന് കോടതി ചോദിച്ചു. കുട്ടി അനുഭവിച്ച മാനസിക പ്രശ്‌നങ്ങള്‍ക്ക് പകരം എന്താണ് ചെയ്യാന്‍ പോകുന്നതെന്ന് ഒരു എതിര്‍ സത്യവാങ്മൂലം നല്‍കാന്‍ സര്‍ക്കാരിനോട് ഹൈക്കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. നഷ്ടപരിഹാരം ആവശ്യപ്പെട്ടുകൊണ്ടാണ് കുട്ടിയും പിതാവും ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്.  ഈ മാസം 15-ന് കേസ് വീണ്ടും പരിഗണിക്കും.

പെൺകുട്ടിയെ കൗണ്‍സിലിങ് ചെയ്ത ഡോക്ടറോടും വീഡിയോ കോണ്‍ഫറന്‍സ് വഴി ഹാജരാകാന്‍ കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. തിരുവനന്തപുരം റൂറല്‍ ജില്ലാ പൊലീസ് മേധാവിയോട് ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസറെ കൊണ്ട് കുട്ടിയെ കൗണ്‍സിലിങ് നടത്തി അതിന്റെ റിപ്പോര്‍ട്ട് ഹാജരാക്കാനും കോടതി ഇന്ന് ഉത്തരവിട്ടു.

വിഷയത്തില്‍ നേരത്തെയും ഹൈക്കോടതി പൊലീസിനെയും സർക്കാരിനെയും രൂക്ഷമായി വിമർശിച്ചിരുന്നു. പേടിച്ച് കരഞ്ഞുപോയ പെണ്‍കുട്ടിയെ പൊലീസുകാരി ആശ്വസിപ്പിക്കണമായിരുന്നു എന്നാണ് കോടതി അന്ന് പറഞ്ഞത്. പൊലീസ് കുട്ടിയോട് ക്ഷമ ചോദിച്ചാല്‍ തീരുന്ന പ്രശ്‌നമേ ഉണ്ടായിരുന്നുളളു എന്നും കാക്കിയിട്ടതിന്റെ അഹങ്കാരം അതിന് അനുവദിച്ചില്ലെന്നും ഹൈക്കോടതി പറഞ്ഞിരുന്നു.

ഓഗസ്റ്റ് 27-നായിരുന്നു പിങ്ക് പൊലീസ് ഉദ്യോഗസ്ഥ പി സി രജിത മോഷണക്കുറ്റമാരോപിച്ച് അച്ഛനെയും എട്ടുവയസുകാരി മകളെയും പരസ്യവിചാരണ ചെയ്തത്. ഐ.എസ്.ആര്‍.ഒയുടെ വാഹനം കാണാന്‍ പോയി തിരിച്ചുവരുന്ന വഴിയാണ് പൊലീസ് തോന്നക്കല്‍ സ്വദേശി ജയചന്ദ്രനെയും മകളെയും തടഞ്ഞുനിര്‍ത്തിയത്. ജയചന്ദ്രന്‍ മൊബൈല്‍ മോഷ്ടിച്ച് മകള്‍ക്ക് നല്‍കുന്നത് കണ്ടു എന്നാണ് പൊലീസ് ഉദ്യോഗസ്ഥ പറഞ്ഞത്. പിന്നീട് ഉദ്യോഗസ്ഥയുടെ മൊബൈല്‍ പൊലീസ് വാഹനത്തിനകത്തുനിന്ന് തന്നെ ലഭിച്ചു. എന്നാല്‍ അവര്‍ മാപ്പുപറയാന്‍ തയാറായില്ല. സംഭവത്തിനുശേഷം മാനസികമായി തളര്‍ന്ന പെണ്‍കുട്ടിയെ കൗണ്‍സലിംഗിനു വിധേയയാക്കേണ്ടി വന്നു.