Type Here to Get Search Results !

മനുസ്മൃതി കത്തിച്ചാൽ ജാതീയത ഇല്ലാതാകുമോ? കുറിപ്പ് ദിപിൻ ജയദീപ്

മനുസ്മൃതി കത്തിച്ചാൽ ജാതീയത ഇല്ലാതാകുമോ? മനുസ്മൃതി manusmruthi

മനുസ്മൃതി കത്തിച്ചാൽ ജാതീയത ഇല്ലാതാകുമോ?


 ജാതീയമായ വിവേചനങ്ങൾക്കും വിദ്വേഷങ്ങൾ ക്കും  എതിരെ കർശനമായ നിയമങ്ങൾ ഉള്ളപ്പോഴും നമ്മുടെ ഇടയിൽ ഇപ്പോഴും നിലനിൽക്കുന്ന ജാതീയത മനുസ്മൃതി വായിച്ചു പഠിച്ച അതിൽ നിന്ന് ഊറ്റം കൊണ്ട് ഉണ്ടാകുന്നതാണോ?


 അങ്ങനെ ആണെന്ന് വരുത്തി തീർക്കുവാൻ ചിലർക്ക് ബോധപൂർവ്വമായ താൽപര്യം ഉള്ളതുപോലെ തോന്നാറുണ്ട് പലപ്പോഴും. മനുസ്മൃതി മാത്രമല്ല  ആ കാലഘട്ടത്തിലെ പല ഗ്രന്ഥങ്ങളും ജാതീയതയെ  പറ്റി വിശകലനം ചെയ്യുന്നുണ്ട്. ചാതുർവർണ്യവും വർണ്ണാശ്രമ ധർമ്മവും ഒക്കെ  ആ കാലഘട്ടത്തിലെ  നീതിയുടെയും നിയമങ്ങളുടേയും മേൽ സ്വാധീനം ഉണ്ടാക്കിയിട്ടുണ്ട്.


 ഉപനിഷത്ത് വാക്യങ്ങളും  സ്മൃതികളും ശ്രുതികളും  പുരാണേതിഹാസങ്ങളുമൊക്കെ   കാലാനുവർത്തി ആണ് എന്ന് വാദിക്കുന്നത് വിഡ്ഢിത്തമാണ്. പുരാതനv നൂറ്റാണ്ടിലെ സെമിറ്റിക് മത ഗ്രന്ഥങ്ങൾ ഇപ്പോഴും പ്രസക്തമാണ് എന്ന്  അന്ധമായി വാദിക്കുന്നത് പോലെയാണ് ഇത്. നിയമവും നീതിയും നൂറ്റാണ്ടുകൾക്ക് ഉള്ളിൽ തന്നെ ഒരുപാട് മാറ്റങ്ങൾക്ക് വിധേയമാകും. അങ്ങനെ മാറിയില്ലെങ്കിൽ ആണ് കുഴപ്പം.


 ഇവിടെ ഇപ്പോൾ മനുസ്മൃതി ഒന്നും യാതൊരു പ്രസക്തിയുമില്ല, മാത്രമല്ല നമ്മുടെ നാട്ടിലെ ഭൂരിപക്ഷം ഹിന്ദുക്കളും ഈ പറയുന്ന ഗ്രന്ഥം തൊട്ടിട്ടോ കണ്ടിട്ടോ അറിഞ്ഞിട്ടോ പോലുമില്ല!


 അന്ന് അംബേദ്കർ  മനുസ്മൃതി കത്തിച്ചത് ആ കാലഘട്ടത്തിന്റെ ആവശ്യം ആയിരുന്നു, അന്ന് മനുസ്മൃതിയെ മുൻനിർത്തിക്കൊണ്ട് വർണ്ണത്തിന് വെളിയിലുള്ള മനുഷ്യരെ  ചൂഷണം ചെയ്യുന്ന  ഭരണകൂടമായിരുന്നു. അന്ന്  പൗരോഹിത്യ സമൂഹത്തിനും അവരെ സുഖിപ്പിക്കുന്ന ഭരണത്തിനും കൊള്ളണം എങ്കിൽ മനുസ്മൃതി പോലെ അവർക്ക് ഏറ്റവും പവിത്രമായ ഒന്ന് പൊതു ഇടത്തു വെച്ച് എരിച്ചു കളയുക തന്നെ മാർഗം ഉണ്ടായിരുന്നുള്ളൂ...


