Type Here to Get Search Results !

ഗവർണർക്ക് സ്വസ്ഥമായി ജോലി ചെയ്യാൻ സാധിക്കുന്നില്ല ,പിന്നെ മറ്റുള്ള ഉദ്യോഗസ്ഥരുടെ കാര്യം ചിന്തിച്ചു കൂടെ ; കുറിപ്പ്

ഗവർണർ പിണറായി വിജയൻ governor Kerala arif Muhammed Khan pinarayi Vijayan

സംസ്ഥാനത്തെ ഗവർണർക്ക് സ്വസ്ഥമായി ജോലി ചെയ്യാൻ സാധിക്കുന്നില്ല...???


 പിന്നെ മറ്റുള്ള ഉദ്യോഗസ്ഥരുടെ കാര്യം ചിന്തിച്ചു കൂടെ!


 എനിക്ക് വ്യക്തിപരമായി പരിചയം ഉള്ള വ്യക്തിയാണ് അട്ടപ്പാടിയിലെ  മെഡിക്കൽ ഓഫീസർ ആയിരുന്ന ഡോക്ടർ പ്രഭുദാസ്. അട്ടപ്പാടിയിൽ ഞാൻ ജോലി ചെയ്തിരുന്ന കാലത്ത്  പലപ്പോഴും അദ്ദേഹവുമായി അവിടുത്തെ പ്രശ്നങ്ങളെപ്പറ്റി സംസാരിച്ചിട്ടുണ്ട്. അദ്ദേഹത്തെ പോലെ അട്ടപ്പാടിയിലെ ആദിവാസി വിഭാഗങ്ങളെ പറ്റി ആഴത്തിൽ മനസ്സിലാക്കിയ മറ്റൊരു മെഡിക്കൽ ഓഫീസർ  അവിടെ ഉണ്ടാകുമോ എന്ന് സംശയമാണ്.  ആരോഗ്യവകുപ്പ് കാണിച്ച ക്രമക്കേട് അദ്ദേഹം തുറന്നു കാണിക്കുകയുണ്ടായി. മാത്രമല്ല അവിടുത്തെ ആദിവാസി വിഭാഗങ്ങൾക്ക് ഓരോ ഊരുകളിലും സുപരിചിതനാണ് ഡോക്ടർ പ്രഭുദാസ്. അദ്ദേഹത്തിനെതിരെ മറ്റെന്തെങ്കിലും നടപടിയെടുത്താൽ അവിടെ പ്രതിഷേധം ഉണ്ടാകും ജനം ഇത് തിരിച്ചറിയുമെന്ന് അദ്ദേഹത്തെ സ്ഥലം മാറ്റി കളഞ്ഞത്. കോട്ടത്തറ ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രിക്ക് വേണ്ട  ഫണ്ട്  പെരിന്തൽമണ്ണയിൽ ഉള്ള, ഇഎംഎസ് സഹകരണ ആശുപത്രിക്ക്  വേണ്ടി വകമാറ്റി ചെലവഴിച്ചത് പിടിക്കപ്പെട്ടു. ന്യായീകരണ ക്യാപ്സൂളുകൾ വിലപ്പോയില്ല. സർക്കാരിന് നേരെ വിരൽ ചൂണ്ടുന്ന ഘട്ടത്തിൽ ഉടനെ സ്ഥലം മാറ്റുന്ന രീതി എൺപതുകളിലും തൊണ്ണൂറുകളിലും ഒക്കെ നമ്മൾ മലയാളസിനിമകളിൽ കണ്ടിട്ടുണ്ട്.


 അതിനേക്കാൾ കഷ്ടമാണ് ഈ സർക്കാരിന്റെ പ്രതികാരനടപടികൾ. പോലീസുകാർക്ക്  ഏതുനിമിഷവും തലയ്ക്കു മുകളിൽ തൂങ്ങുന്ന വാൾ ആണ് സസ്പെൻഷൻ അല്ലെങ്കിൽ സ്ഥലംമാറ്റം. സർക്കാരിനെതിരെ ഒരു ചെറുവിരലനക്കാൻ പോലും അവർക്ക് കഴിയില്ല. മാത്രമല്ല സർക്കാരിനു വേണ്ടപ്പെട്ടവരെ സംരക്ഷിക്കേണ്ടതും അത്യാവശ്യമാണ്.


