Type Here to Get Search Results !

കമ്മ്യൂണിസ്റ്റുകാർക്ക് ഇവിടെ ആർഎസ്എസ് വേണം, അതിനെ ചൂണ്ടിക്കാണിച്ചുകൊണ്ട് വേണം അവർക്ക് വളരാൻ

കമ്മ്യൂണിസ്റ്റുകാർക്ക് ഇവിടെ ആർഎസ്എസ് വേണം, അതിനെ ചൂണ്ടിക്കാണിച്ചുകൊണ്ട് വേണം അവർക്ക് വളരാൻ

കമ്മ്യൂണിസ്റ്റുകാർക്ക് ഇവിടെ ആർഎസ്എസ് വേണം, അതിനെ ചൂണ്ടിക്കാണിച്ചുകൊണ്ട് വേണം അവർക്ക് വളരാൻ എന്നാണ് അവർ ഇപ്പോഴും കരുതുന്നത്. വളർന്നു പടർന്നു  കേരളത്തിൽ മാത്രമായി ഒതുങ്ങിയപ്പോഴും ആ രീതി തന്നെ അവർ തുടരുന്നു.


 ആർഎസ്എസിന് വളരാൻ ജിഹാദികൾ വേണം, അതിനെ ചൂണ്ടിക്കാട്ടിയാണ് അവർ ഹിന്ദുക്കളെ മുഴുവൻ സംഘടിതരാകാൻ പ്രേരിപ്പിക്കുന്നത്. മൃഗീയ ഹിന്ദു ഭൂരിപക്ഷമുള്ള നേപ്പാളിൽ  ആർഎസ്എസ് പോലെ ഒരു സംഘടനയ്ക്ക് സ്വാധീനം കിട്ടാത്തതിന്റെ കാര്യം, ഇതുതന്നെയാണ്. അവിടെ അവിടുത്തെ ഹിന്ദുക്കൾ അരക്ഷിതർ ആണ് എന്നും അവർക്ക് ഭീഷണിയായി  ഒരു കൂട്ടരുണ്ട് എന്നും ചൂണ്ടിക്കാണിക്കാൻ ആരും തന്നെ ഇല്ല. 


പുരാതനമായ ഏതോ കാലഘട്ടത്തെ മഹത്വവത്കരിച്ച് കൊണ്ട് അതിന്റെ സംസ്കാരത്തിലേക്ക് തിരിച്ചു വരാൻ ആളുകളെ ആഹ്വാനം ചെയ്യുന്ന രീതിയാണ് തീവ്ര വലതുപക്ഷ ആശയധാര യുള്ള പ്രസ്ഥാനങ്ങൾ സ്വീകരിക്കുക.


ഇന്ത്യയിൽ  രാഷ്ട്രീയ സ്വയംസേവക സംഘം അത്തരത്തിലുള്ള ഒരു പ്രസ്ഥാനമാണ്. അവരുടെ അടിസ്ഥാനപരമായ  ലക്ഷ്യം എന്ന് പറയുന്നത് ഹിന്ദുത്വമുള്ള ഭാരതം എന്നത് മാത്രമാണ്. അവർ ഉദ്ദേശിക്കുന്ന രാഷ്ട്ര പരമ വൈഭവം അത് തന്നെയാണ്. എന്നാൽ ഭാഷാപരമായും സാംസ്കാരികമായും ചിതറിക്കിടക്കുന്ന ഇന്ത്യ പോലൊരു രാജ്യത്ത്  അടുത്ത നൂറ്റാണ്ടിൽ ഒന്നും അങ്ങനെ ഒരു ലക്ഷ്യം കൈവരിക്കാൻ അവർക്കെന്നല്ല ആർക്കും സാധിക്കില്ല.


 അതുകൊണ്ടാണ്  ഭാരതീയ ജനതാ പാർട്ടി ഉപയോഗിച്ച്  പാർലമെന്ററി അധികാരം കയ്യടക്കുക എന്ന ലക്ഷ്യത്തിലേക്ക് ആർഎസ്എസ് തിരിഞ്ഞത്. അതുവഴി  രാജ്യത്തെ തങ്ങളുടെ വരുതിയിലാക്കാൻ അവർക്ക് സാധിക്കും. അതിന് അവരെ ഏറ്റവുമധികം സഹായിച്ചത് കേവല ഭൂരിപക്ഷത്തോടെ അധികാരത്തി ലേറിയപ്പോൾ അവർക്ക്  എതിരാളികളായി ആരും പ്രതിപക്ഷ നിരയിൽ ഇല്ലായിരുന്നു എന്നതാണ്.


