Type Here to Get Search Results !

വല്ല പട്ടിയുടെയും പൂച്ചയുടെയും പടമുള്ള പ്രൊഫൈൽ പിക്ചർ വെച്ചാൽ, ശല്യം ഉണ്ടാകില്ല എന്ന് ഒരു ചേച്ചി എന്നോട് ഒരിക്കൽ പറഞ്ഞു ;കുറിപ്പ് , ദിപിൻ ജയദീപ്

Dipin jayadheep chief wip mullapperiyar krail

നിങ്ങൾക്കറിയാമോ പെണ്ണുങ്ങളെ...?


കുറ്റകൃത്യങ്ങൾ ചെയ്യുന്നതുപോലെ തന്നെ പ്രാധാന്യമുള്ള കാര്യമാണ് കുറ്റകൃത്യങ്ങൾക്ക് കൂട്ടുനിൽക്കുന്നത്. അതിനേക്കാൾ ഗൗരവമുള്ള കാര്യമാണ് കുറ്റകൃത്യങ്ങളോട് പ്രതികരിക്കാതെ പേടിച്ചിരിക്കുന്നത്.


സൈബർ കുറ്റകൃത്യങ്ങൾ ഏറ്റവും കാര്യക്ഷമമായി പരിഹരിക്കപ്പെടണം എങ്കിൽ സൈബർ സെല്ലുകൾ വർച്വൽ പോലീസ് സ്റ്റേഷൻ ആയി പ്രവർത്തിക്കേണ്ടതുണ്ട്. പേരുവിവരങ്ങൾ വെളിപ്പെടുത്താതെ തികച്ചും അനോണിമസ് ആയി പരാതികൾ നൽകാനുള്ള സംവിധാനം നമ്മുടെ നാട്ടിൽ സൈബർ സെല്ലുകൾ ഇല്ല.  ഒന്നുകിൽ വിവിധ സോണുകളായി, അല്ലെങ്കിൽ ഒരു സെൻട്രലൈസ്ഡ് ഹബ്ബായി സംസ്ഥാനത്ത് സൈബർ പോലീസ് സ്റ്റേഷനുകൾ അനിവാര്യമാണ്. സൈബർ കുറ്റകൃത്യങ്ങളും കുറ്റകൃത്യങ്ങളെക്കുറിച്ചുള്ള മുന്നറിയിപ്പുകളും പൊതുജനത്തിന് പോലീസിനെ അറിയിക്കണം എങ്കിൽ നിലവിൽ പരാതി എഴുതി അടുത്തുള്ള സൈബർ സെല്ലിൽ അല്ലെങ്കിൽ സാധാരണ പോലീസ് സ്റ്റേഷനിൽ നൽകണം.


ഹൈടെക് കുറ്റകൃത്യങ്ങൾക്ക് ഹൈടെക് അന്വേഷണ രീതിയും പരാതി നൽകാനുള്ള ഹൈടെക് സംവിധാനങ്ങളുമാണ് അത്യാവശ്യം. അല്ലാതെ ഒരിക്കലും ഇതൊന്നും പരിഹരിക്കപ്പെടുന്നില്ല. സംസ്ഥാന സൈബർ സെല്ലിലെ വാട്സ്ആപ്പ് നമ്പർ ഉണ്ട്, അതിൽ മെസ്സേജ് അയച്ചിട്ട് ഉള്ളവർക്ക് അറിയാം എത്ര മെസ്സേജുകൾ കാര്യക്ഷമമായി പ്രതികരിക്കുന്നുണ്ട് എത്ര മെസ്സേജിൽ പരാതികൾ പരിഹരിക്കപ്പെടുന്നു എന്നത്.