 ഉദ്യോഗസ്ഥർക്ക് ആവട്ടെ സ്വന്തം അഭിപ്രായങ്ങൾ  സമൂഹമാധ്യമങ്ങളിൽ പോലും  പങ്കുവെക്കാൻ കഴിയാത്ത അവസ്ഥയാണ്. മന്ത്രിമാർ പ്രതിക്കൂട്ടിൽ ആകുമ്പോൾ ഉദ്യോഗസ്ഥരെ ബലിയാടാക്കുന്ന രീതിയാണ്  ഈ സമീപകാലത്ത് അടക്കം  ഘടകകക്ഷി മന്ത്രിമാർ പോലും ചെയ്യുന്നത്. പിന്നെ  സിപിഎമ്മിലേ മന്ത്രിമാരുടെ കാര്യം പറയണോ?


 ടി എൻ ശേഷൻ  തെരഞ്ഞെടുപ്പ് കമ്മീഷണർ ആയ കാലത്താണ്  തെരഞ്ഞെടുപ്പ് കമ്മീഷണർക്ക് എന്തൊക്കെ അധികാരമുണ്ടെന്ന് ജനം തിരിച്ചറിഞ്ഞത്. അതുപോലെ  ജസ്റ്റിസ് സദാശിവം സംസ്ഥാനത്ത് ഗവർണറായി വന്ന കാലത്താണ്  സർവകലാശാലകളുടെ ചാൻസിലർ ആയി ഗവർണറാണ് നിലകൊള്ളുന്നത് എന്ന സത്യം പലരും തിരിച്ചറിയുന്നത്. അതിനുശേഷം, ആരിഫ് മുഹമ്മദ് ഖാൻ  ബിജെപിയുടെ ദൗത്യവുമായിട്ടാണ് സംസ്ഥാനത്തേക്ക് വരുന്നത് എന്ന് ഞാൻ അടക്കം വിശ്വസിച്ചിരുന്നു. അദ്ദേഹം  കോൺഗ്രസ് സർക്കാരിനോട് പരസ്യമായ വിയോജിപ്പ് കാണിച്ച്  പ്രതിഷേധിച്ച വ്യക്തിയാണ്. പേരുകൊണ്ട് ഒരു മുസ്ലിം ആണെങ്കിലും  ഇസ്ലാം മതം നവീകരിക്കണമെന്ന് വാദിക്കുന്ന     ഒരാളാണ്. അതുകൊണ്ടുതന്നെ  സംഘപരിവാറിന്റെ അടുത്ത കടമ്പ ആയ യൂണിഫോം സിവിൽ കോഡ് നടപ്പിലാക്കുമ്പോൾ സംസ്ഥാനത്ത് ഉണ്ടാകുന്ന കൊടുങ്കാറ്റുകളെ ചെറുക്കാനുള്ള മതിൽ ആയിട്ടാണ് ആരിഫ് മുഹമ്മദ് ഖാനേ ഗവർണറായി മോദി സർക്കാർ പ്രതിഷ്ഠിച്ചത് എന്നായിരുന്നു ഇവിടെ ഏറ്റവുമധികം ഉയർന്നുവന്ന ഒരു ചർച്ച. അതു സത്യം  ആയിരിക്കാം. 


 സംഘി എന്നു വിളിച്ച് വ്യക്തിപരമായി ഗവർണറെ ഒരുപാട് ആക്ഷേപിച്ചു സർക്കാർ അനുകൂലികൾ. എന്നാൽ ഗവർണറും മുഖ്യമന്ത്രിയും തമ്മിലുള്ള സൗന്ദര്യ പിണക്കം ഒക്കെ മഞ്ഞുമല പോലെ ഉരുകി പോവുകയായിരുന്നു. ബജറ്റ് അവതരിപ്പിക്കുമ്പോൾ സർക്കാരിനെ പ്രചരിപ്പിച്ചപ്പോൾ ഗവർണർക്കെതിരെ കോൺഗ്രസുകാർ പോലും രംഗത്തുവന്നു. മറ്റൊരു ഘട്ടത്തിൽ ഗവർണറെ ഇവിടെ നിന്ന് നീക്കണമെന്ന് പോലും അവർ ആവശ്യപ്പെട്ടു.

