കുറുവ സംഘം...?
പാലക്കാട്... കോഴിക്കോട് ജില്ലകളുടെ അതിർത്തി പ്രദേശങ്ങളായിരുന്നു ഇതുവരെ കവർച്ചക്കാരുടെ ആക്രമണത്തിന് വിധേയമായിരുന്നതെങ്കിൽ ഇപ്പോളത് തെക്കോട്ട് വ്യാപിച്ചിരിക്കുന്നു . ഏറ്റുമാനൂർ അതിരമ്പുഴ ഭാഗങ്ങളിലായി ആറ് വീടുകളിൽ കവർച്ചാശ്രമം നടന്നതോടെ കോട്ടയം ജില്ല ഭീതിയിലാണന്നെണല്ലോ വാർത്തകൾ .
ആരാണ് കുറുവ സംഘം...?
ഇവരെ എന്തിനാണ് ഭയപ്പെടുന്നത്...?
എങ്ങനെയാണ് ഇവർ പ്രവർത്തിക്കുന്നത്...?
സുരക്ഷിതരായിരിക്കാൻ എന്തൊക്കെയാണ് ചെയ്യാനാവുക...?
നമുക്ക് വിശദമായി പരിശോധിക്കാം .
തമിഴ്നാട്ടിലെ തിരുട്ട് ഗ്രാമത്തിൽനിന്ന്
വടിവാൾ... കോടാലി... ഇരുമ്പുദണ്ഡ് തുടങ്ങിയ മാരകായുധങ്ങളുമായി അതിർത്തികടന്നുവരുന്ന കവർച്ചക്കാരെയാണ് കുറുവ സംഘമെന്ന് പറയുന്നത് . ഇന്ത്യയിലെതന്നെ ഏറ്റവും കുപ്രസിദ്ധരായ കള്ളന്മാരാണ് കുറുവ സംഘം . മോഷ്ടിക്കുന്നതിനിടയിൽ പെട്ടന്ന് ലൈറ്റ് തെളിഞ്ഞാലോ വീട്ടുകാരുണർന്ന് ഒച്ചവെച്ചാലോ കൃത്യമുപേക്ഷിച്ച് ഓടിപ്പോകുന്ന
സാദാ കള്ളന്മാരല്ലിവർ .
തടയാൻവരുന്നത് ഉടമസ്ഥനായാലും
സെക്യൂരിറ്റി ഗാർഡായാലും മാരകമായാക്രമിച്ച്
കീഴടക്കിയോ കൊലപ്പെടുത്തിയോ മോഷണം പൂർത്തിയാക്കുന്ന അപകടകാരികളായ മോഷ്ടാക്കളാണിവർ .
അമ്പതോളം അംഗങ്ങൾ ഒന്നുചേർന്ന് കവർച്ചനടത്തുന്ന അക്രമിക്കൂട്ടത്തിന്
തമിഴ്നാട് പോലീസാണ് കുറുവ സംഘമെന്ന് പേരിട്ടത് .
കൃത്യമായ പദ്ധതികൾ തയാറാക്കി
മോഷണത്തിനെത്തുന്ന തിരുട്ട് ഗ്രാമക്കാർ
പോലീസിന്റെ അന്വേഷണം തങ്ങളിലേക്കെത്തുന്നതരത്തിലുള്ള
തുമ്പോ തുരുമ്പോ തെളിവുകളോ ശേഷിപ്പിക്കാതിരിക്കാൻ വളരെ ശ്രദ്ധിക്കുന്നു . യാതൊരു കാരണവശാലും മൊബൈൽ ഫോൺ ഉപയോഗിക്കാത്തതിനാൽ ടവർ ലൊക്കേഷൻ നോക്കി ഇവരിലേക്കെത്തുന്നതും
അസാധ്യമാണ് .