സമൂഹമാധ്യമങ്ങളിൽ താൻ അപ്‌ലോഡ് ചെയ്ത ഫോട്ടോകൾ മറ്റൊരാൾ എടുത്ത വ്യാജ ഐഡി ഉണ്ടാക്കിയതായും തന്റെ ഐഡന്റിറ്റി ഉപയോഗപ്പെടുത്തി തന്റെ അതേപേരിൽ ആളുകളെ കബളിപ്പിച്ച് വൻ തട്ടിപ്പുകൾ നടത്തിയതായും ഒരു യുവതി പോലീസിനെ അറിയിച്ചപ്പോൾ അവർ പറഞ്ഞത്, എന്തിനാണ് ഫോട്ടോകൾ സമൂഹമാധ്യമങ്ങളിൽ ഒക്കെ ഇടാൻ പോകുന്നത് എന്നായിരുന്നു.


എന്തിനാണ് സാമൂഹ്യവിരുദ്ധരെ പേടിച്ച്  നമ്മൾ സമൂഹമാധ്യമങ്ങളിൽ നിന്ന് പിന്തിരിഞ്ഞ് ഓടേണ്ടത്? അതിനേക്കാൾ ഉചിതമായത്  സമൂഹമാധ്യമങ്ങളിൽ ഇടപെടാൻ അർഹതയില്ലാത്തവരെ അവിടെ നിന്ന് പുറത്താക്കുക എന്നതാണ്.


പലപ്പോഴും പെൺകുട്ടികൾക്കും സ്ത്രീകൾക്കും അറിയില്ല എന്ത് ചെയ്യണം എന്ന്. തനിക്ക് ഒരു മോശം അനുഭവം സമൂഹമാധ്യമങ്ങളിൽ നിന്നും ഉണ്ടായാൽ അത് വീട്ടുകാരോട് പറയാൻ മടിയാണ് പലർക്കും. കാരണം മറ്റൊന്നുമല്ല അർഹിക്കുന്ന പിന്തുണ കിട്ടില്ല എന്നത് തന്നെ.


" നീ കണ്ടമാനം സോഷ്യൽ മീഡിയയിൽ അഴിഞ്ഞാടി അതിന്റെ ഫലമാണ് അനുഭവിച്ചോ... "


എന്ന രീതിയിൽ  സ്വന്തം മക്കളോട് പറയുന്ന രക്ഷകർത്താക്കൾ ഉണ്ട് നമ്മുടെ നാട്ടിൽ. അത്യാവശ്യം നല്ല രീതിയിൽ സമൂഹമാധ്യമങ്ങളിൽ ഇടപഴകുന്ന പെൺകുട്ടികളെ സംബന്ധിച്ചിടത്തോളം വീട്ടുകാരെ പേടിക്കണം കൂട്ടുകാരെ പേടിക്കണം നാട്ടുകാരെ പേടിക്കണം, ഇതിനെല്ലാം പുറമേ ഞരമ്പ് രോഗികളെയും പേടിക്കണം.


തനിക്ക് നല്ലതെന്നു തോന്നുന്ന ഒരു ഫോട്ടോ അത് പബ്ലിക് ആയി ഒരു സമൂഹമാധ്യമത്തിൽ പങ്കുവയ്ക്കുമ്പോൾ ആളുകൾ അത് കാണണമെന്നും തന്റെ ആ മനോഹരമായ ചിത്രത്തിന് ലൈക്കുകൾ കിട്ടുന്നതും കമന്റുകൾ കിട്ടുന്നതും ഒക്കെ ആസ്വദിക്കണമെന്നുമല്ലേ ഏതൊരാളും കരുതുക?


ഇത് ആൺകുട്ടികൾ / പുരുഷന്മാർ  ചെയ്യുമ്പോൾ കുഴപ്പമില്ലെങ്കിൽ, സ്ത്രീകൾ എന്തിനാണ് സദാചാര രോഗികളെ പേടിച്ച് ഇത് ചെയ്യാതിരിക്കുന്നത്?


