Type Here to Get Search Results !

2013 ൽ മഹാരാഷ്ട്ര സംസ്ഥാനം ചരിത്രപരമായ ഒരു നിയമം പാസാക്കി ; കുറിപ്പ്

2013 ൽ  മഹാരാഷ്ട്ര സംസ്ഥാനം  ചരിത്രപരമായ ഒരു നിയമം പാസാക്കി

2013 ൽ  മഹാരാഷ്ട്ര സംസ്ഥാനം  ചരിത്രപരമായ ഒരു നിയമം പാസാക്കി. അതുവരെ ഒറ്റ ഇന്ത്യൻ സംസ്ഥാനങ്ങളിലും നടപ്പിലാക്കാത്ത ആ നിയമം മഹാരാഷ്ട്രയിലെ അവസാനത്തെ   കോൺഗ്രസ് മുഖ്യമന്ത്രിയായിരുന്ന പൃഥ്വിരാജ് ചവാൻ  അന്ന് NCP യുടെയും സ്വതന്ത്രരുടെയും അടക്കം  ആകെ നിയമസഭ സാമാജികരുടെ 61 ശതമാനം പിന്തുണയോടുകൂടി ആയിരുന്നു പാസാക്കിയത്. പ്രതിപക്ഷത്ത്  ശിവസേനയും ബിജെപിയും അന്ന് ഉഗ്രപ്രതാപത്തോടുകൂടി ഇരിക്കുന്ന കാലം. എന്നിട്ടും ചങ്കൂറ്റത്തോടെ കൂടി ഈ നിയമം പാസാക്കാൻ  കോൺഗ്രസിന് കഴിഞ്ഞു എന്നത് സർക്കാരിനും മികച്ചനേട്ടം തന്നെയായിരുന്നു. 


ഇതൊരു  ക്രിമിനൽ നിയമമാണ്, ഇത് യഥാർത്ഥത്തിൽ തയ്യാറാക്കിയത്   അന്ധവിശ്വാസ വിരുദ്ധ പ്രവർത്തകനും മഹാരാഷ്ട്ര അന്ധശ്രദ്ധ നിർമൂലൻ സമിതിയുടെ സ്ഥാപകനുമായിരുന്ന( MANS), നരേന്ദ്ര ധബോൽക്കർ  ആയിരുന്നു. അദ്ദേഹത്തിന് അതിനു വേണ്ടി ബലി കഴിക്കേണ്ടി വന്നത് സ്വന്തം ജീവൻ ആയിരുന്നു. 


മിറാജ് മെഡിക്കൽ കോളേജിൽ നിന്നും എം.ബി.ബി.എസ് ബിരുദം നേടിയ ദാഭോൽക്കർ  12 വർഷത്തോളം ഡോക്റ്റർ ആയി സേവനമനുഷ്ടിച്ച കാലത്ത് സമൂഹത്തിൽ വളർന്നു വരുന്ന അന്ധവിശ്വാസങ്ങളും, ചൂഷണങ്ങളും ശ്രദ്ധയിൽപ്പെട്ടതോടെ അദ്ദേഹം മുഴുവൻ സമയ സാമൂഹികപ്രവർത്തകനും സാമൂഹിക പരിഷ്കർത്താവുമായി മാറുകയായിരുന്നു.


ഒരു കോൺഗ്രസ് അനുഭാവി ആയിരുന്നു നരേന്ദ്ര ധബോൽക്കർ. പ്രമുഖ ഗാന്ധിയനുമായിരുന്നു അദ്ദേഹത്തിന്റെ മൂത്ത സഹോദരൻ ദേവദത്ത് ധാബോൽക്കർ. മഹാരാഷ്ട്ര അന്ധശ്രദ്ധ നിർമൂലൻ സമിതിയുടെ നേതാവായിരിക്കെ ബാബ അധാവയുമായി സഹകരിച്ചും പ്രൊഫ. ശ്യാം മാനവിന്റെ അഖിൽ ഭാരതീയ അന്ധശ്രദ്ധനിർമൂലൻ സമിതിയയുടെ (ABANS) എക്‌സിക്യുട്ടീവ് പ്രസിഡന്റായും പ്രവർത്തിച്ചു. പുരോഗമനാശയങ്ങളുടെ പ്രചരണത്തിനായി പുറത്തിറക്കുന്ന സാധന എന്ന മാസികയുടെ പത്രാധിപരും ആയിരുന്നു. ആർഭാട വിവാഹങ്ങൾക്ക് എതിരായും അയിത്തോച്ചാടനത്തിന് വേണ്ടിയും ഒരുപാട്  പ്രവർത്തനങ്ങൾ നടത്തിയിരുന്നു ഡോക്ടർ ധാബോൽക്കർ. 