വിവിധ CCTV-കളിൽ ഇവരിൽപ്പലരും പലപ്പോഴായി പതിഞ്ഞിട്ടുണ്ടെങ്കിലും
പോലീസിന് പിടിക്കാൻ പറ്റാത്തത് അത്രയേറെ ജാഗ്രതയും മിടുക്കും ഇവർക്കുള്ളതുകൊണ്ടാണ്
തിരുട്ടുഗ്രാമത്തിലിരുന്ന് ലാപ്ടോപിന്റെ സഹായത്തോടെ കേരളത്തിലെ വീടുകളിലും പണമിടപാട് സ്ഥാപനങ്ങളിലും ബാങ്കുകളിലുമൊക്കെ കൊള്ളനടത്താൻ ആസൂത്രണംചെയ്യുന്നതിനും അടിവസ്ത്രംമാത്രം ധരിച്ച് ദേഹമാസകലം എണ്ണതേച്ച് മോഷണത്തിനെത്തുന്നതിനും ഇടയിലുള്ള ഓപ്പറേഷൻ കാലയളവിനിടയിൽ വിജയത്തിനായി വിവിധ മാർഗങ്ങൾ അവലംബിക്കുന്ന തിരുട്ട് ഗ്രാമ മോഷ്ടാക്കൾ പക്കാ പ്രൊഫഷണലുകളും അപകടകാരികളുമെന്ന് ചുരുക്കം .
കോട്ടയത്തിന് മുൻപ് പാലക്കാട്... കോഴിക്കോട് ജില്ലകളിലായിരുന്നു കുറുവ സംഘത്തിന്റെ ഓപ്പറേഷനെന്നും പാലക്കാട് പോലീസ് അവരിൽ മൂന്നുപേരെ പിടികൂടിയതും വാർത്തയായിരുന്നു .
മോഷണം ആസൂത്രണം ചെയ്യുന്നതിലെ ആദ്യഘട്ടം ഒരു ജില്ലതിരഞ്ഞെടുക്കലാണ് . ആ ജില്ലയിൽനിന്ന് മോഷ്ടിക്കേണ്ടതായ പണവും സ്വർണ്ണവും ഇത്രയാണെന്ന് നേരത്തെതന്നെ നിശ്ചയിക്കും .
അത്രയും പണവും സ്വർണ്ണവും കിട്ടുന്നതുവരെ അവർ മോഷണം തുടർന്നുകൊണ്ടേയിരിക്കും .
കവർച്ച കഴിഞ്ഞ് മടങ്ങുന്ന സംഘം തമിഴ് നാട്ടിലെ ഉൾഗ്രാമങ്ങളിൽപ്പോയി തമ്പടിക്കും .
ആ സമയത്ത് വേറൊരു കൂട്ടമായിരിക്കും അതിർത്തികടന്ന് കേരളത്തിലെത്തുക .
അഥവാ ഏതെങ്കിലുമംഗങ്ങൾ പിടിക്കപ്പെട്ടാലും കൂടെയുള്ളവരെ ഒറ്റികൊടുക്കുകയില്ലെന്ന്
ഇവർക്കിടയിൽ ഒരു ശപഥം തന്നെയുണ്ടെന്നാണ് അറിയുന്നത് .
എങ്ങനെയാണ് ഇവർ പ്രവർത്തിക്കുന്നത്...?
കുട്ടികളും വൃദ്ധരും യുവാക്കളും സ്ത്രീകളുമുൾപ്പെടെ എല്ലാവിഭാഗത്തിലുമുള്ള ആളുകളുമായി കേരളത്തിലെത്തുന്ന ഇവർക്കോരോരുത്തർക്കും അവരുടേതായ ജോലികളുണ്ട് .
പകൽവെളിച്ചത്തിൽ നാട്ടിലൂടെ കറങ്ങിനടന്ന് മോഷ്ടിക്കാൻ പറ്റിയ വീടോ സ്ഥാപനമോ കണ്ടെത്തുന്നത് സ്ത്രീകളുംകുട്ടികളുമാണെങ്കിൽ
ആയോധന കലകൾ പഠിച്ച യുവാക്കളും മധ്യവയസ്കരുമടങ്ങിയ ഗ്രൂപ്പാണ് രാത്രിയിൽ അവസാനഘട്ടമായ മോഷണത്തിനെത്തുന്നത് .