കഴിഞ്ഞദിവസം  സ്റ്റാൻഡപ്പ് കൊമേഡിയനും കണ് അഞ്ചൽ  അഗർവാൾ തനിക്ക് ലഭിച്ച വളരെ മോശം വീഡിയോ സ്ക്രീൻ ഷോട്ട് സഹിതം സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്യുകയും അത് അയച്ച ആളെക്കൊണ്ട് മാപ്പ് പറയിക്കുകയും ചെയ്തിരിക്കുകയാണ്. ഒരു ഞരമ്പുരോഗിയായ യുവാവ്, താൻ സ്വയം ഭോഗം ചെയ്യുന്നതിന്റെ ദൃശ്യങ്ങളാണ് ആഞ്ചലിന് അയച്ചത്. മെസേജിന്റെ സ്ക്രീൻഷോട്ടുകൾ സഹിതം ആഞ്ചൽ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു. ഫോളോവേഴ്സ് അത് സൈബർ സെല്ലിന് കൈമാറി, അവസാനം  ആ യുവാവ് മാസ്ക്ക് ഇട്ടു വന്ന്   ആഞ്ചൽ ആവശ്യപ്പെട്ടപ്രകാരം മാപ്പ് പറയുകയും ചെയ്തു.


നമുക്ക് ഇഷ്ടമില്ലാത്ത ഒരു കാര്യം ആരെങ്കിലും നമുക്ക് മേൽ അടിച്ചേൽപ്പിച്ചാൽ അതിനെതിരെ പ്രതികരിക്കാൻ സജ്ജരായിരിക്കണം ഓരോരുത്തരും. നിരന്തരം മെസേജുകൾ അയച്ചു കൊണ്ട് ഒരു ഉളുപ്പുമില്ലാതെ  പെൺകുട്ടികളുടെ ഇൻബോക്സിൽ ശല്യമായവരുണ്ട്.


വല്ല പട്ടിയുടെയും പൂച്ചയുടെയും പടമുള്ള പ്രൊഫൈൽ പിക്ചർ വെച്ചാൽ, ശല്യം ഉണ്ടാകില്ല എന്ന് ഒരു ചേച്ചി എന്നോട് ഒരിക്കൽ പറഞ്ഞു. എന്തിനാണ് ഇങ്ങനെ മറഞ്ഞ് ജീവിക്കുന്നത്? സമൂഹമാധ്യമങ്ങളിൽ ലിംഗനീതി കൂടി ഉറപ്പുണ്ടാവണം. അതിനു വേണ്ട ഹൈടെക് നിയമങ്ങൾ കൂടി കാലോചിതമായി പരിഷ്കരിച്ച് കൊണ്ടിരിക്കണം. ഓരോ നൂറ്റാണ്ടിലും ഭേദഗതി കൊണ്ടുവരുന്ന കാനോനുകൾ പോലെയല്ല ഹൈടെക് നിയമങ്ങൾ. അവ ആപ്ലിക്കേഷനുകളുടെ അപ്ഡേഷൻ വരുന്നതുപോലെ അടിക്കടി ഭേദഗതിവരുത്തി കൊണ്ടിരിക്കണം. അതോടൊപ്പം സൈബർ ചൂഷണങ്ങൾക്ക് ഇരയാകുന്നവർ ജാഗ്രതയും ചങ്കൂറ്റവും പുലർത്തണം. വിവാദങ്ങളിലേക്ക് പോകാൻ താല്പര്യമില്ലാതെ പലതിനും കണ്ണടക്കുന്ന സ്ത്രീകൾ ഒന്നോർക്കണം... നിങ്ങൾ ഇന്ന് മൗനം കൊണ്ട് പ്രോത്സാഹിപ്പിക്കുന്ന കുറ്റവാളികൾ നാളെ പത്ത് പേർക്ക് ശല്യമായി ഒരു സാമൂഹിക വിപത്തായി മാറും.


🔴 ദിപിൻ ജയദീപ്