മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയൻസ് ഇൻഡസ്ട്രീസ് 736 മില്യൺ ഡോളർ(5500) കോടി വായ്പയെടുത്തു. നോർവീജിയൻ സോളാർ പാനൽ നിർമ്മാതാക്കളായ ആർ.ഇ.സി സോളാർ ഹോൾഡിങ്ങിനെ ഏറ്റെടുക്കുന്നതിനായാണ് വായ്പ. ഗ്രീൻ ലോൺ സംവിധാനത്തിലൂടെയാണ് റിലയൻസ് വായ്പയെടുക്കുന്നത്.
ആസ്ട്രേലിയ, ന്യൂസിലാൻഡ് ബാങ്കിങ് ഗ്രൂപ്പ്, ഡി.ബി.എസ് ബാങ്ക്, ക്രെഡിറ്റ് അഗ്രിഹോൾ, എച്ച്.എസ്.ബി.സി, എം.യു.എഫ്.ജി തുടങ്ങിയ ധനകാര്യ സ്ഥാപനങ്ങളാണ് റിലയൻസിനായി വായ്പ നൽകുക. ഇത്തരത്തിൽ മറ്റൊരു ധനകാര്യ സ്ഥാപനത്തെ ഏറ്റെടുക്കുന്നതിന് റിലയൻസ് ഇതാദ്യമായാണ് വായ്പയെടുക്കുന്നത്.
120 ബേസിക് പോയിന്‍റ് മുതൽ 125 ബേസിക് പോയിന്‍റ് വരെയായിരിക്കും വായ്പയുടെ പലിശനിരക്ക്. വായ്പയിൽ 250 മില്യൺ ഡോളർ ആറ് വർഷത്തേക്കുള്ള ടേം ലോണാണ്. 150 മില്യൺ സ്ഥാപനത്തിന്‍റെ വർക്കിങ് കാപ്പിറ്റലും. 460 മില്യൺ ഡോളർ അഞ്ച് വർഷത്തെ ബാങ്ക് ഗ്യാരണ്ടിയുമാണ്.
സോളാർ പാനൽ നിർമ്മാണ കമ്പനിയെ ഏറ്റെടുക്കാൻ റിലയൻസ് 5500 കോടി വായ്പയെടുക്കുന്നുഅതേസമയം, വായ്പയെടുക്കുന്ന വിവരം റിലയൻസ് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ബാങ്കുകളും ഇക്കാര്യത്തിൽ പ്രതികരിച്ചിട്ടില്ല. ഒക്ടോബർ 10ന് നോർവീജിയൻ സ്ഥാപനമായ ആർ.ഇ.സി സോളാറിനെ ഏറ്റെടുക്കാൻ റിലയൻസ് കരാറിൽ ഒപ്പിട്ടിരുന്നു. അന്ന് തന്നെ സ്റ്റർലിങ് ആൻഡ് വിൽസൺ സോളാറിന്‍റെ 40 ശതമാനം ഓഹരികൾ ഏറ്റെടുക്കാനുള്ള തീരുമാനവും റിലയൻസ് പ്രഖ്യാപിച്ചിരുന്നു.