 ആരിഫ് മുഹമ്മദ് ഖാൻ അപ്പോൾ സർക്കാരിന് പ്രിയപ്പെട്ടവനായി മാറുകയായിരുന്നു.


ഒരു സംസ്ഥാനത്തിന്റെ ഗവർണറെ അഞ്ച് വർഷത്തേക്ക് രാഷ്ട്രപതി നിയമിക്കുകയും അദ്ദേഹത്തിന് ഇഷ്ടമുള്ള സമയത്ത് ചുമതല വഹിക്കുകയും ചെയ്യുന്ന കുട്ടിയാണ് നമ്മുടെ നാട്ടിൽ ഉള്ളത്. 35 വയസ്സിന് മുകളിലുള്ള ഇന്ത്യൻ പൗരന്മാർക്ക് മാത്രമേ ഈ ഓഫീസിലേക്ക് നിയമനത്തിന് അർഹതയുള്ളൂ. അതുമാത്രമാണ് പിന്നെ ഒരു മാനദണ്ഡം ആയിട്ടുള്ളത്.  സംസ്ഥാനത്തിന്റെ എക്സിക്യൂട്ടീവ് അധികാരം ഗവർണറിൽ നിക്ഷിപ്തമാണ്. വർക്ക് രാഷ്ട്രീയം ഉണ്ടായിക്കൂടാ എന്നില്ല, പക്ഷേ ഇപ്പോഴത്തെ വിഷയത്തിൽ ആരിഫ് മുഹമ്മദ് ഖാൻ ആരോപിക്കുന്ന കാര്യങ്ങൾ വസ്തുതകൾക്ക് നിരക്കുന്നത് ആയതുകൊണ്ട് രാഷ്ട്രീയം തിരഞ്ഞ് അദ്ദേഹത്തെ മാറ്റിനിർത്തി ചാപ്പ കുത്തുക അല്ല ഇവിടെ ചെയ്യേണ്ടത്. 


 എന്നാൽ ഇപ്പോൾ, കഴിഞ്ഞ സർക്കാരിന്റെ കാലത്ത് തന്നെ തുടങ്ങിയ ഇവിടുത്തെ  സ്വജനപക്ഷപാതം അത്യുന്നതങ്ങളിൽ എത്തിനിൽക്കുകയാണ്. തങ്ങൾക്ക് വേണ്ടപ്പെട്ടവരെ സ്ഥാനമാനങ്ങൾ നൽകി തിരുകിക്കയറ്റാൻ ഉള്ള പാർട്ടിയുടെയും മുഖ്യമന്ത്രിയുടെയും താല്പര്യം പലയിടത്തും ചോദ്യം ചെയ്യപ്പെടുകയും ചെയ്തു. കഴിവും യോഗ്യതയും മുൻ അനുഭവവും ഉള്ള, യോഗ്യരായ ഉദ്യോഗസ്ഥരെ പിന്തള്ളിക്കൊണ്ട്  നേതാക്കളുടെ ഭാര്യമാരെ  യുജിസി മാനദണ്ഡങ്ങൾ പോലും പാലിക്കാതെ ചട്ടവിരുദ്ധമായി അധികാരസ്ഥാനങ്ങളിൽ പ്രതിഷ്ഠിച്ചതിനും കേരളം സാക്ഷ്യം വഹിച്ചു. പലപ്പോഴും തനിക്ക് ഇക്കാര്യത്തിലുള്ള വിയോജിപ്പ് ആരിഫ് മുഹമ്മദ് ഖാൻ ഒളിഞ്ഞും തെളിഞ്ഞും പറഞ്ഞിട്ടുണ്ട്.