2013 മഹാരാഷ്ട്ര നിയമസഭ പാസാക്കിയ നിയമപ്രകാരം  ബ്ലാക്ക് മാജിക്, നരബലി, അസുഖങ്ങൾ ഭേദമാക്കാൻ ധ്യാനം, പ്രാർത്ഥന, ജപിച്ചു കെട്ടൽ  തുടങ്ങിയ പ്രതിവിധി എന്നിവയുടെ ഉപയോഗം, ആളുകളുടെ അന്ധവിശ്വാസങ്ങൾ ചൂഷണം ചെയ്യുന്ന മറ്റ്  അത്ഭുത  പ്രവൃത്തികൾ എന്നിവയും ബന്ധപ്പെട്ട ആചാരങ്ങളും കുറ്റകരമാക്കുന്നതായിരുന്നു.


1983 മുതൽ  നരേന്ദ്ര ധബോൽക്കറേ പലയിടത്തു വച്ചും  ആക്രമികൾ കൊല്ലാൻ ശ്രമിക്കുന്നുണ്ടായിരുന്നു. എന്നിട്ടും ഒരു പോലീസ് പ്രൊട്ടക്ഷൻ പോലും അദ്ദേഹത്തിന് ഈ രാജ്യം അനുവദിച്ചില്ല. അത് പിന്നെ അങ്ങനെ ആണല്ലോ,  ആൾദൈവങ്ങൾക്കും രാഷ്ട്രീയ ഗുണ്ടകൾക്കും വരെ പോലീസ് സംരക്ഷണം നൽകുന്ന രാജ്യത്ത് അങ്ങനെയല്ലേ തരമുള്ളൂ. 


2010 മുതൽ  അന്ധവിശ്വാസത്തിനെതിരെ ഒരു നിയമം കൊണ്ടുവരാൻ പലതവണ ശ്രമിച്ചു പരാജയപ്പെട്ട വ്യക്തിയാണ് നരേന്ദ്ര ധബോൽക്കർ. ഏറ്റവുമൊടുവിൽ  പൃഥ്വിരാജ് ചവാനെ ചങ്കൂറ്റം ഇല്ലാത്ത മുഖ്യമന്ത്രി എന്നു വരെ വിളിക്കേണ്ടി വന്നു ധബോൽക്കർക്ക്. ഒരു പ്രഭാതസവാരിക്കിടെ 2013 ഓഗസ്റ്റ് ഇരുപതാം തീയതി മോട്ടോർ സൈക്കിളിൽ എത്തിയ രണ്ടു പേരുടെ വെടിയേറ്റ് ഡോക്ടർ നരേന്ദ്ര ധബോൽക്കർ കൊല്ലപ്പെട്ടതിനു ശേഷം ആണ് മഹാരാഷ്ട്ര നിയമസഭയിൽ 29 ഭേദഗതികളോടെ നിയമം പാസാക്കുന്നത്.


 ബിജെപിയും ശിവസേനയും കടുത്ത എതിർപ്പുമായി കോൺഗ്രസ് സർക്കാരിന് നേരെ വന്നു, പക്ഷേ എല്ലാ എതിർപ്പുകളെയും അവഗണിച്ചുകൊണ്ട്  ഒരു നാഴികക്കല്ല് എന്ന് പറയാവുന്ന ആ നിയമം പാസ്സായി.


 ധബോൽക്കറുടെ കൊലയാളികളെ കുറിച്ച് വിവരം നൽകുന്നവർക്ക് പൃഥ്വിരാജ് ചവാൻ 10 ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ചിരുന്നു. ഒരു മാസത്തിനുശേഷം  യാതൊരു തെളിവും ലഭിക്കാതെ ഇരുന്നപ്പോൾ  കേതൻ  തിരോദ്കർ എന്ന സാമൂഹ്യ പ്രവർത്തകൻ ഒരു പൊതുതാൽപര്യഹർജി മഹാരാഷ്ട്ര ഹൈക്കോടതിയിൽ നൽകി. ദാബോൽക്കറുടെ കേസ്  തീവ്ര വലതുപക്ഷ അക്രമികളുടെ സാന്നിധ്യം ഉള്ളതുകൊണ്ട്  NIA അന്വേഷിക്കണം എന്നായിരുന്നു അദ്ദേഹത്തിന്റെ ആവശ്യം. എന്നാൽ NIA ആ ആവശ്യത്തെ നിരസിക്കുകയണ്ടായി. പക്ഷേ ഒരു സിബിഐ അന്വേഷണത്തിന്  വഴിവെച്ചു. ഒടുവിൽ 2018 ൽ സച്ചിൻ പ്രകാശ് റാവു എന്നയാളെ സിബിഐ അറസ്റ്റ് ചെയ്തു.


