സംസ്ഥാനത്തെ സർവകലാശാലകളിലെ വൈസ് ചാൻസലർ നിയമനവുമായി ബന്ധപ്പെട്ട് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉയർത്തിയ ആരോപണങ്ങൾക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ഉന്നത വിദ്യാഭ്യാസ മേഖലയെ സംബന്ധിച്ച് ഗവർണർ ചില ആശങ്കകൾ പ്രകടിപ്പിച്ചിട്ടുണ്ട്. ഉന്നത വിദ്യാഭ്യാസ മേഖലയിലെ സര്‍ക്കാരിന്‍റെ നിലപാട് മനസിലാക്കാത്ത ആളല്ല ഗവര്‍ണറെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഗവര്‍ണറുടെ പരസ്യപ്രസ്താവന അങ്ങേയറ്റം ദുഃഖകരമാണെന്നും പിണറായി വിജയന്‍ കൂട്ടിച്ചേര്‍ത്തു.
ഉന്നത വിദ്യാഭ്യാസ മേഖലയിലെ കുറവ് തുറന്നുപറഞ്ഞാണ് എൽഡിഎഫ് തിരഞ്ഞെടുപ്പിനെ നേരിട്ടത്. ഉന്നത വിദ്യാഭ്യാസ മേഖലയെ കാലികമായി പരിഷ്കരിക്കാൻ ആസൂത്രിത ഇടപെടൽ നടത്തേണ്ടതുണ്ട്. എല്ലാം തികഞ്ഞു എന്ന അഭിപ്രായം സർക്കാരിനില്ല. ഉന്നത വിദ്യാഭ്യാസ മേഖലയിലാണ് ഇനി ശ്രദ്ധ വേണ്ടതെന്ന ബോധ്യം സര്‍ക്കാറിനുണ്ട്. ഉന്നത വിദ്യാഭ്യാസ മേഖല മുന്നോട്ട് പോകാൻ കൂടുതൽ ശാക്തീകരിക്കണം നടത്തണം. ഇക്കാര്യത്തില്‍ സര്‍ക്കാരിനും ഗവര്‍ണര്‍ക്കുമുള്ളത് ഒരേ അഭിപ്രായമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഗവർണറുടെ അധികാരം കവർന്നെടുക്കാൻ സർക്കാർ ഒരിക്കലും ശ്രമിച്ചിട്ടില്ല. സർവകലാശാല ചാൻസലർ സ്ഥാനം ഞങ്ങൾ ആഗ്രഹിച്ചിട്ടില്ല. ഗവർണർ നിലപാടിൽ നിന്ന് പുറകോട് പോകുമെന്നാണ് കരുതുന്നതെന്നും ഗവർണർ തുടരണമെന്നാണ് ആഗ്രഹമെന്നും മുഖ്യമന്ത്രി പറഞ്ഞു. സർക്കാർ അധികാരം കവർന്നെടുക്കാൻ ശ്രമിച്ചു എന്ന് എന്തെങ്കിലും തെറ്റിദ്ധാരണ ഉണ്ടായെങ്കിൽ അത് മാറ്റാൻ ശ്രമിക്കും. സർക്കാരും ഗവർണരും ഏറ്റുമുട്ടുകയാണ് എന്നാണ് ചിലവർ പറയുന്നത്. ഗവർണറുമായി ഏറ്റുമുട്ടുക എന്ന നയമില്ല. ഗവർണർ പരസ്യമായി രംഗത്ത് വന്നതിനാലാണ് ഇപ്പോൾ ഈ വിശദീകരണം പോലും നടത്തേണ്ടിവന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഗവര്‍ണറും സര്‍ക്കാരും തമ്മില്‍ കത്തിലൂടെയും നേരിട്ടും പലഘട്ടത്തിലും ആശയവിനിമയം നടത്താറുണ്ട്. ഭരണതലത്തില്‍ ഉണ്ടാകാറുള്ള സാധാരണ പ്രക്രിയയാണ് അത്. ഇതില്‍നിന്ന് വ്യത്യസ്തമായ ചില കാര്യങ്ങള്‍ സംഭവിച്ചു. ചാന്‍സിലര്‍ കൂടിയായ ഗവര്‍ണറുടെ ചില പ്രതികരണങ്ങള്‍ വലിയ തോതില്‍ തെറ്റിദ്ധരിപ്പിക്കുംവിധം മാധ്യമങ്ങളില്‍ വാർത്തയായി. ഇത്തരമൊരു ഘട്ടത്തില്‍ പൊതുജനങ്ങള്‍ക്ക് മുന്നില്‍ വ്യക്തത വരുത്തേണ്ടത് സര്‍ക്കാരിന്റെ കടമയാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.