 മാധ്യമങ്ങളും ഇത് പലവട്ടം ചർച്ച ചെയ്തുകഴിഞ്ഞു. ഇപ്പോൾ തന്നെ നിസ്സഹായത തുറന്നുപറഞ്ഞ് മാധ്യമങ്ങൾക്ക് മുമ്പിൽ നിൽക്കുന്നത് സംസ്ഥാനത്തെ ഗവർണർ ആണ്, അദ്ദേഹം വിരൽചൂണ്ടുന്നത് മുഖ്യമന്ത്രി എന്ന ഏകാധിപതിക്ക് നേരെയാണ്. ഇതിൽ രാഷ്ട്രീയമല്ല, സംസ്ഥാനത്തെ ഭരണ പ്രതിസന്ധി ആണ് നമ്മൾ ഉറ്റു നോക്കേണ്ടത്. ആഭ്യന്തരവകുപ്പ് അമ്പേ പരാജയപ്പെട്ടിരിക്കുന്നു സാഹചര്യമാണ് സംസ്ഥാനത്ത്. തലസ്ഥാനത്ത് ഗുണ്ടകൾ അഴിഞ്ഞാടുകയാണ്. കൊട്ടേഷൻ സംഘങ്ങൾ യുവാക്കളെ പട്ടാപ്പകല് രാത്രിയോ ഭേദമില്ലാതെ കശാപ്പു ചെയ്യുന്നു. സ്വർണക്കടത്തും നാർക്കോട്ടിക് ബിസിനസ്സുകളും നടത്താനുള്ള ഏറ്റവും നല്ല ഹബ്ബായി കേരളം മാറിക്കൊണ്ടിരിക്കുന്ന സാഹചര്യമാണ്.


 തുടക്കത്തിൽ വലിയ കുതിപ്പോടെ ഇരച്ച്  പായുന്ന അന്വേഷണങ്ങൾ ഒക്കെ എങ്ങുമെത്താതെ  പാതി  വഴിയിൽ  വറ്റിപ്പോകുന്ന കാഴ്ചയാണ് ഇവിടെ കാണുന്നത്. അത് കേന്ദ്ര സർക്കാരിന്റെ ഏജൻസി വന്നാലും ശരി, സംസ്ഥാന ഉദ്യോഗസ്ഥർ വിധേയരായിരുന്നു അന്വേഷിച്ചാലും ശരി.


 നിലവിൽ ഗവർണറുടെ ഈ അവസ്ഥയ്ക്ക് താൻ കാരണക്കാരൻ ആണെന്ന് മനസ്സിലാക്കി മുഖ്യമന്ത്രി ഒന്നുകിൽ രാജിവെച്ച് ഒഴിഞ്ഞു പോവുക. അല്ലെങ്കിൽ ഇതിന് കേരള സമൂഹത്തോട് മറുപടി പറയുക. സർവകലാശാലകളെ രാഷ്ട്രീയവൽക്കരിക്കാൻ വേണ്ടത് സ്ഥാനമാനങ്ങൾ നൽകി ആളുകളെ പ്രതീക്ഷിച്ചിട്ടല്ല. ആദർശം ഉള്ള രാഷ്ട്രീയം ആണെങ്കിൽ സർവകലാശാലകളിൽ വിദ്യാർത്ഥികൾ അതു നെഞ്ചിലേറ്റി നടക്കും. ജവഹർലാൽ നെഹ്റു യൂണിവേഴ്സിറ്റിയുടെ ഇടത് പാരമ്പര്യം  വൈസ് ചാൻസിലർമാരെ നിയമിച്ച് ഉണ്ടാക്കിയെടുത്തത് അല്ല.


 ഇങ്ങനെയാണ് പോക്കെങ്കിൽ, വലിയ പ്രത്യാഘാതങ്ങൾ ഈ സർക്കാർ നേരിടേണ്ടി വന്നേക്കും എന്നുറപ്പാണ്.


വാൽ:


കൊടി സുനിക്ക് വീണ്ടും പരോൾ കിട്ടിയത് കേൾക്കാത്തത് കൊണ്ട്, തൽക്കാലം മാഷാ അള്ളാ സ്റ്റിക്കർ ഒട്ടിച്ച ഇന്നോവ ആരിഫ് മുഹമ്മദ് ഖാൻ റെ വീട്ടുമുറ്റത്ത് തിരിയില്ല എന്ന് ആശ്വസിക്കാം. 


◾️ദിപിൻ ജയദീപ്