 മഹാരാഷ്ട്ര നിയമസഭയിൽ ചരിത്ര പരമായ അന്ധവിശ്വാസ നിരോധന ബില്ല്  അവതരിപ്പിക്കാൻ ഭാഗ്യം സിദ്ധിച്ചത് മഹാരാഷ്ട്രയിലെ പ്രമുഖ ദളിത് നേതാവും  കോൺഗ്രസ് എംഎൽഎയും ആയിരുന്നു ശിവാജി റാവു മൊഗേക്ക് ആയിരുന്നു.


നിലവിലെ ബില്ലിൽ ഇനിപ്പറയുന്ന പ്രവൃത്തികൾ  കുറ്റകരമാക്കുന്ന 12 ക്ലോസുകൾ ഉണ്ട്:


▪️ആക്രമണം, പീഡനം, നിർബന്ധിതമായി മനുഷ്യനേ വിസർജ്ജനം ചെയ്യിക്കൽ , നിർബന്ധിത ലൈംഗിക പ്രവർത്തികൾ, പ്രേതബാധയുണ്ടെന്ന് ആരോപിക്കപ്പെടുന്ന വ്യക്തിയിൽ നിന്ന് പ്രേതബാധയെ ഉന്മൂലനം ചെയ്യുന്നതിന്റെ പേരിൽ പീഡനം.


▪️ അത്ഭുതങ്ങൾ ചെയ്യാനുള്ള കഴിവ് അവകാശപ്പെടുകയും പ്രക്ഷേപണം ചെയ്യുകയും അത്തരം മാർഗങ്ങളിലൂടെ ആളുകളെ വഞ്ചിക്കുകയോ ഭയപ്പെടുത്തുകയോ ചെയ്യുക.


▪️അമാനുഷിക ശക്തികൾ നേടുന്നതിനായി ജീവൻ അപകടപ്പെടുത്തുന്നതോ ഗുരുതരമായ പരിക്കേൽക്കുന്നതോ ആയ പ്രവൃത്തികൾ നടത്തുകയോ പ്രോത്സാഹിപ്പിക്കുകയോ ചെയ്യുക.


▪️എന്തെങ്കിലും ഔദാര്യമോ പ്രതിഫലമോ തേടി മനുഷ്യത്വരഹിതമായ പ്രവൃത്തികളോ നരബലിയോ നടത്തുകയോ പ്രോത്സാഹിപ്പിക്കുകയോ ചെയ്യുക.


▪️ഒരു വ്യക്തിക്ക് അമാനുഷിക ശക്തികളുണ്ടെന്ന ധാരണ സൃഷ്ടിക്കുകയും അവന്റെ / അവളുടെ ആജ്ഞകൾ പാലിക്കാൻ ആളുകളെ നിർബന്ധിക്കുകയും ചെയ്യുക.


▪️ഒരു വ്യക്തിയെ മന്ത്രവാദം ചെയ്യുകയോ സാത്താന്റെ(ജിന്നിന്റെ) ബാധ ഉണ്ടെന്ന് ആരോപിക്കുക, രോഗങ്ങളോ നിർഭാഗ്യങ്ങളോ ഉണ്ടാക്കിയതിന് അവനെ/അവളെ കുറ്റപ്പെടുത്തി, വ്യക്തിയെ ഉപദ്രവിക്കുക.


▪️ഒരു വ്യക്തിയെ മന്ത്രവാദം പ്രയോഗിച്ചു കൊണ്ട് അവനെ/അവളെ നഗ്നരാക്കി  നടത്തുക,വ്യക്തിയുടെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുക. 


▪️പ്രേതങ്ങളെ വിളിക്കാനുള്ള കഴിവ് അവകാശപ്പെടുക, പ്രേതങ്ങളെ വിളിച്ചറിയിക്കുമെന്ന് ഭീഷണിപ്പെടുത്തി മറ്റുള്ളവരെ ഭയപ്പെടുത്തുകയോ ഭയപ്പെടുത്തുകയോ ചെയ്യുക, അല്ലെങ്കിൽ കൈവശമുണ്ടെന്ന പ്രതീതി സൃഷ്ടിക്കുക, വൈദ്യചികിത്സ തേടുന്നതിൽ നിന്ന് വ്യക്തിയെ തടയുക, മനുഷ്യത്വരഹിതമായ പ്രവൃത്തികൾക്ക് അവനെ/അവളെ നിർബന്ധിക്കുക.