കത്തികൾ മൂർച്ചകൂട്ടികൊടുക്കാനും
പഴയ വസ്ത്രങ്ങൾ ശേഖരിക്കാനും ചൂലുകളും ബെഡ്ഷീറ്റും പുതപ്പുമൊക്കെ വിൽക്കാനും ആക്രിപെറുക്കാനെന്ന വ്യാജേനയുമൊക്കെ നാടുമുഴുവനും കറങ്ങിനടക്കുന്ന സ്ത്രീകളും കുട്ടികളുമടങ്ങിയ സംഘമാണ് മോഷണത്തിന് പറ്റിയ വീടുകൾ കണ്ടെത്തുന്നത് .
ആളില്ലാത്ത വീടുകൾ... ഒറ്റപ്പെട്ടുനിൽക്കുന്ന വീടുകൾ... പ്രായമുള്ളവർ മാത്രം താമസിക്കുന്ന വീടുകൾ... ആക്രമിച്ചാൽ കാര്യമായെന്തെങ്കിലും കിട്ടുമെന്നുറപ്പുള്ള വീടുകൾ ഇങ്ങനെയുള്ള സാധ്യതകൾ സൂക്ഷ്മമായി നിരീക്ഷിച്ചാണ് വീടുകൾ തിരഞ്ഞെടുക്കുന്നത് .
തിരഞ്ഞെടുത്ത വീടുകൾ മാർക്ക് ചെയ്യുന്നതാണ് അടുത്ത പരിപാടി .
ഗേറ്റിൽ നൂലുകെട്ടിയും ഭിത്തിയിൽ വരച്ചും
രാത്രിയിലെത്തുന്ന സംഘത്തിന് വീടിതാണെന്ന് മനസ്സിലാക്കിക്കൊടുക്കുന്നു .
കോട്ടയത്ത് മോഷണശ്രമം നടന്ന നീർമലക്കുന്ന് മുജീബിന്റെ വീടിന്റെ ഭിത്തിയിൽ ചുണ്ണാമ്പുകലർന്ന മിശ്രിതം കൊണ്ടുള്ള അടയാളം കണ്ടതിന് കാരണമിതാണ് .
അടയാളമിട്ട വീടുകൾ തേടി രാത്രിയിലെത്തുന്ന ഇവർ ശ്രദ്ധയാകർഷിക്കുന്നതരത്തിലുള്ള അപരിചിത ശബ്ദമുണ്ടാക്കിയാണ് വീട്ടുകാരെ പുറത്തിറക്കുന്നത് . പുറത്തിറങ്ങിയ ഉടനെ വീട്ടുകാരെ ആക്രമിച്ച് ഉള്ളിൽക്കയറും .
വേറൊരു രീതി പുറത്തെ ടാപ്പ് തുറന്നിടുന്നതാണ് . ഈ രീതി വീട്ടുകാർ ഉറങ്ങുന്നതിന് മുൻപാണ് പ്രയോഗിക്കുന്നത് . തുറന്നിട്ട ടാപ്പിലൂടെ വെള്ളം പാഴായിപ്പോകുന്നതുകണ്ട് പുറത്തിറങ്ങുന്ന വീട്ടുകാരനെ മയക്കിയോ ആക്രമിച്ചോ കീഴടക്കുന്ന ഇവർ തുറന്നിട്ട വാതിലിലൂടെ അകത്തുകയറി വീടിന്റെ നിയന്ത്രണമേറ്റെടുത്ത് മോഷണത്തിനായി അവരുദ്ദേശിച്ച സമയംവരെ കാത്തിരിക്കുന്നു . ഒന്നിനും മൂന്നിനുമിടയിലുള്ള വെളുപ്പാൻ കാലമാണ് പൊതുവേ മോഷണത്തിനുപയോഗിക്കുന്നതെന്ന് പോലീസ് മനസ്സിലാക്കിയിട്ടുണ്ട് .
