Type Here to Get Search Results !

രാജ്യത്തെ നിയമം സ്ത്രീകൾക്ക് പരിരക്ഷ നൽകുന്നത് ഒരു കാരണവശാലും ദുരുപയോഗം ചെയ്യപ്പെടാൻ ഇടയാകരുത് ; കുറിപ്പ് ദിപിൻ ജയദീപ്

രാജ്യത്തെ നിയമം  സ്ത്രീകൾക്ക് പരിരക്ഷ നൽകുന്നത്  ഒരു കാരണവശാലും ദുരുപയോഗം ചെയ്യപ്പെടാൻ ഇടയാകരുത്

ഇക്കഴിഞ്ഞ വ്യാഴാഴ്ച രാത്രി പാലക്കാട് ചിറ്റൂർ നിന്നും എറണാകുളം വരെ  KSRTC സൂപ്പർഫാസ്റ്റ് ബസ്സിൽ യാത്ര ചെയ്യേണ്ടി വന്നിരുന്നു. ചിറ്റൂരിൽ നിന്നും തിരുവനന്തപുരം വരെ പോകുന്ന ബസ് ആയിരുന്നു. ഞാനടക്കം  നാലഞ്ചു യാത്രക്കാർ മാത്രമേ  പുറപ്പെടുമ്പോൾ ബസ്സിൽ ഉണ്ടായിരുന്നുള്ളൂ. രാത്രി 7.30ന് ആണ് ചിറ്റൂർ ഡിപ്പോയിൽ നിന്നും ബസ് യാത്ര തുടങ്ങിയത്.


 തൃശ്ശൂർ എത്തിയതോടെ  ബസ്സിൽ  ആളുകൾ നിറഞ്ഞു. ആ വഴി വരുന്ന രണ്ട് കെഎസ്ആർടിസി ദീർഘദൂര  ബസുകൾ ക്യാൻസൽ ആയതുകൊണ്ട് ബസ്സ് കിട്ടാതെ നിൽക്കുകയായിരുന്നു യാത്രക്കാർ എല്ലാം. അതോടെ സീറ്റുകൾ ഒന്നും തന്നെ ഒഴിവില്ലാതെ ആയി. ഒടുവിൽ കയറിയ ഒരാൾക്ക് വേണ്ടി കണ്ട്ക്ടർ തന്റെ സീറ്റ് ഒഴിഞ്ഞു കൊടുത്തു. 


 തൃശ്ശൂരിൽ നിന്നും പുറപ്പെട്ട ബസ് പുതുക്കാട്, ചാലക്കുടി, അങ്കമാലി എന്നീ സ്റ്റേഷനുകളിൽ കയറിയെങ്കിലും ആളുകൾ ഒന്നും അതിൽ കയറിയില്ല.അങ്കമാലി ഒരാൾ ഇറങ്ങിയപ്പോൾ കണ്ടക്ടറുടെ സീറ്റിൽ ഇരുന്ന ആൾക്ക് സീറ്റ് കിട്ടുകയും അയാൾ കണ്ടക്ടർക്ക് ഇരിക്കാൻ വേണ്ടി സീറ്റ് ഒഴിഞ്ഞു പോവുകയും  ചെയ്തു.


പിന്നീട് ആലുവയിൽ വച്ച്  മൂന്നു പേർ കയറി. രണ്ടു സ്ത്രീകളും  ഒരു പുരുഷനും. ഒരു സ്ത്രീ ഏതോ  സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുന്ന  യൂണിഫോം വേഷത്തിൽ ആണ് ഉള്ളത്. അവർക്ക് സീറ്റ് കിട്ടാത്തത് കൊണ്ട്  ടിക്കറ്റ് എടുത്ത ശേഷം നിൽക്കുകയായിരുന്നു.


