Type Here to Get Search Results !

'തടിയൻ ' എന്ന വാക്കിനെ വെറുത്തുകൊണ്ടാണ് ഞാൻ വളർന്നത് ; കുറിപ്പ്‌

'തടിയൻ ' എന്ന വാക്കിനെ വെറുത്തുകൊണ്ടാണ് ഞാൻവളർന്നത്

'തടിയൻ ' എന്ന വാക്കിനെ വെറുത്തുകൊണ്ടാണ് ഞാൻവളർന്നത്, കാരണം  ഒന്നു മുതൽ  ഏഴു വരെ  ഉള്ള സ്കൂൾ ജീവിതത്തിൽ  ഏറ്റവും അധികം  ആളുകൾ  എന്നെ  ഒരു ദയയും കൂടാതെ  കളിയാക്കി വിളിച്ചത് അങ്ങനെ ആയിരുന്നു.


ആ ഒരൊറ്റ വാക്ക്  തന്നെ അപരാധവും ജഡ്ജിയും ജൂറിയും ശിക്ഷയും  ആയിരുന്നു, കാരണം ഞാൻ എനിക്കായി നിർമ്മിച്ച മറ്റെല്ലാ ഐഡന്റിറ്റികളെയും നിഷ്പ്രഭമാക്കാനും നശിപ്പിക്കാനും ഈ ഒരൊറ്റ വാക്ക് മതി ആയിരുന്നു. ഇതു വിളിക്കുന്നതിൽ കുടുംബക്കാർ, നാട്ടുകാർ, അയൽക്കാർ, സഹ പാഠികൾ അദ്ധ്യാപകർ, പുരോഹിതർ തുടങ്ങി  എല്ലാവരും ഉണ്ട്.


 ഈ വിളികൾ ഒക്കെ എനിക്ക് വെറുപ്പ് ആണെങ്കിലും ഒടുവിൽ, എനിക്ക് കൂട്ടുകെട്ട് തേടേണ്ടിവരുമെന്ന പ്രതീക്ഷയിൽ നിന്നാണ്. എനിക്ക് 'സന്ധി'ചെയ്യേണ്ടിവന്നത്. അതായത്, കുഴപ്പം അവർക്ക് അല്ല എനിക്കാണ് എന്ന് ഞാനും സ്വായം  പറയാൻ തുടങ്ങി. എനിക്ക് എന്നോട് തന്നെ വെറുപ്പ് തോന്നാൻ തുടങ്ങി, കാരണം  നമ്മൾ സമൂഹ ജീവിതം ഇഷ്ടപ്പെടുന്ന മനുഷ്യർ ആണ് എന്നത് കൊണ്ട് തന്നെ, എന്തൊക്ക ആക്ഷേപിച്ചാലും ഒക്കെ ഒരു പുഞ്ചിരി കൊണ്ട് മറച്ചു പിടിച്ചു കൊണ്ട് കളിയാക്കി ചിരിച്ചവരോട് കൂട്ടുകൂടാൻ ശ്രമിച്ചിരുന്നു.


തടി  കാരണം  ഓടാൻ  കഴിയാത്ത  എനിക്ക് കായിക മത്സരങ്ങളിൽ പങ്കെടുക്കാൻ പറ്റിയില്ല. പിന്നെ പിന്നെ അത് സ്പോർട്സ് വിരുദ്ധത ആയി മാറി. തടിയന്മാർക്ക് കബഡി,വടം വലി  പോലുള്ള മത്സരം  ഒക്കെ അക്കാലത്ത് സംവരണം  ഉണ്ടായിരുന്നു. എന്തോ അതൊന്നും എനിക്ക് താല്പര്യം ഉണ്ടായില്ല.


എന്നാൽ പ്രസംഗം, രചനാ മത്സരങ്ങൾ,അഭിനയം, കവിത തുടങ്ങിയവയിൽ ഒക്കെ പങ്കെടുത്ത് എനിക്ക് സമ്മാനങ്ങൾ കിട്ടുമായിരുന്നു. അതിൽ  ഒന്നും അഭിനന്ദനങ്ങൾ അറിയിക്കാനോ പ്രോത്സാഹിപ്പിക്കാനോ ഈ കളിയാക്കുന്ന എല്ലാം തികഞ്ഞവരിൽ ആരും ഉണ്ടായില്ല. എന്ന് മാത്രമല്ല അതൊക്കെ പെണ്ണുങ്ങളുടെ മേഖല ആണെന്നും മറ്റും പറഞ്ഞു വേറൊരു കളിയാക്കലും. അന്ന് സ്കൂൾ തലം മുതൽ  കുട്ടികളിൽ ലിംഗ വിവേചനവും  ബോഡി ഷെയ്മിങും  മാത്രമല്ല  വർണ്ണ വെറിയും കടന്നു  വരുന്നുണ്ടായിരുന്നു. ഇതിന്റെ മൂല കാരണം അവരുടെ ഒക്കെ വീട്ടിൽ നിന്ന് തന്നെ എന്നതിൽ സംശയം വേണ്ട.


