സർവിസ് തുടങ്ങി നാല് വർഷം പിന്നിട്ടപ്പോൾ കൊച്ചി മെട്രോ കുതിക്കുന്നത് വൻനഷ്ടത്തിലേക്ക്. 5000 കോടി ചെലവഴിച്ച് പൂർത്തിയാക്കിയ മെട്രോ നാല് വർഷം കൊണ്ട് 1092 കോടി രൂപയുടെ നഷ്ടത്തിലാണ് സർവിസ് നടത്തുന്നതെന്നാണ് കണക്കുകൾ പറയുന്നത്. 64,000 കോടി ചെലവഴിച്ച് കെ റെയിൽ പദ്ധതി നടപ്പാക്കാൻ സർക്കാർ വാശിപിടിക്കുമ്പോഴാണ് വളരെ വേഗം ലാഭത്തിലെത്തുമെന്ന് പ്രതീക്ഷിച്ച മെട്രോ റെയിലിെൻറ നഷ്ടക്കണക്ക് പുറത്തുവരുന്നത്.
ഓരോ വർഷം പിന്നിടുമ്പോഴും നഷ്ടത്തിെൻറ കണക്ക് കുത്തനെ വർധിക്കുകയാണ്. 2017ൽ നിന്ന് 2021 ലെത്തുമ്പോൾ നഷ്ടം ഇരട്ടിയായി വർധിച്ചു.
2017 -18 സാമ്പത്തിക വർഷം 167 കോടി രൂപയാണ് മെട്രോയുടെ നഷ്ടം. 2018- 2019 ൽ അത് 281 കോടി രൂപയായി. 2019 -2020 ൽ നഷ്ടം 300 കോടി കടന്നു, 310 കോടി രൂപയാണ് 2019 ലെ നഷ്ടം. 2020 - 2021 ൽ 334 കോടി രൂപയാണ് കണക്കുകൾ പ്രകാരം നഷ്ടം. വിവരാവകാശ പ്രവർത്തകനായ സി.എസ്. ഷാനവാസിന് ലഭിച്ച രേഖകളിലാണ് നഷ്ടക്കണക്കുകൾ ഉള്ളത്. കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ തുല്യ ഓഹരി പങ്കാളിത്തമുള്ള പദ്ധതിയുടെ എസ്റ്റിമേറ്റ് തുക 5181.79 കോടി രൂപയാണ്. 2015 ൽ പ്രതിദിനം 3.8 ലക്ഷം യാത്രക്കാർ മെട്രോയിലെത്തുമെന്നായിരുന്നു അവകാശ വാദം. 2020 ൽ അത് 4.6 ലക്ഷമായി ഉയരുമെന്നുമായിരുന്നു ഡീറ്റെയിൽ പ്രോജക്ട് റിപ്പോർട്ടിൽ ഉണ്ടായിരുന്നത്. സർവിസ് തുടങ്ങി നാല് വർഷം പിന്നിട്ടിട്ടും ഒരു ദിവസം പോലും പ്രതീക്ഷിച്ചതിെൻറ പകുതിയാത്രക്കാർ മെട്രോയിൽ സഞ്ചരിച്ചിട്ടില്ല.
ശരാശരി 65,000 പേരാണ് കോവിഡിന് മുമ്പ് സഞ്ചരിച്ചിരുന്നത്. ലോക് ഡൗണിന് ശേഷം സർവിസ് പുനരാരംഭിച്ചപ്പോൾ 22,000 പേരാണ് ശരാശരി മെട്രോയിൽ നിലവിൽ സഞ്ചരിക്കുന്നത്. ഈ മാസം അഞ്ചിന് വൈറ്റിലയിൽ നിന്ന് ഇടപ്പള്ളിയിലേക്കും തിരിച്ചും ആലുവയിൽനിന്ന് ഇടപ്പള്ളിയിലേക്കും തിരിച്ചും സൗജന്യമായി യാത്ര ചെയ്യാനുള്ള ഓഫർ മെട്രോ അവതരിപ്പിച്ച ദിവസവും യാത്രക്കാരുടെ എണ്ണം 50233 പേരിലൊതുങ്ങി. ലോക്ഡൗണിന് ശേഷം സര്‍വിസ് പുനരാരംഭിച്ചപ്പോൾ യാത്രക്കാരുടെ എണ്ണത്തിൽ വലിയ കുറവാണ് ഉണ്ടായത്. ആദ്യത്തെ ലോക്ഡൗണിനുശേഷം പ്രതിദിനം ശരാശരി 18,361 പേർ മാത്രമാണ് മെട്രോ സര്‍വിസ് ഉപയോഗിച്ചത്. രണ്ടാം ലോക്ഡൗണിനുശേഷം അത് 26,000 ആയി ഉയർന്നു. രണ്ടാംഘട്ടമായി കലൂരിൽനിന്ന് കാക്കനാട് ഇൻഫോ പാർക്കിലേക്ക് 11.2 കിലോമീറ്ററും മൂന്നാം ഘട്ടമായി ആലുവയിൽനിന്ന് നെടുമ്പാശ്ശേരി വഴി അങ്കമാലിയിലേക്ക് 14 കിലോമീറ്ററും പാത നിർമിക്കാനുള്ള നീക്കത്തിലാണ് മെട്രോ.