Type Here to Get Search Results !

ഒരുപിടി മികച്ച നാടകഗാനങ്ങളും സിനിമാഗാനങ്ങളും മലയാളിയ്ക്ക് സമ്മാനിച്ച ജനപ്രിയ ഗായകന്‍ തോപ്പില്‍ ആന്റോ അന്തരിച്ചു

Singer Anto

പ്രശസ്ത ഗായകന്‍ തോപ്പില്‍ ആന്റോ അന്തരിച്ചു. 81 വയസ്സായിരുന്നു പ്രായം. കൊച്ചി ഇടപ്പള്ളിയിലെ വീട്ടില്‍ വച്ചായിരുന്നു അന്ത്യം. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്നാണ് അന്ത്യം. ആയിരത്തിലേറെ നാടകഗാനങ്ങളും ഒരുപിടി മികച്ച സിനിമാഗാനങ്ങളും ആന്റോ മലയാളികള്‍ക്ക് സമ്മാനിച്ചിട്ടുണ്ട്.


സി.ജെ തോമസിന്റെ ‘വിഷവൃക്ഷം’ നാടകത്തിലൂടെയാണ് ആന്റോ പിന്നണി ഗായകനായത്. പിന്നീട് മാള മഹാത്മാ തീയറ്റേഴ്സ്, ചാലക്കുടി സൈമ തീയറ്റേഴ്സ്, എന്‍.എന്‍ പിള്ളയുടെ നാടക സമിതി, കായംകുളം പീപ്പിള്‍സ് തീയറ്റേഴ്സ് എന്നിങ്ങനെ നാടക ഗാനങ്ങളുടെ സ്വരമായി.

യേശുദാസ് ആദ്യമായി പാടിയ സിനിമയായ ‘കാല്‍പ്പാടുകള്‍’ സംവിധാനം ചെയ്ത കെ.എസ് ആന്റണിയാണ് ആന്റോയ്ക്ക് സിനിമാ പിന്നണി ഗായകനായി ആദ്യ അവസരം നല്‍കിയത്. ‘ഫാദര്‍ ഡാമിയന്‍’ എന്ന ആദ്യ ചിത്രത്തില്‍ ബാബുരാജായിരുന്നു സംഗീത സംവിധായകന്‍.

പിന്നീട് എം.കെ. അര്‍ജുനന്‍, ദേവരാജന്‍, കെ.ജെ. ജോയ് തുടങ്ങിയ പ്രതിഭകളുടെ സംഗീത സംവിധാനത്തില്‍ പാടാന്‍ കഴിഞ്ഞു. ”മധുരിക്കും ഓര്‍മകളേ…” എന്ന ഹിറ്റ് നാടകഗാനം സി.ഒ ആന്റോയാണ് ആദ്യം പാടിയതെങ്കിലും അദ്ദേഹം സിനിമയിലേക്ക് പോയതോടെ ആ ഗാനം ഒട്ടേറെ വേദികളില്‍ തോപ്പില്‍ ആന്റോ അവതരിപ്പിച്ചു. ഒട്ടേറെ പുതിയ ഗായകരെ തന്റെ ട്രൂപ്പായ ‘കൊച്ചിന്‍ ബാന്‍ഡോറി’ലൂടെ ആന്റോ കേരളത്തിന് സമ്മാനിച്ചിട്ടുമുണ്ട്.