 ഇത് അപ്പോൾ എന്റെ മാത്രം പ്രശ്നമായിരുന്നില്ല, എനിക്ക് ചുറ്റും ഒരുപാട് പേരെ ഞാൻ അപ്പോൾ കണ്ടു. അവരോടൊക്കെ ഞാൻ പരമാവധി അനുഭാവവും കാണിച്ചു. ആൺകുട്ടികളെക്കാൾ പെൺകുട്ടികളാണ് ഇക്കാര്യത്തിൽ ഏറ്റവും ക്രൂരമായ പരിഹാസത്തിന് ഇരയായിട്ടുള്ളത്. തടിച്ചി ആയതുകൊണ്ട്  കൂട്ടുകൂടാൻ  ആരുമില്ലാത്ത  സഹപാഠികൾ എല്ലാ ക്ലാസിലും ഉണ്ടാകും. അവരുടെ മനസ്സ് ഒന്ന് കാണാൻ അധ്യാപകർക്കു പോലും സാധിച്ചിരുന്നില്ല. 


സിനിമയും കാർട്ടൂണും കോമഡി ഷോകളും ഒക്കെ ബോഡി ഷെയ്മിങ് ഒരു വിനോദം  ആക്കി മാറ്റുന്നത് ഇവിടെ യാതൊരു  കുഴപ്പവും കൂടാതെ  നമ്മുടെ പൊതു ബോധം  സ്വീകരിച്ചു എന്നതാണ് സത്യം. തടിച്ചവർ മാത്രമല്ല, മെലിഞ്ഞവർ,വിക്ക് ഉള്ളവർ, മുച്ചിറി ഉള്ളവർ ഒക്കെ  സമൂഹത്തിന്റെ പരിഹാസപാത്രമാകുന്നത് ഒരുപാട് കണ്ടിട്ടുണ്ട്.


 ഇത്തരം സാഡിസ്റ്റിക് ആയിട്ടുള്ള കളിയാക്കലുകൾ മറ്റുള്ളവരിൽ ഉണ്ടാക്കുന്ന ആഘാതം വളരെ വലുതാണ്. അത് എല്ലാവരിലും ഒരുപോലെ ആയിരിക്കില്ല പ്രവർത്തിക്കുക. ഭാഗ്യവശാൽ എനിക്ക് അതിനെയൊക്കെ മറികടന്ന്, എന്റെ കഴിവുകളെ തിരിച്ചറിയാനും, അതിൽ അഭിമാനത്തോടെ ഉറച്ചു നിൽക്കാനും സാധിച്ചു. അതുമാത്രമല്ല, വളരെ കുറച്ചു പേർ ആണെങ്കിലും  എന്നെ അംഗീകരിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന കുറച്ചു ചങ്ങാതിമാർ  ജീവിതത്തിൽ കിട്ടിയത് എന്റെ വലിയ ഭാഗ്യമായി.


 അല്ലെങ്കിൽ ഞാൻ പൂർണ്ണമായും ഒരു അന്തർമുഖനായി മാറിയേനെ. സ്റ്റേജിൽ കയറി നിൽക്കുമ്പോൾ, ശരീരത്തെക്കുറിച്ച് അല്ല അവിടെ അവതരിപ്പിക്കാൻ പോകുന്ന കാര്യത്തെക്കുറിച്ചാണ് ഞാൻ ചിന്തിക്കേണ്ടത് എന്ന്  ആത്മവിശ്വാസത്തോടുകൂടി സ്വയം പറഞ്ഞു പഠിച്ചു. അല്ലെങ്കിൽ, സഭാകമ്പം എന്നെ ജീവിതത്തിൽ വിട്ടൊഴിയില്ലായിരുന്നു.


 ഇത്തരം കളിയാക്കലുകൾ കൊണ്ട്  ഒട്ടേറെ കഴിവുകൾ ഉണ്ടായിരുന്നിട്ടും ജീവിതത്തിൽ ആൾക്കൂട്ടത്തിൽ നിന്നും മാറി തനിച്ച്  ഒതുങ്ങി ജീവിക്കുന്നവർ എത്രയോ ഉണ്ട് നമുക്കുചുറ്റും. അവരുടെ സവിശേഷമായ കഴിവുകൾ മാത്രമല്ല  സ്വതന്ത്രമായി ഇവിടെ ജീവിക്കാനുള്ള അവരുടെ പൗരാവകാശത്തെ കൂടിയാണ്  ഇത്തരം കളിയാക്കലുകൾ ഹനിക്കുന്നത്.