 മറ്റേ സ്ത്രീ കയറിയപ്പോൾ മുതൽ  തനിക്ക് സീറ്റ് വേണം എന്നും പറഞ്ഞു ബഹളം വയ്ക്കുകയായിരുന്നു. അവരുടെ കൂടെയുള്ള പുരുഷൻ  കണ്ടക്ടറെ വിളിച്ച് അവർക്ക് സീറ്റ് ഒരുക്കി കൊടുക്കാൻ വേണ്ടി പറയുന്നുണ്ട്.

അയാളുടെ സംസാരം കേട്ടപ്പോൾ മദ്യപിച്ചിരുന്നു എന്ന് തോന്നി.


തനിക്ക് ഇരിക്കാൻ സീറ്റ് റെഡി ആക്കി തരണം  എന്നും, സ്ത്രീ ആയത് കൊണ്ട് പുരുഷന്മാർ ആരെങ്കിലും സീറ്റ് ഒഴിഞ്ഞു കൊടുക്കണമെന്ന് ഒക്കെ ആണ് അവർ പറയുന്നത്. അവർ മുസ്ലിം ദമ്പതികൾ  ആയിരുന്നു. എവിടെയോ നേർച്ചയ്ക്ക് പോയി വരുന്ന വഴി ആണെന്നും ദൈവത്തെ  ഓർത്തു സീറ്റ് തരണം എന്നും ഒക്കെ ആണ് അവർ പറയുന്നത്.


ഞാൻ  കരുതി അവർ തിരുവനന്തപുരം വരെ പോകാൻ ഉള്ളവർ ആയിരിക്കും എന്നാണ്. എന്നാൽ ടിക്കറ്റ് എടുക്കാൻ കണ്ടക്ടർ വന്നപ്പോൾ അവർ  പാലാരിവട്ടം ആണ് പറഞ്ഞത്. അതായത്  കൂടി  പോയാൽ 20 മിനിറ്റ് കാണും. അവർ ടിക്കറ്റ് എടുക്കുമ്പോൾ   തന്നെ അമ്പാട്ട്കാവ് കഴിഞ്ഞിരുന്നു.


 കണ്ടക്ടറുടെ സീറ്റ് ഞങ്ങൾക്ക് വേണ്ടി ഒഴിഞ്ഞു തരണമെന്ന് അവർ ആവശ്യപ്പെട്ടു. ആ ഭാര്യയും ഭർത്താവും  നന്നായി മദ്യപിച്ചിരുന്നു. എന്റെ തൊട്ടടുത്താണ് അവർ നിന്നത്. കണ്ടക്ടർ  തൃശ്ശൂർ മുതൽ അങ്കമാലി വരെ ഏതാണ്ട് ഒരു മണിക്കൂറോളം ഒരാൾക്ക് വേണ്ടി സീറ്റ് ഒഴിഞ്ഞു കൊടുത്ത ആളാണ്. അതൊരു ദീർഘദൂര യാത്രക്കാരനായ അതുകൊണ്ടാണ് അങ്ങനെ ചെയ്തത്.


 ടിക്കറ്റിന് പൈസ കൊടുക്കാതെ ആ സ്ത്രീ വല്ലാതെ ബഹളംവെച്ചു. ടിക്കറ്റിന് പൈസ തരണം എങ്കിൽ  അവർക്ക് സീറ്റ് കൊടുക്കണം അങ്ങനെ നിയമമുണ്ട് എന്നൊക്കെയാണ് അവർ പറയുന്നത്. ഓരോ തവണ ആ സ്ത്രീ ഒച്ച വെക്കുമ്പോഴും അവരുടെ കൂടെയുള്ള പുരുഷൻ കണ്ടക്ടറേ പുളിച്ച തെറി വിളിക്കുന്നുണ്ടായിരുന്നു.