▪️വിരലുകൾ കൊണ്ട് ശസ്ത്രക്രിയ നടത്തുമെന്ന് അവകാശപ്പെടുന്നതും (മാനസിക ശസ്ത്രക്രിയ) ഗർഭസ്ഥ ശിശുവിന്റെ ലിംഗമാറ്റം അവകാശപ്പെടുന്നതും.


▪️മുൻ അവതാരത്തിൽ നിന്നുള്ള ഒരു വ്യക്തിയുമായി ബന്ധമുണ്ടെന്ന് അവകാശപ്പെടുകയും അവരെ ലൈംഗിക പ്രവർത്തനങ്ങളിലേക്ക് ആകർഷിക്കുകയും, ബലഹീനയായ ഒരു സ്ത്രീയെ സുഖപ്പെടുത്താനുള്ള അമാനുഷിക ശക്തി ഉണ്ടെന്ന് അവകാശപ്പെടുകയും സ്ത്രീയുമായി ലൈംഗിക ബന്ധത്തിലേർപ്പെടുകയും ചെയ്യുന്നു.


▪️മാനസിക വെല്ലുവിളി നേരിടുന്ന ഒരു വ്യക്തിക്ക് അമാനുഷിക ശക്തിയുണ്ടെന്ന് അവകാശപ്പെടുകയും വ്യക്തിപരമായ നേട്ടത്തിനായി അത്തരമൊരു വ്യക്തിയെ ഉപയോഗിക്കുകയും ചെയ്യുന്നു.


 ഇത്രയും വകുപ്പുകൾ എങ്കിലും പ്രാബല്യത്തിൽ കൊണ്ടുവരാൻ ദാബോൽക്കറുടെ ജീവന്റെ വില നൽകേണ്ടി വന്നെങ്കിലും അഭിമാനത്തോടുകൂടി പറയാം മഹാരാഷ്ട്ര സംസ്ഥാനവും അതിനെ പിന്തുടർന്ന് കർണാടകയും പ്രതിപക്ഷത്ത് ബിജെപി ഇരിക്കുമ്പോൾ കോൺഗ്രസ് ഭരണത്തിന് കീഴിൽ ഇതേ നിയമങ്ങൾ നടപ്പിലാക്കി എന്ന്.


 നമ്മുടെ സംസ്ഥാനം പ്രബുദ്ധം ആണ് എന്ന് പറയുന്നവർ എന്തുകൊണ്ട് ഇവിടെ ഇതിന് കഴിയുന്നില്ല എന്നത് കൂടി പറയേണ്ടതുണ്ട്.


 യാഥാസ്ഥിതികരായ ജനങ്ങൾ ഏറ്റവും കൂടുതലുള്ള കോൺഗ്രസ് ഭരണത്തിന് അതിനു സാധിച്ചെങ്കിൽ ഇടതുപക്ഷ ഭരണത്തിന് കീഴിൽ ഇക്കാലംവരെ ഇത്തരത്തിലുള്ള ഒരു നീക്കം പോലും ഉണ്ടാകാത്തത് അപമാനകരം അല്ലേ? നാലുപതിറ്റാണ്ട് പശ്ചിമ ബംഗാൾ ഭരിച്ച കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് അവിടെയും ഒന്നും കൊണ്ടുവരാൻ കഴിഞ്ഞില്ല എന്നത് ചരിത്രം. ത്രിപുരയിലോ കേരളത്തിലോ ഇത്തരത്തിലൊരു നീക്കം പോലും പാർട്ടിയുടെ ഭാഗത്തുനിന്നുണ്ടായിട്ടില്ല.


 മുകളിൽ ഞാൻ കുറിച്ച അത്രയും കാര്യങ്ങൾ എങ്കിലും ഒരു കർശന നിയമം ആയി നമ്മുടെ സംസ്ഥാനത്ത് വരണം എന്ന് ശാസ്ത്രബോധമുള്ള ജനങ്ങൾ തീർച്ചയായും ആഗ്രഹിക്കും. അത്രയും കാര്യങ്ങൾ നിയമമായി വന്നു കഴിഞ്ഞാൽ തന്നെ ഒരു സംസ്ഥാനത്തിന്റെ ശാസ്ത്രബോധം  പതിന്മടങ്ങു വർദ്ധിക്കും.


വെറുതെ പ്രതീക്ഷിക്കാം ഇതിനൊക്കെ ചങ്കൂറ്റമുള്ള, മിനിമം ശാസ്ത്രബോധമുള്ള ഒരു മുഖ്യമന്ത്രി ഭാവിയിൽ കേരളത്തിൽ ഉണ്ടാകും എന്ന്.


◾️ദിപിൻ ജയദീപ്