Type Here to Get Search Results !

പെൺകുട്ടികളുടെ വിവാഹ പ്രായം ; സ്ത്രീകളുടെ വിഷയം ചർച്ച ചെയ്യുമ്പോൾ എങ്കിലും പുരുഷൻമാരെ മാറ്റിനിർത്തി കൂടെ ?

Girls wedding Marriage age India

ഒടുവിൽ പ്രതീക്ഷിച്ചത് തന്നെ സംഭവിച്ചു...


സ്ത്രീകളുടെ വിവാഹ പ്രായം കൂട്ടി പുരുഷന്റെ ഒപ്പം ആക്കിയപ്പോൾ ഭരണ  പക്ഷത്തിനെതിരെ പ്രതിപക്ഷം ഒന്നും പറഞ്ഞില്ല. പക്ഷേ ഇത് രണ്ടും അല്ലാത്ത ഒരു പക്ഷമുണ്ട് ഈ രാജ്യത്ത്. അതാണ് ഇവിടുത്തെ 'എതിർപക്ഷം'.


എന്ത് സംവിധാനം കേന്ദ്ര  സർക്കാർ കൊണ്ടുവന്നാലും അതിനെ എതിർക്കുക എന്നത് മാത്രം പോളിസി ആക്കിയ ഒരു പക്ഷം. അവർ ഇതിനെതിരെ രംഗത്തുണ്ട്. സ്ത്രീകളെ സംബന്ധിച്ച് എന്ത് നിയമം വന്നാലും ആദ്യം ഹാലിളകി തുള്ളുന്ന  ചില മുസ്ലിം സംഘടനകൾ ഉണ്ട് കേരളത്തിൽ. അവരുടെ നിലപാട് എന്താണ് എന്ന് കേട്ട പാതി കേൾക്കാത്ത പാതി 'എതിർപക്ഷം ' എന്ന ടീമുകൾ  സജീവമായി അങ്ങ് ഇറങ്ങും.


ബിജെപി എന്താണെന്നും, നരേന്ദ്ര മോദി ആരാണെന്നും, കേന്ദ്രസർക്കാർ ഏതുതരത്തിലുള്ള ഒരു സർക്കാരാണെന്നും ഒക്കെ ഇവിടെ എല്ലാവർക്കും അറിയാം. അതിന് ഓരോരുത്തരുടെ ചെവിയിലും കൂകി അറിയിക്കേണ്ട കാര്യമൊന്നുമില്ല...


എന്നാൽ, രാജ്യത്തെ ഓരോ നിയമങ്ങളും  ആരു കൊണ്ടു വരുന്നു എന്ന് നോക്കിയല്ല, എന്താണ് ആ നിയമം കൊണ്ട് ഉദ്ദേശിക്കുന്നത് എന്താണ് അതിന്റെ പരിണിതഫലങ്ങൾ, എന്തെങ്കിലും പ്രത്യാഘാതം അതുമൂലം ഉണ്ടാകുമോ തുടങ്ങിയ കാര്യങ്ങളാണ് നമ്മൾ ചർച്ച ചെയ്യേണ്ടത്.  യഥാർത്ഥത്തിൽ എതിർക്കപ്പെടേണ്ട ഒരുപാട് കാര്യങ്ങളുണ്ട് കേന്ദ്ര സർക്കാരിന്റെ പക്കൽ, അതേസമയം പലതും ചില ഭേദഗതികൾ വരുത്തിയാൽ രാജ്യത്തിന് മുതൽക്കൂട്ടാവുന്ന കാര്യങ്ങളുമാണ്. എന്നാൽ കണ്ണുംപൂട്ടി എല്ലാത്തിനെയും എതിർക്കുക എന്ന രീതി  ആണ് എതിർപക്ഷം എപ്പോഴും സ്വീകരിച്ചു കാണുന്നത്.


അസഹിഷ്ണുത, ഫാസിസം, ഭൂരിപക്ഷം - ന്യൂനപക്ഷം  എന്നിവയാണ് ഇവർ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന പദങ്ങൾ.


മതമൗലികവാദം, ലിംഗസമത്വം, LGBTQ അവകാശം,സ്വതന്ത്ര ചിന്ത, ശാസ്ത്രബോധം  തുടങ്ങി സമൂഹത്തിന് ഉപകാരപ്പെടുന്ന  വാക്കുകൾ ഇവരുടെ ചിന്തയിൽ ഒരിക്കലും കടന്നുവരാറില്ല. എന്നുമാത്രമല്ല ഇതിനെയൊക്കെ എതിർക്കാൻ കിട്ടുന്ന അവസരങ്ങൾ പരമാവധി ഇവർ പ്രയോജനപ്പെടുത്തുകയും ചെയ്യും.


എന്നിട്ടും പുരോഗമനക്കാർ... എന്ന വിളിയാണ് സഹിക്കാൻ വയ്യാത്തത് 😄


ഇതിനൊക്കെ പിന്നിൽ മത വോട്ടുബാങ്ക് ആണ് ലക്ഷ്യം എന്ന് എല്ലാവർക്കുമറിയാം.