ഞാനും മറ്റൊരു യാത്രക്കാരനും  അവരോട് ഒരു വട്ടം മിണ്ടാതിരിക്കാൻ പറഞ്ഞു. പിന്നെ, സഭ്യത ഇല്ലാതെ സംസാരിക്കുന്ന അവരുടെ മുന്നിൽ ഇരയാവാൻ എനിക്കും താല്പര്യം തോന്നിയില്ല... അച്ഛനും അമ്മയ്ക്കും ഭാര്യയ്ക്കും ഒക്കെ അസഭ്യം പറഞ്ഞത് കേട്ടപ്പോൾ ഒടുവിൽ ക്ഷമ നശിച്ച കണ്ടക്ടർ എഴുന്നേറ്റു, ബസ് നിർത്തി.


ആ  ദമ്പതികളോട് ഇറങ്ങാൻ ആവശ്യപ്പെട്ടു. ഇതൊരു ദീർഘദൂര ബസ് ആണെന്നും നിങ്ങൾക്ക് ഇതിൽ ഇപ്പോൾ സീറ്റ് ഒഴിവില്ല എന്നും യാത്ര ചെയ്യാനും ടിക്കറ്റ് എടുക്കാൻ ബുദ്ധിമുട്ടാണെങ്കിൽ നിങ്ങൾ ഇറങ്ങണമെന്നും ആവശ്യപ്പെട്ടു. അദ്ദേഹം അത്രയും പറഞ്ഞത് വളരെ മാന്യമായും പ്രൊഫഷണൽ ആയും ആയിരുന്നു. ബസ്സിലെ യാത്രക്കാർ എല്ലാം അതിന് സാക്ഷിയുമാണ്.


 എനിക്ക് രാത്രി പാലാരിവട്ടം വരെ എത്തണം ഞാൻ ഇറങ്ങില്ല, എന്ന് ശഠിച്ചു കൊണ്ട് അവർ  ബസ്സിനകത്ത് തന്നെ നിന്നു. തെറിയുടെ  മേളം ഉച്ചസ്ഥായിയിൽ എത്തി. ബസ്സിന് തിരുവനന്തപുരം  എത്തേണ്ട  സമയം പരിഗണിച്ച് ഡ്രൈവർ വണ്ടി എടുത്തു.


 ആ സ്ത്രീ കണ്ടക്ടറുടെ സീറ്റിലേക്ക് ചെന്ന് തനിക്ക് ടിക്കറ്റ് എടുക്കാൻ സമ്മതമാണെന്നും ടിക്കറ്റ് തരാനും പറഞ്ഞു. രണ്ട് ടിക്കട്ട് പാലാരിവട്ടം വരെ എടുത്തു. ടിക്കറ്റ് കയ്യിൽ കിട്ടിയ ഉടനെ  ആ സ്ത്രീ പേഴ്സിൽ നിന്നും മൊബൈൽഫോൺ കൈയിലെടുത്തു  പോലീസിന്റെ നമ്പറിലേക്ക് വിളിച്ചു. തന്നോട് തിരുവനന്തപുരത്തേക്ക് പോകുന്ന കെഎസ്ആർടിസി ബസ്സിലെ കണ്ടക്ടർ അപമര്യാദയായി പെരുമാറിയെന്നും തനിക്ക് സീറ്റ് നിഷേധിച്ചു എന്നും, തന്നോട് അസഭ്യം പറഞ്ഞുകൊണ്ട്  "വണ്ടിയിൽ നിന്ന് ഇറങ്ങടീ..." എന്നും പറഞ്ഞ് ഒച്ച വെച്ചു, എന്നൊക്കെയാണ് അവർ പോലീസിനോട് പറയുന്നത്. ഫോൺ ലൗഡ് സ്പീക്കറിൽ ഇട്ടു കൊണ്ടാണ് അവർ സംസാരിച്ചത്. മറുവശത്തു നിന്നും പോലീസ് ഓരോന്നും ചോദിക്കുന്നത് വ്യക്തമായി എനിക്ക് കേൾക്കാമായിരുന്നു.