ജാതി അധിഷേപം കുറ്റമാണ് എന്നാൽ ബോഡി ഷേയ്മിങ് ഒന്നും കുറ്റമാണെന്ന് ഇവിടെ ഭൂരിപക്ഷം  പേർക്കും തോന്നുന്നില്ല. പിന്നെ കർശന നിയമം ആണ് വേണ്ടത്, അത് എന്തായാലും ഇവിടെ നിലവിൽ ഇല്ല. അതൊക്കെ തന്നെയാണ് ഇവിടുത്തെ പ്രശ്നം.


 സ്ത്രീകളുടെ നിറം ശരീരഭാരം, തലമുടി, പുരുഷന്മാരുടെ ഉയരം, നടക്കുന്ന സ്റ്റൈൽ, ഉപയോഗിക്കുന്ന വേഷം തുടങ്ങി പലവിധത്തിലും ആളുകൾ കളിയാക്കാൻ  കാരണങ്ങൾ തിരഞ്ഞു കണ്ടുപിടിക്കും. കരയുകയും  സ്വയം  പഴിക്കുകയും ചെയ്ത ആദ്യ  ഘട്ടം കടന്നപ്പോൾ  സ്വയം ആത്മവിശ്വാസം ഊട്ടിയുറപ്പിക്കുന്ന ഒരു ഘട്ടം വന്നു. എന്നെക്കൊണ്ട് കഴിയുന്ന പല കാര്യങ്ങളും ഈ കളിയാക്കുന്ന വർക്ക് സാധിക്കില്ല എന്ന് തിരിച്ചറിഞ്ഞപ്പോൾ  ഇത്തരം പരിഹാസങ്ങൾക്ക് പുല്ലുവില കൊടുത്തു  അവരെ പുച്ഛിച്ചു കൊണ്ട് ആത്മാഭിമാനത്തോടെ ജീവിക്കാൻ എനിക്ക് സാധിച്ചു. അതെല്ലാവർക്കും കഴിയണമെന്നില്ല. പലരും ആത്മഹത്യ വരെ ചെയ്തിട്ടുണ്ട്. കളിയാക്കുന്ന അതിന് ആത്മഹത്യ ചെയ്യുമോ എന്നൊക്കെ  പറഞ്ഞ് ഇത്തരം വാർത്തകൾക്ക് നേരെയും പരിഹാസത്തോടെ ചിരിക്കുന്നവരെ കാണുമ്പോൾ  മുഖമടച്ച് ഒന്ന് പൊട്ടിക്കാൻ തോന്നാറുണ്ട്. 


 മദ്യപാനവും ഡ്രഗ് ഉപയോഗവും  ഹെൽമറ്റില്ലാതെ മോട്ടോർസൈക്കിൾ ഓടിക്കുന്നതും  സീറ്റ് ബെൽറ്റ് ഇല്ലാതെ വണ്ടി ഓടിക്കുന്നതും ഒക്കെ  മുന്നറിയിപ്പായി അടിയിൽ കൊടുക്കുമ്പോൾ, ബോഡി ഷെയ്മിങ് യാതൊരു കുറ്റവും ആയി സിനിമയിൽ കാണിക്കുന്നില്ല. നവാഗത സംവിധായകരിൽ  ലോകത്തെ അറിഞ്ഞ ചിലരൊക്കെ അതിൽ ജാഗ്രത പുലർത്തുന്നുണ്ട് ഒരുപരിധിവരെ ഒക്കെ. എന്നാലും ഇപ്പോഴും ഇതൊക്കെ സാധാരണമെന്ന് പോലെ സിനിമയിൽ നടക്കുന്നു. അതുകണ്ട് കോമഡി ആണെന്നും പറഞ്ഞ് ആസ്വദിച്ചു കയ്യടിക്കുന്നു പ്രേക്ഷകർ.


 കഴിഞ്ഞദിവസം  മലബാർ ഗോൾഡിൽ  ഇന്റർവ്യൂന് പോയപ്പോൾ  തടി കൂടിയതിന്  അവിടെനിന്നും  തനിക്കുണ്ടായ ദുരനുഭവം എന്റെ സുഹൃത്ത് ആസിഫ് പങ്കുവെച്ചത് കണ്ടപ്പോൾ  ആ സ്ഥാപനത്തിലെ ആളുകളോട് വല്ലാത്ത അരിശം തോന്നി. എത്ര ക്രൂരമായാണ് ഇവരൊക്കെ പെരുമാറുന്നത് എന്ന് ഓർക്കുക. പാശ്ചാത്യ രീതിയിൽ വേഷം കെട്ടിയും, വരുന്ന കസ്റ്റമറേ സാർ / മാഡം  എന്നൊക്കെ വിളിച്ച് പിന്നാലെ നടന്ന് കച്ചവടം കൂട്ടുന്നതു മാത്രമല്ല   കാര്യം  നന്നായി പെരുമാറാൻ കൂടി അറിയണം ഒരു വ്യാപാര സ്ഥാപനത്തിൽ.


 എന്നാണ് ഇവരൊക്കെ  മനുഷ്യരായി ജീവിക്കാൻ പഠിക്കുക???


◾️ദിപിൻ ജയദീപ്