ആരു രാജ്യം ഭരിച്ചാലും ഇവർ ഭരിക്കുന്നവർക്ക് എതിരാണ്. അവരുടെ കാലം കഴിഞ്ഞു മറ്റൊരാൾ വരുമ്പോൾ മുമ്പ് ഉള്ളവർ ശരിയായിരുന്നു എന്നൊക്കെ പറയും. ഭരിക്കുന്ന കാലത്ത് അവരെടുക്കുന്ന എന്ത് തീരുമാനങ്ങൾക്കും എതിരായി സമരം നടത്തും.


ഉദാഹരണത്തിന്, മൻമോഹൻ സിംഗ് ഭരിച്ച കാലത്ത്  അജ്മൽ കസബിനെ തൂക്കിക്കൊന്നപ്പോൾ അതിനെതിരെ പ്രതിഷേധിച്ചു ഇവർ. അന്ന് മൻമോഹൻസിംഗ് കൊള്ളരുതാത്തവൻ ആയിരുന്നു. പിന്നീട് മോദി വന്നപ്പോൾ, മൻമോഹൻ സിംഗ് മാത്രമല്ല  അതിനുമുൻപ് ഭരിച്ച അടൽ ബിഹാരി വാജ്പേയ്, തീവ്ര വർഗീയതയുടെ വക്താവായ ലാൽ കൃഷ്ണ അദ്വാനി  പോലും ഇവർക്ക് നല്ലവനായി!


എപ്പോഴും രാജ്യത്തിന് 'എതിർപക്ഷം' ആയി നിലകൊള്ളുന്ന ഇവരുടെ  ഏറ്റവും പ്രധാന ആയുധം  ഇരവാദം ആണ്. ഒന്നിന് പത്തായും പത്തിന് നൂറ് ആയും നൂറിനെ ആയിരമായും പെരുപ്പിച്ച്  ഇവർ സമൂഹത്തിൽ പ്രചരിപ്പിച്ചു കൊണ്ടേയിരിക്കും.


സത്യത്തിൽ അറപ്പ് തോന്നുന്നു ഇവർ ചാനൽ ചർച്ചയിൽ വന്നിരുന്നു  കൊണ്ട് ബാലിശമായ കാരണങ്ങൾ നിരത്തി  സ്ത്രീകളുടെ വിവാഹപ്രായത്തെ  18 വയസ്സിൽ തന്നെ  തിരികെ കൊണ്ടുവരണമെന്ന് വാദിക്കുന്നത് കേൾക്കുമ്പോൾ.


മറ്റൊരു തമാശ,  മത സംഘടനകളുടെ പ്രതിനിധികൾ ആയി  ഒരൊറ്റ സ്ത്രീ പോലും പൗരോഹിത്യ പദവിയിൽ ഇരുന്നുകൊണ്ട് ചർച്ചയിൽ പങ്കെടുക്കാൻ ഇക്കാലം വരെ വന്നു കണ്ടിട്ടില്ല. എന്തായിരിക്കും അതിന്റെ കാരണം എന്ന് പറയേണ്ടതില്ലല്ലോ?


അഡ്വക്കേറ്റ് ആശാ ഉണ്ണിത്താൻ  വളരെ കൃത്യമായി ഇന്ന് ചാനൽ ചർച്ചയിൽ പറഞ്ഞ കാര്യങ്ങൾ  ഒരു സ്വതന്ത്രചിന്തകയുടെ പക്വതയും ഗൗരവവും ഉള്ള വാക്കുകൾ ആയിട്ടാണ് ഞാൻ കണ്ടത്. സാധാരണ ഇത്തരം മതം വിഷയമാകുന്ന ചാനൽ ചർച്ചകളിൽ പോലും  കേരളത്തിലെ പ്രമുഖ നാസ്തിക,യുക്തിവാദി, സ്വതന്ത്ര ചിന്തകരെയോ എക്സ് മുസ്ലിം സംഘടനകളുടെ പ്രതിനിധികളെയും ഒന്നും ക്ഷണിച്ചു കാണാറില്ല. ഏതു ചർച്ചകൾക്കും കണ്ടു പരിചിതമായ കുറെ മുഖങ്ങൾ മാത്രം.അവരുടെ ഉള്ളിൽ നിന്നും വരുന്നത് എന്താണെന്നും എത്രമാത്രം അവർക്ക് പറയാൻ കഴിയുമെന്നും ചാനൽ ചർച്ച തുടങ്ങും മുമ്പേതന്നെ പ്രേക്ഷകർക്ക് മനസ്സിലാകും.


ഇതൊന്നും വേണ്ട കുറച്ചു സാധാരണക്കാരായ പെൺകുട്ടികളെ, കുറച്ചു വീട്ടമ്മമാരെ  ഒക്കെ ഈ ചർച്ചകളിൽ ഉൾപ്പെടുത്തി കൂടെ? സ്ത്രീകളുടെ വിഷയം ചർച്ച ചെയ്യുമ്പോൾ എങ്കിലും പുരുഷൻമാരെ മാറ്റിനിർത്തി കൂടെ? 


തൽക്കാലം നിലാവ് നോക്കി കുറെ കുറുക്കന്മാർ  കുത്തിയിരുന്നു കൂവട്ടെ!


◾️ദിപിൻ ജയദീപ്