 സ്വതന്ത്രഭാരതത്തിൽ അതല്ല സ്ഥിതി, മനുസ്മൃതി അല്ല നമ്മുടെ നിയമം. നമ്മുടെ സർക്കാരുകൾ അതിനെ അടിസ്ഥാനപ്പെടുത്തി അല്ല നിലനിൽക്കുന്നത്. പിന്നെ എന്താണ് ഇവിടെ മനുസ്മൃതിക്ക് പ്രസക്തി?


 മനുസ്മൃതി മാത്രമല്ല എല്ലാ പ്രാചീന മതഗ്രന്ഥങ്ങളും ഇക്കാലത്ത് യാതൊരു പ്രസക്തിയും ഇല്ലാത്ത കാലഹരണപ്പെട്ട വെറും പുസ്തക കെട്ടുകൾ മാത്രമാണ്. അത് വിളിച്ചു പറയാൻ പറ്റാതെ കേവലമൊരു മനുസ്മൃതിയെ പൊക്കിപ്പിടിച്ച് അതിനെ മാത്രം കുറ്റപ്പെടുത്തുന്ന അവർക്ക് രാഷ്ട്രീയ ലക്ഷ്യങ്ങളും നിഗൂഢ അജണ്ടകളും മാത്രമാണുള്ളത്. 


 മനുസ്മൃതി കേട്ടുകേൾവിപോലുമില്ലാത്ത ജനങ്ങളെ അതിനെപ്പറ്റി പഠിപ്പിക്കുന്ന

 " നുണയിടങ്ങൾ " ഇവിടെ പ്രസംഗിച്ചു നടക്കുന്നത്  അവരുടെ രാഷ്ട്രീയ ലാഭത്തിനു വേണ്ടിയാണ്. അതിനെ പൊക്കി പിടിച്ചു നടക്കുന്ന വർക്കും അതിന്റെ രാഷ്ട്രീയ ലാഭം ഉണ്ട്. മാത്രമല്ല ഇവരൊക്കെ നാഴികക്ക് നാല്പതുവട്ടം നിലപാട് മാറ്റുന്നവരും ആണ്. 


ജാതീയത എന്ന് പറയുമ്പോൾ അത് ബ്രാഹ്മണരുടെ തലയിൽ മാത്രമുള്ള എന്തോ അപൂർവ്വ സംഗതി ഒന്നുമല്ല...


എല്ലാ വിഭാഗങ്ങൾക്കിടയിലും ജാതിയുണ്ട്. അന്തരിച്ച നടൻ കലാഭവൻ മണി അദ്ദേഹത്തിന്റെ ഒരു അനുഭവം പറഞ്ഞത് അദ്ദേഹത്തെക്കുറിച്ചുള്ള സിനിമയിൽ ഉൾപ്പെടുത്തിയിരുന്നു. പട്ടിക ജാതിയിൽപ്പെട്ട നടന്റെ കാമുകി അതേ പട്ടികജാതിയിൽ തന്നെയുള്ള എന്നാൽ നടന്റെ ജാതി യെക്കാൾ മുകളിൽ എന്ന് അവർ കരുതുന്ന മറ്റൊരു ജാതിയിൽ ആയതുകൊണ്ട് അവരുടെ വിവാഹത്തിന് പെൺ വീട്ടുകാർക്ക് എതിർപ്പായിരുന്നു എന്ന്.