സുരക്ഷിതരായിരിക്കാൻ എന്തൊക്കെയാണ് ചെയ്യാനാവുക...?
1. വീടുകൾ അടച്ചിട്ട് യാത്രപോകുന്നവർ
ആ വിവരം അടുത്തുള്ള പോലീസ് സ്റ്റേഷനിലറിയിക്കുക .
2. രാത്രിയിൽ എന്തെങ്കിലും അസാധാരണമായ ശബ്ദംകേട്ട് വാതിൽതുറന്ന് പുറത്തിറങ്ങേണ്ട സാഹചര്യമുണ്ടായാൽ അടുത്തുള്ള വീട്ടുകാരുമായി മൊബൈലിലൂടെ ബന്ധപ്പെട്ടും ലൈറ്റുകളിട്ടും പൂർണ്ണസുരക്ഷ ഉറപ്പുവരുത്തിയതിനുശേഷം മാത്രം പുറത്തിറങ്ങുക .
3. പ്രായമായവരും വികലാംഗരും മാത്രം താമസിക്കുന്ന വീടുകളാണെങ്കിൽ വിവരം പോലീസ് സ്റ്റേഷനിലറിയിക്കുക .
4. അടുത്തടുത്തുള്ള വീടുകളിലെ
ചെറുപ്പക്കാർ ഒന്നുചേർന്ന് ഒരു പട്രോളിംഗ് സംവിധാനമുണ്ടാക്കി ആവശ്യസമയത്ത് ഇടപെടാൻ പാകത്തിൽ സജ്ജരായിരിക്കുക.
5. അടുത്തുള്ള വീട്ടുകാർ പരസ്പരം മൊബൈൽ നമ്പർ സേവ് ചെയ്തുവെക്കുക .
6. അന്യസംസ്ഥാനക്കാരായ അപരിചിതരെ വീട്ടിലേക്ക് അടുപ്പിക്കാതെയിരിക്കുക . അങ്ങനെയാരെങ്കിലും പരിസരത്തിലൂടെ
കറങ്ങുന്നത് കണ്ട് സംശയം തോന്നിയാലും ഉടനെ പോലീസിലറിയിക്കുക .
7. ഉറങ്ങാൻകിടക്കുന്നതിനുമുൻപ് വാതിലുകളും ജനലുകളും അടച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്തുക .
8. പുറത്തേക്ക് തുറക്കുന്ന വാതിലുകളോട് മുട്ടിച്ച് അലൂമിനിയത്തിന്റേയും സ്റ്റീലിന്റേയും പാത്രങ്ങൾ അടുക്കിവെക്കുക .
വാതിലിൽ പ്രഹരമുണ്ടായാൽ പാത്രങ്ങൾ വീഴുന്ന ശബ്ദംകേട്ട് ഉണരാൻ പറ്റും .
9. യുവാക്കൾ അസമയത്ത് അനാവശ്യമായി കറങ്ങിനടക്കുന്നത് ഒഴിവാക്കുക .
10. ഉറക്കത്തിലും ഒരു ശ്രദ്ധ ഉറക്കാതെ ബാക്കിവെക്കുക .
കുറുവ സംഘത്തിനെതിരെ കൊലപാതകങ്ങളടക്കം നൂറിലധികം കേസുകൾ കേരളത്തിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നാണ് റിപ്പോർട്ട് .
ഒരായുസ്സ് മുഴുവൻ അധ്വാനിച്ച് സ്വരുക്കൂട്ടിയത് നഷ്ടപ്പെടാൻ ഒരുരാത്രിയിലെ ചില നിമിഷങ്ങൾ മതിയാകും . ആയതിനാൽ അക്രമകാരികളും ആയുധധാരികളുമായ കുറുവ സംഘത്തെ സൂക്ഷിക്കുക .നിങ്ങളുടെ ജീവനും സ്വത്തിനും ആവശ്യത്തിന് കരുതലുകളെടുക്കുക .