 നൂറു കൊല്ലം മുമ്പ് ആർഎസ്എസിന്റെ സ്ഥാപന കാലത്ത് ഹിന്ദുമതം നശിക്കാൻ കാരണമായേക്കുമെന്ന് മാധവ സദാശിവ ഗോൾവാൾക്കർ  കണ്ടെത്തിയ കാര്യങ്ങൾ  വിചാരധാരയിൽ കുറിച്ചു. ക്രിസ്ത്യൻ-മുസ്ലിം സെമിറ്റിക് മതങ്ങളുടെ പരിവർത്തനം ഹിന്ദു ജനസംഖ്യ  കുറയാൻ സാരമായി ബാധിക്കുമെന്നും, രാഷ്ട്ര നവ നിർമ്മാണത്തിനും ദേശീയ വാദി പ്രസ്ഥാനത്തിനും ഒപ്പം നിൽക്കേണ്ട യുവാക്കൾ സോഷ്യലിസത്തിനും കമ്മ്യൂണിസത്തിനും ഒപ്പം പോകുമ്പോൾ  ദേശീയവാദം ഇല്ലാതാവുകയും അത്  രാഷ്ട്ര നിർമ്മാണം എന്ന ആർഎസ്എസിന്റെ പദ്ധതിക്ക് വിഘാതം സൃഷ്ടിക്കുകയും ചെയ്യും എന്ന് കരുതി കമ്യൂണിസ്റ്റുകാർക്കും എതിരായിരുന്നു അവർ.


 അത് നൂറു കൊല്ലം മുമ്പത്തെ കഥ. ഇപ്പോൾ ഇതിന് മാറ്റം വന്നു. ആർഎസ്എസിന്റെ ഇപ്പോഴത്തെ മുഖ്യ ശത്രുക്കൾ മൂന്നു കൂട്ടരാണ്.


ഒന്ന് : വിഘടനവാദികൾ


 രാജ്യത്തിനകത്ത് പലയിടത്തും ഉടലെടുക്കുന്ന വിഘടനവാദം, ഒരു ഏകീകൃത ഹിന്ദുരാഷ്ട്രം എന്ന ആർഎസ്എസിന്റെ സ്വപ്നത്തിന് എപ്പോഴും ഭീഷണിയാണ്. കാശ്മീർ, ഖലിസ്ഥാൻ, ബോഡോലാൻഡ്, അരുണാചൽ പ്രദേശ്... തുടങ്ങിയ അനവധി വിഘടന സാധ്യതകൾ ഇന്ത്യയിൽ നിലനിൽക്കുമ്പോൾ ആർഎസ്എസിന് ഉള്ള ഒന്നാമത്തെ ഭീഷണി അത് തന്നെയാണ്. അതുകൊണ്ടുതന്നെ അവർ  പ്രാഥമിക ശത്രുക്കളായി ഇപ്പോൾ കരുതുന്നത് വിഘടനവാദികളെ ആണ്.


രണ്ട്: ജിഹാദികൾ


 അന്താരാഷ്ട്രതലത്തിൽ  ഏറ്റവുമധികം ശ്രദ്ധിക്കപ്പെടുന്ന ഒരു പേരാണ് ജിഹാദ്. ഇസ്ലാം മതം അതിന്റെ ആത്യന്തിക ലക്ഷ്യത്തിലേക്ക്, അതായത് ഇസ്ലാമിക രാഷ്ട്ര സങ്കൽപത്തിലേക്ക് നയിക്കാൻ ഉപയോഗിക്കുന്ന ഒരു ടൂൾ ആണ് ജിഹാദ് എന്നത് ലോകം  ചർച്ച ചെയ്യുന്ന കാലമാണിത്. 1671 ൽ ഔറംഗസേബ് ന്റെ ജസിയ പിരിക്കലിന് എതിരെ സംഘടിച്ച ഹിന്ദുത്വവാദികളുടെ  അന്നും ഇന്നും എന്നും ഉള്ള ശത്രുക്കളാണ് ജിഹാദികൾ. അവർക്ക് മാറ്റമില്ലാത്ത ഒരേയൊരു ശത്രു ജിഹാദികൾ മാത്രമാണ്.


 ജിഹാദിനെ തള്ളിപ്പറയുന്ന മുസ്ലീങ്ങളെ അവർക്ക് പ്രിയമാണ്. അവരെയാണ് ദേശീയ മുസ്ലീങ്ങൾ എന്നൊക്കെ വിളിച്ച് അഭിനന്ദിക്കാറുള്ളത്. ജിഹാദ് എന്നാൽ ഇസ്ലാമിക  മതമൗലികവാദമാണ് എന്ന് പറയുമ്പോൾ, ഹിന്ദുത്വ മൗലികവാദികൾ ആയ ആർഎസ്എസ് ഇന്ത്യയ്ക്ക്  ഒരിക്കലും യോജിച്ച സംഘടനയല്ല എന്ന സത്യം പലരും തിരിച്ചറിയുന്നില്ല.