 ഓരോ ജാതിയും അവർക്ക് മുകളിലും താഴെയും എന്ന ഗണത്തിൽ മറ്റു ജാതികളെ നിശ്ചയിച്ചിട്ടുണ്ട്. തങ്ങളെക്കാൾ താഴെ എന്ന് അവർ കരുതുന്ന ജാതികൾ നികൃഷ്ടരാണെന്ന് തന്നെയാണ് ഓരോ ജാതികളുടെയും വിചാരം. ബ്രാഹ്മണരെ പറ്റി നമ്മൾ കൂടുതലായി ഇങ്ങനെ പറയാൻ കാര്യം മറ്റൊന്നും കൊണ്ടല്ല സമൂഹത്തിലെ ഉന്നത സ്ഥാനത്തും മർമപ്രധാന അധികാരശ്രേണി കളിലും ഒക്കെ സവർണ്ണ വിഭാഗങ്ങൾ ഉള്ളതുകൊണ്ട് അവർക്ക് ഉള്ളിലെ ജാതീയത സമൂഹത്തിലെ തങ്ങളെക്കാൾ താഴെ എന്ന് അവർ കരുതുന്ന വിഭാഗങ്ങൾക്ക് മേൽ നല്ല രീതിയിൽ പ്രയോഗിക്കുവാൻ ഉള്ള അവസരം കിട്ടിയിരുന്നു.


ജന്മിയുടെത് ഉയർന്ന ജാതിയും കുടിയാന്മാർ  താഴ്ന്ന ജാതിയും ആയതുകൊണ്ട് ജന്മി കുടിയാന് ജാതിയുടെ പേരിൽ കൂടി ചൂഷണം ചെയ്യാൻ കഴിഞ്ഞത്.


എന്റെ നാട്ടിൽ ഒരു കോളനി ആയിട്ടാണ് പിന്നോക്ക വിഭാഗക്കാരായ വിശ്വകർമ്മജർ പണ്ട് കഴിഞ്ഞിരുന്നത്. അതിതീവ്രമായ ജാതിബോധം പുലർത്തിയിരുന്നു അവർ. അവരുടെ മുകളിലും താഴെയുമുള്ള ജാതിക്കാരോട് വളരെ നീചമായിട്ടാണ് അവർ പെരുമാറിയിരുന്നത്. സാമ്പത്തികമായി അത്യാവശ്യം മുന്നിൽ നിന്നിരുന്ന അവരുടെ കുടുംബങ്ങൾ അവരെക്കാൾ ഉയർന്ന ജാതിയിൽ ആയിട്ടും സാമ്പത്തികമായി പിന്നോട്ട് നിന്നിരുന്നവരെ ജാതീയമായി വേർതിരിക്കാനും അധിക്ഷേപിക്കാനും അപമാനിക്കാനും ഒക്കെ ശ്രമിച്ചിരുന്ന പല സംഭവങ്ങളും ഞാൻ സാക്ഷ്യം വഹിച്ചിട്ടുണ്ട്. വിശ്വകർമ്മജർ ഒരു വിഭാഗം ആണെങ്കിലും അതിനുള്ളിൽ തന്നെ ഒരുപാട് തട്ടുകൾ ഉണ്ടത്രേ. ആശാരി ഉയർന്നവൻ എന്ന ആശാരിയും തട്ടാൻ അതിന് താഴെയുള്ള മൂശാരിയേക്കാൾ മുകളിൽ എന്ന് അയാളും ഒക്കെ പരസ്പരം വാദിക്കുന്നതും കേട്ടിട്ടുണ്ട്. 


 പാലക്കാട്ട്  കഴിഞ്ഞകൊല്ലം നടന്ന ദുരഭിമാനക്കൊല ജാതീയമായ ചിന്തയിൽ നിന്ന് തന്നെ ഉടലെടുത്തതാണ്. എന്നാൽ ദുരഭിമാനക്കൊല എന്ന് കേൾക്കുമ്പോൾ തന്നെ ബ്രാഹ്മണർക്ക് നേരെ വാളോങ്ങുന്നത് ഒരു പൊതുബോധത്തിന്റെ  ഭാഗമാണ്.