 ബസിന്റെ നമ്പറും മറ്റും അവർ പറഞ്ഞു കൊടുത്തു. ഇതിനിടെ അവർ കുപ്രസിദ്ധ കൊട്ടേഷൻ നേതാവ്  തമ്മനം ഷാജിയുടെ ആളുകൾ ആണെന്നും, പാലാരിവട്ടം കടന്ന് നീ  തിരിച്ച് പോകുന്നത് കാണിച്ചുതരാം... എന്നും മറ്റും ഒക്കെ  പറഞ്ഞുകൊണ്ട് കണ്ടക്ടറെ പലവട്ടം  ഭീഷണിപ്പെടുത്തുന്നുമുണ്ടായിരുന്നു.


 എല്ലാം കേട്ടു കൊണ്ട് ഒന്നും മിണ്ടാതെ  കണ്ടക്ടർ തന്റെ സീറ്റിൽ പോയി ഇരുന്നു. എന്നിട്ടും അരിശം തീരാത്ത അവർ  ഇടപ്പള്ളി മുതൽ പാലാരിവട്ടം വരെ അറഞ്ചം പുറഞ്ചം  കണ്ടക്ടറെ  തെറിവിളി തന്നെയായിരുന്നു.


 ഒടുവിൽ പാലാരിവട്ടം എത്തിയപ്പോൾ. അവർ ഇറങ്ങി. റോഡിൽ നിന്നുകൊണ്ട്  വീണ്ടും തെറിവിളി ആയിരുന്നു. ഒരു ബാധ ഒഴിഞ്ഞ സമാധാനത്തോടും കൂടി ബസ് യാത്ര തുടർന്നു...


ഇവിടെ സ്ത്രീകൾ എപ്പോഴും നിയമത്തിന്റെ പരിരക്ഷയിലാണ് എന്ന് ഞാൻ വിശ്വസിക്കുന്നു. അതു നടപ്പിലാക്കാൻ ഉള്ളവർക്ക് വീഴ്ച സംഭവിക്കുന്നത് ആണ് പലപ്പോഴും നമ്മൾ 'നിയമം  ഇവിടെ അത്ര  പോരാ ' എന്നൊക്കെ പറയാൻ കാരണം.


മദ്യപിച്ചു ബസ്സിൽ കയറി സഹ യാത്രക്കാർക്കും ബസ്സിലെ ജീവനക്കാർക്കും  ശല്യമുണ്ടാക്കുന്ന രീതിയിൽ പെരുമാറിയ  ആ സ്ത്രീ  പക്ഷെ പോലീസ് സ്റ്റേഷനിൽ പോയി  വല്ലതുമൊക്കെ വിളിച്ചു പറഞ്ഞാൽ ചിലപ്പോൾ  കണ്ടക്ടറുടെ ജോലിയെ ബാധിച്ചേക്കാം. ഇതിനോടകം പോലീസ് വല്ല നടപടിയും സ്വീകരിച്ചോ എന്നതും അറിയില്ല. അവരുടെ രാഷ്ട്രീയ പിൻബലവും മറ്റും അനുകൂലമാണെങ്കിൽ ചിലപ്പോൾ അങ്ങനെയും സംഭവിക്കാം. 


ഒരു സ്ത്രീയ്ക്ക് ഈ രാജ്യം പ്രത്യേക  പരിഗണന നൽകുന്നുണ്ട്. ബഹുഭൂരിപക്ഷവും അതൊക്കെ അനുഭവിക്കുന്നുണ്ടോ എന്ന് ചോദിച്ചാൽ, അതിന് കാരണം ഇവിടുത്തെ നിയമമല്ല മറിച്ച് നിയമപാലകരും മത-സാമൂഹിക  സംവിധാനങ്ങളും സർക്കാരുമാണ്.


ഉദാഹരണത്തിന്, ബസുകളിൽ സ്ത്രീകൾക്കായി റിസർവ് ചെയ്ത സീറ്റുകൾ ഉണ്ട്, സ്ത്രീകൾക്ക് പ്രത്യേക ടിക്കറ്റ് കൗണ്ടറുകൾ ഉണ്ട്, ചില ട്രെയിനുകളിൽ സ്ത്രീകൾക്ക് മാത്രം കോച്ച് ഉണ്ട്. ഒരു സ്ത്രീക്ക് നൽകുന്ന പ്രിവിലേജ്കളെ  പുരുഷന്മാരോടുള്ള വിവേചനമായി രാജ്യം ഒരിക്കലും കരുതുന്നില്ല. അങ്ങനെ കരുതേണ്ട കാര്യവുമില്ല. 