മൂന്ന് : സ്വതന്ത്ര ചിന്തകർ/ പുരോഗമനവാദികൾ


 അവരുടെ ഭാഷയിൽ പറഞ്ഞാൽ പാശ്ചാത്യരെ അനുകരിക്കുന്നവർ, ദേശീയത വിരുദ്ധർ, അർബൻ നക്സലൈറ്റുകൾ എന്നൊക്കെ പറയാം.


 പണ്ട് ആഭ്യന്തര ശത്രുവായി കരുതിയിരുന്ന കമ്മ്യൂണിസ്റ്റുകാർ ഇന്ന് ആർഎസ്എസിന് ഒരു ഭീഷണിയല്ല. വിരലിലെണ്ണാവുന്ന  SUCI,CPIML പോലെ വളരെ നാമമാത്രമായ ചില പാർട്ടികൾ മാത്രമാണ് കമ്മ്യൂണിസ്റ്റുകാർ എന്ന് പറയാൻ ഉള്ളത്. സിപിഐയും സിപിഎമ്മും ഒക്കെ  പണ്ടത്തെ സമരങ്ങളുടെ ചരിത്രവും പാരമ്പര്യവും പറഞ്ഞും രക്തസാക്ഷികളുടെ എണ്ണം കൂട്ടിയും  നിലനിൽപ്പിനുവേണ്ടി പാടുപെടുകയാണ്. അതുമാത്രമല്ല ഒരു നൂറ്റാണ്ട് മുമ്പ് ഇന്ത്യയിൽ  കമ്മ്യൂണിസം  പിച്ച വെക്കുന്ന കാലത്ത്  അത് മതങ്ങളിൽ നിന്നും അകന്നു നിന്നിരുന്ന തീർത്തും പുരോഗമനപരമായ ആശയങ്ങളെ പ്രതിനിധാനം ചെയ്യുന്ന  പ്രസ്ഥാനമായിരുന്നു. എന്നാൽ ഇന്ന് നിലനിൽപ്പിനുവേണ്ടി മതങ്ങളോട് ഏതറ്റംവരെയും വിട്ടുവീഴ്ച ചെയ്യാനും, വോട്ടുബാങ്ക് നിലനിർത്താൻ മതപ്രീണനം നടത്താനും യാതൊരു മടിയുമില്ലാത്ത നിലവാരത്തിലേക്ക് കമ്മ്യൂണിസ്റ്റ് പാർട്ടികൾ മാറിയതോടെ  അവർ  ആർഎസ്എസിന് ഒരു ഭീഷണിയെ അല്ലാതായി.


 "അതാ യൂപിയിലേക്ക് നോക്കൂ...."


 എന്ന് കേരളത്തിലെ മുസ്ലീങ്ങളോട്  സിപിഎം ആഹ്വാനം ചെയ്യുന്നതുപോലെ,


" അതാ ഒറീസയിലേക്ക് നോക്കൂ... " എന്ന് ക്രിസ്ത്യാനികളോടും ആഹ്വാനം ചെയ്തു തുടങ്ങി. കാരണം കേരളത്തിൽ വളരുന്നതും ഏറ്റവും കരുത്തുള്ളതുമായ വോട്ട് ബാങ്ക് മുസ്ലീം വോട്ട് ബാങ്ക് ആണെന്ന് സിപിഎം തിരിച്ചറിഞ്ഞത് കൊണ്ട് അവരെ പ്രീണിപ്പിക്കാൻ കഴിവിനെ പരമാവധി ശ്രമിച്ചു കൊണ്ടിരിക്കുകയാണ്. വാണിജ്യരംഗത്ത് ക്രൈസ്തവർ പിന്നോക്കം പോയതും, അതോടൊപ്പം രാഷ്ട്രീയമായും, സാമ്പത്തികമായും  തങ്ങൾ പിന്നിലാണെന്ന അരക്ഷിതബോധവും ക്രൈസ്തവ ജനസംഖ്യ ഇതര വിഭാഗങ്ങളെ അപേക്ഷിച്ച് വളർച്ച നിരക്കിലും പിന്നിലാണ് എന്ന സത്യവും അവരെ വല്ലാതെ ഭീതിപ്പെടുത്തുന്ന വസ്തുതകളാണ്. യുഡിഎഫ് സർക്കാർ ഭരണകാലത്ത്  അവർക്ക് ലഭിക്കുന്ന പ്രിവിലേജ്കൾ എൽഡിഎഫ് ഭരണകാലത്ത് ലഭിക്കുന്നില്ല എന്നതും  ഒരു വോട്ട് ബാങ്ക് എന്ന നിലയിൽ വേണ്ടത്ര പരിഗണന ക്രൈസ്തവർക്ക് ഇടതുപക്ഷം കൊടുക്കുന്നില്ല എന്നതും  അവരെ സംഘപരിവാർ പോലുള്ള ചെടികളിലേക്ക് കൂടുതൽ ആകൃഷ്ടരാകാൻ പ്രേരിപ്പിക്കുന്നുണ്ട്. അതിന്റെ ഫലമാണ് നാർക്കോട്ടിക് ജിഹാദ്, ലൗ ജിഹാദ്, പോലുള്ള കുന്തമുനകൾ.