കൊന്നവരും കൊല്ലപ്പെട്ടവനും  ഒബിസി വിഭാഗത്തിൽ നിന്നുള്ളവരാണ് എന്നാണ് കേൾക്കുന്നത്. അതുപോലും വ്യക്തമായി അറിയാതെ കാടടച്ചു വെടി വെക്കുന്നത് നല്ലതല്ല. പലപ്പോഴും ജാതിക്കെതിരെ എന്നു പറഞ്ഞുകൊണ്ട് ബ്രാഹ്മണർക്ക് എതിരെയും സവർണർക്ക് എതിരെയും മാത്രമാണ് ചിലർ പോസ്റ്റുകൾ എഴുതുന്നത് കാണാറുള്ളത്. ജാതീയത എന്ന് പറയുമ്പോൾ അത് ജാതീയത തന്നെയാണ്. അത് ആദിവാസി ആയാലും അമ്പലവാസി ആയാലും ജാതീയത തന്നെയാണ്.


 ഇതിനെതിരെ നമുക്ക് പ്രതിഷേധിക്കാൻ കഴിയുക മിശ്രവിവാഹങ്ങൾ  പ്രോത്സാഹിപ്പിച്ചു കൊണ്ടാണ്. അതിന് യുവജനസംഘടനകൾ അകമഴിഞ്ഞ പിന്തുണ കൊടുക്കുകയും വേണം. ജാതി നോക്കാതെ എല്ലാ അണികളും വിവാഹം കഴിക്കണം എന്ന് പറയാനുള്ള ആർജ്ജവം ഏതെങ്കിലും പ്രസ്ഥാനത്തിന് നമ്മുടെ നാട്ടിൽ ഉണ്ടോ? അങ്ങനെയെങ്കിൽ അല്ലേ ഇത് ഇല്ലാതെ ആവുകയുള്ളൂ... 


 പക്ഷേ വലിയ തമാശ എന്തെന്നാൽ മതം ഉപേക്ഷിച്ചു വന്ന് വിവാഹം കഴിക്കുന്നതിൽ  ചിലതൊക്കെ പരമ്പരാഗത ഹൈന്ദവ രീതിയിൽ ആണെന്ന് അത് കാണുമ്പോൾ ചിരി വരുന്നു. ദളിതർ പോലും  ബ്രാഹ്മണിക വൽക്കരിക്കപ്പെടുകയാണ് അവർ പോലുമറിയാതെ. അവരുടെ വിവാഹം ജനനം മരണം തുടങ്ങിയ എല്ലാ കർമ്മങ്ങളും  ബ്രാഹ്മണരുടെതിന് സമാനം ആക്കി മാറ്റിയിരിക്കുന്നു ഇപ്പോൾ. 


 സ്കൂൾ തലം മുതൽ സിലബസിന്റെ  ഭാഗമായി ജാതീയതയ്ക്കെതിരെ ഉള്ള പാഠങ്ങൾ ഉൾപ്പെടുത്തിയാൽ നമുക്ക് കാലക്രമേണ ഇത്തരം ചിന്തകൾ ഒക്കെ ഒഴിവാക്കി എടുക്കാൻ പറ്റുന്നതേയുള്ളൂ. നീട്ടിവലിച്ച ജാതിവാലുകൾ തന്റെ സ്വജാതിയിൽ പെട്ട കുട്ടികളെ ഒരു കണ്ണിലൂടെ മറ്റുള്ളവരെ മറ്റൊരു കണ്ണിലൂടെയും  കാണുന്ന അധ്യാപകർ ഒക്കെ മാറേണ്ട സമയമായിരിക്കുന്നു. ജാതീയത യിൽ നിന്നുള്ള നവോത്ഥാനം എന്നു പറയുന്നത് ആകാശത്തുനിന്നു പൊട്ടിമുളയ്ക്കുന്ന ഒന്നുമല്ല വളരെ കഷ്ടപ്പെട്ട് സമയമെടുത്ത് നമ്മൾ തന്നെ നമുക്കിടയിൽ രൂപപ്പെടുത്തുന്ന ഒന്നാണ്.


Note:


 ഉത്തരേന്ത്യയിലെ ജാതീയതയെ സംബന്ധിച്ചല്ല എന്റെ കുറിപ്പ്. കേരളത്തിൽ മനുസ്മൃതിയും അതുമായി ബന്ധപ്പെട്ട ജാതീയതയും ഇപ്പോൾ പ്രസക്തമാണോ എന്നത് മാത്രമാണ്. 


© ദിപിൻ ജയദീപ്.