എന്നാൽ പലപ്പോഴും ഇത് നിയമങ്ങളുടെ ദുരുപയോഗം മൂലം , പുരുഷന്മാർക്കും ആൺകുട്ടികൾക്കും എതിരെ വിവേചനമോ ലിംഗവിവേചനമോ ഉണ്ടാകുന്നുണ്ട്. നമ്മളിൽ പലരും അതിനൊക്കെ സാക്ഷി ആയിട്ടും ഉണ്ടാകും.  സ്ത്രീകൾക്കോ ​​പെൺകുട്ടികൾക്കോ ​​എതിരായ ലിംഗവിവേചനം ഇപ്പോഴും ലോകത്തിന്റെ മിക്ക ഭാഗങ്ങളിലും കൂടുതൽ ഗുരുതരമായ പ്രശ്നമാണ്. എന്നിരുന്നാലും, ജനകീയ വിശ്വാസത്തിന് വിരുദ്ധമായി, പുരുഷന്മാരും ആൺകുട്ടികളും  വിവേചനത്തിന് വിധേയരാകാം എന്ന സത്യം അംഗീകരിക്കണം.


 വളരെ അപൂർവമായി ആണെങ്കിലും  ഗാർഹിക പീഡനത്തിനും ലൈംഗികാതിക്രമത്തിനും പുരുഷന്മാരും ഇരകളാണ്, എന്നാൽ പുരുഷന്മാർ എന്നാൽ ഭയമില്ലാത്തവരും  സ്വയം പ്രാപ്തരുമാണ് എന്ന പുരുഷന്മാരോടുള്ള നിലവിലുള്ള മനോഭാവം കാരണം ഭരണകൂട സ്ഥാപനവും സമൂഹവും പൊതുവെ ഇത്തരം അക്രമങ്ങളെ ഗൗരവമായി കാണുന്നില്ല.


ലിംഗവിവേചനത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഉദാഹരണം ബലാത്സംഗമാണ്. ഇന്ത്യൻ ശിക്ഷാനിയമമനുസരിച്ച്, ബലാത്സംഗം ജാമ്യമില്ലാ കുറ്റവും ലിംഗഭേദം ഉള്ളതുമാണ്. അതിനർത്ഥം ഒരു പെൺകുട്ടി ബലാത്സംഗത്തിന് കേസെടുത്താൽ ഒരു പുരുഷനെയോ ആൺകുട്ടിയെയോ അറസ്റ്റ് ചെയ്യാം, സത്യം പോലും അന്വേഷിക്കാതെ. ഇത് ഉപയോഗപ്പെടുത്തി  പുരുഷന്മാരെ തേജോവധം ചെയ്യാനും രാഷ്ട്രീയ ലാഭത്തിന് ഒക്കെ ആളുകൾ ഇറങ്ങാറുണ്ട്. രണ്ടാഴ്ച മുമ്പ്  നടൻ ജോജു ജോർജിനെതിരെ  ആക്രോശിച്ചു കൊണ്ടുവന്ന കോൺഗ്രസ് പ്രവർത്തകരായ സ്ത്രീകളോട് പിന്നിൽ നിന്നും  " കടന്നുപിടിച്ചു... " എന്ന് പറയാൻ പ്രേരിപ്പിക്കുന്ന പുരുഷന്മാരെ കണ്ടില്ലേ?