 അതുകൊണ്ട് അവരെ  എങ്ങനെയെങ്കിലും തങ്ങൾക്ക് ചുറ്റും അണിനിരത്താനുള്ള ശ്രമത്തിന് ഭാഗമാണ് ഈ ചൂണ്ടിക്കാട്ടൽ. അല്ലാതെ ഒറീസയുടെ സ്ഥിതി ഒരിക്കലും കേരളത്തിൽ വരില്ല. 


 ആവർത്തനവിരസതയുള്ള  കുറേ  ക്ലീഷേ  മുദ്രാവാക്യങ്ങൾ അല്ലാതെ ശാസ്ത്രബോധം വളർത്താനോ, പുരോഗമന പ്രസ്ഥാനങ്ങളെ പിന്തുണയ്ക്കാനോ, എന്തിന് തങ്ങളുടെ അടിസ്ഥാന തത്വം സംഹിത യായ മാർക്സിസവും ലെനിനിസവും പുതിയ തലമുറയെ  പഠിപ്പിക്കാനോ പോലും ഇപ്പോഴത്തെ കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് കഴിയുന്നില്ല.


 മതം പഠിക്കാൻ ബുദ്ധി ഉറയ്ക്കും മുമ്പേ പോകുന്ന കുഞ്ഞുങ്ങൾക്ക് സ്കൂളിൽ പഠിക്കുന്ന ശാസ്ത്രം ആണോ, മതം പഠിപ്പിക്കുന്ന മിഥ്യയാണോ അതോ യൗവനയുക്തരാകുമ്പോൾ  ഉപരിപ്ലവമായി അവർ ഏറ്റിക്കൊണ്ട് നടക്കുന്ന കമ്മ്യൂണിസ്റ്റ് ചെങ്കൊടി ആണോ ഏറ്റവും വലുത്?


പേരിലും  ആപ്തവാക്യങ്ങളിലും മതാധിഷ്ഠിതമല്ലാത്ത എന്നാൽ മതബോധം ഉള്ളവരുടെ ഒരു കൂട്ടായ്മയാണ് ഭാവിയിൽ ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടികൾ ഉണ്ടാവുക. കേരളത്തിൽ അതിന്റെ അടിത്തറ പൂർണമായും പണിതു കഴിഞ്ഞു. അതുകൊണ്ടുതന്നെ  രാഷ്ട്രീയ സ്വയംസേവക സംഘം  എന്ന പ്രസ്ഥാനത്തെ പ്രതിരോധിക്കാൻ  ഇവിടെ ഇടതുപക്ഷം സജ്ജം അല്ല. ആത്മാർത്ഥതയില്ലാത്ത ഇടതുപക്ഷത്തിന് ഒന്നിനെയും പ്രതിരോധിക്കാൻ കഴിയില്ല എല്ലാത്തിനെയും പ്രീണിപ്പിക്കാൻ മാത്രമേ കഴിയൂ.


 നിലവിലെ ഇന്ത്യക്ക് ആവശ്യം സോഷ്യലിസ്റ്റ് ചിന്താഗതിയുള്ള പുരോഗമന ബോധമുള്ള, ശാസ്ത്രാവബോധം ഉള്ള യുവാക്കളെയാണ്. അല്ലാതെ  ഭൂതകാല ചരിത്രത്തിൽ ഊറ്റംകൊള്ളുന്ന, വർത്തമാനകാലത്തിൽ ഒന്നും തന്നെ എടുത്തു പറയാനില്ലാത്ത ഊതിവീർപ്പിച്ച ഇസങ്ങളും ഭൂരിപക്ഷ-ന്യൂനപക്ഷ  മതമൗലികവാദ ങ്ങളും അല്ല.


◾️ദിപിൻ ജയദീപ്