ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജില്‍ വനിതാ ഡോക്ടറെ കയ്യേറ്റം ചെയ്ത സംഭവത്തില്‍ മന്ത്രി സജി ചെറിയാന്‍റെ ഗൺമാന്‍ അനീഷ് മോന് സസ്പെന്‍ഷന്‍. വിഷയത്തില്‍ വിശദമായ അന്വേഷണം നടത്താനും നിർദേശമുണ്ട്. ഡ്യൂട്ടിക്കിടെ തന്നെ അനീഷ് മോന്‍ മർദിച്ചെന്നായിരുന്നു വനിത ഡോക്ടറുടെ പരാതി. മെഡിക്കല്‍ കോളേജ് ഹൗസ് സർജൻ ജൂമീന ഗഫൂറാണ് ഡിസംബർ 13 തിങ്കളാഴ്ച പരാതിയുമായി രംഗത്തെത്തിയത്.
ശ്വാസം മുട്ടലിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന അനിഷ് മോന്റെ പിതാവ് മരിച്ചതുമായ ബന്ധപ്പെട്ടുണ്ടായ തർക്കത്തെത്തുടർന്നായിരുന്നു മർദ്ദനം. ആരോഗ്യനില വഷളായതോടെ രോഗിയെ വാര്‍ഡില്‍ നിന്ന് മാറ്റുന്നതിനിടെയാണ് ശനിയാഴ്ച അനീഷ് മോന്‍ ആശുപത്രിയില്‍ എത്തിയത്. രാത്രിയോടെ പിതാവ് മരിച്ചു.
തുടർന്നുണ്ടായ വാക്കേറ്റമുണ്ടാകുകയും പൊലീസ് ഉദ്യോഗസ്ഥന്‍ മർദിക്കുകയുമായിരുന്നു എന്നാണ് പരാതി. തുടർന്ന് ഡോക്ടറുടെ പരാതിയില്‍ അനീഷ് മോനെതിരെ അമ്പലപ്പുഴ പൊലീസ് ജാമ്യമില്ലാ വകുപ്പുപ്രകാരം കേസെടുക്കുകയും ചെയ്തിരുന്നു.