അതുപോലെ  മറ്റൊന്ന് ആണ് സ്ത്രീധന നിരോധന നിയമം. ഒരു സ്ത്രീയുടെ അന്തസ്സ് സംരക്ഷിക്കാൻ വേണ്ടി നടപ്പിലാക്കിയ ഈ വകുപ്പ് അവർ വ്യാപകമായി ദുരുപയോഗം ചെയ്യുന്ന ആയുധമായി മാറിയിരിക്കുന്നു, ഇത് അവരുടെ ഭർത്താവിനെയും കുടുംബത്തെയും ഉപദ്രവിക്കാനും ബ്ലാക്ക് മെയിൽ ചെയ്യാനും ഉപയോഗിക്കുന്നു. 498A/406 (IPC) പ്രകാരം ഒരു എഫ്‌ഐആർ ഫയൽ ചെയ്തുകഴിഞ്ഞാൽ, അത്  പ്രാഥമിക അന്വേഷണം ഇല്ലാതെ എഫ്‌ഐആറിൽ പേരുള്ള ഭർത്താവിനെയും അവന്റെ എല്ലാ ബന്ധുക്കളെയും പീഡിപ്പിക്കാൻ പോലീസിന്റെ കൈകളിലെ ഒരു കൈത്താങ്ങായി മാറുന്നു.


 ഈ വ്യവസ്ഥ ദമ്പതികൾക്കിടയിൽ സൗഹാർദ്ദപരമായ അനുരഞ്ജനത്തിനുള്ള എല്ലാ സാധ്യതകളും കുറയ്ക്കുന്നു. നീണ്ടുനിൽക്കുന്ന കോടതി വ്യവഹാരങ്ങൾ  കുടുംബങ്ങൾ തമ്മിലുള്ള ഇതിനകം തന്നെ ഉലച്ചുപോയ ബന്ധത്തിന് ആഘാതം കൂട്ടുന്നു.


 മതപരമായും, സാമൂഹികമായും  സ്ത്രീകളെ രണ്ടാംതരം പൗരന്മാരായി കാണുന്ന വ്യവസ്ഥിതിക്കെതിരെ  തീർച്ചയായും ലിംഗ ഭേദമന്യേ എല്ലാവരും പ്രതികരിക്കേണ്ടതുണ്ട്. അതേസമയം  രാജ്യത്തെ നിയമം  സ്ത്രീകൾക്ക് പരിരക്ഷ നൽകുന്നത്  ഒരു കാരണവശാലും ദുരുപയോഗം ചെയ്യപ്പെടാൻ ഇടയാകരുത്. അത് ഇരയാകുന്ന പുരുഷനു മാത്രമല്ല, യഥാർത്ഥത്തിൽ  പരിരക്ഷ അർഹിക്കുന്ന സ്ത്രീകൾക്ക്മേൽ സമൂഹത്തിനും നിയമത്തിനും സംശയം ഉയരാനും ഇടയാക്കും.


 ആ ബസ് യാത്രയിൽ വല്ലാത്ത അമർഷം തോന്നിയിരുന്നു എനിക്ക്. പ്രത്യേകിച്ച് ഒന്നും അവിടെ ചെയ്യാൻ കഴിഞ്ഞില്ല. അത്തരമൊരു സന്ദർഭങ്ങളിൽ എങ്ങനെ ഇടപെടണമെന്ന് ഒരു ബോധ്യം ഇല്ല എന്നതാണ് വാസ്തവം. കെഎസ്ആർടിസി ബസ്സുകളിൽ ഒക്കെ സിസിടിവി ക്യാമറ സ്ഥാപിക്കുന്നത് നല്ലതാണ്. സ്വകാര്യ ബസ്സുകളിൽ ഇത് ചെയ്യുന്നുണ്ടല്ലോ... അല്ലെങ്കിൽ പല ആരോപണങ്ങളും പ്രതികരിക്കുന്നവരുടെ മേൽ ഉയരും, ഭയം കൊണ്ടാണ് പലരും മിണ്ടാതിരുന്നത് എന്നാണ് ഞാൻ മനസ്സിലാക്കുന്നത്.


◾️ദിപിൻ ജയദീപ്