Type Here to Get Search Results !

വാളയാർ പെൺകുട്ടികളെന്ന് കേൾക്കുമ്പോൾതന്നെ ഉള്ളിലൊരു വിങ്ങലാണ്;കുറിപ്പ്

വാളയാർ പെൺകുട്ടികളെന്ന് കേൾക്കുമ്പോൾതന്നെ ഉള്ളിലൊരു വിങ്ങലാണ്

"പെൺകുട്ടികൾ ആത്മഹത്യചെയ്തതാണ് ' പൊലീസ് പറഞ്ഞതുതന്നെ CBI-യും പറയുമ്പോൾ...?

            

വാളയാർ പെൺകുട്ടികളെന്ന് കേൾക്കുമ്പോൾതന്നെ ഉള്ളിലൊരു വിങ്ങലാണ് . മൂന്നോനാലോ ചിലപ്പോൾ അതിലധികമോ ആളുകളാൽ നിരന്തരം പ്രകൃതിവിരുദ്ധ പീഡനങ്ങൾക്കും ബാലാത്സംഗങ്ങൾക്കുമൊക്കെ ഇരയായി വേദനതിന്ന്-തിന്ന് അവസാനം കയർത്തുമ്പിലൊടുങ്ങിപ്പോയ കുഞ്ഞുങ്ങൾ .


പതിമൂന്നും ഒമ്പതും വയസ്സുമാത്രം പ്രായമുണ്ടായിരുന്ന ബാലികമാർ ആ ചെറിയ പ്രായത്തിനുള്ളിൽതന്നെ പച്ചയിറച്ചി വലിച്ചുപറിക്കുന്നവരുടെ ഇടയിൽക്കിടന്ന്  മാനസികമായും ശാരീരികമായും എന്തുമാത്രം അനുഭവിച്ചിട്ടുണ്ടാകും .

അവരെ ഓർക്കുമ്പോഴൊക്കെ പേടിച്ചരണ്ട നാലുകണ്ണുകളും കണ്ണീരുണങ്ങി ചൈതന്യംവറ്റി നിസ്സഹായമായ രണ്ടുമുഖങ്ങളും മനസ്സിലേക്കോടിയെത്തും .

അന്യരോ ബന്ധുക്കളോ ആകട്ടെ ആണിനെ കാണുമ്പോഴൊക്കെ ആന്തലോടെ അതുങ്ങളുടെ ചങ്കിടിച്ചിട്ടുണ്ടാകുമെന്നുറപ്പാണ്...!


അധമരായ മനുഷ്യരുടെ കാമത്തിനുമുന്നിൽ 

അന്തസ്സും അഭിമാനവും ചതഞ്ഞരഞ്ഞ്

ഒരിക്കലും തലയുയർത്തി നടക്കാനാകാതെ പേടിച്ചുപേടിച്ചു ജീവിച്ച്‌ കുരുന്നുപ്രായത്തിൽ പൊലിഞ്ഞുപോയ രണ്ട് മനുഷ്യജീവനുകൾ .

പുറത്തുപറഞ്ഞാൽ കൊന്നുകളയുമെന്ന ഭീഷണിയുടെ കീഴിൽ ജീവിച്ചിരുന്ന കുരുന്നുകളെ സംരക്ഷിക്കാനാകാത്തതോ പോകട്ടെ കൊല്ലപ്പെട്ടിട്ടും നീതി നടപ്പിലാക്കാനാകാത്ത നീതിന്യായവ്യവസ്ഥയും സമൂഹവും .


നിരന്തരമായ പീഡനങ്ങൾ സഹിക്കാനാകാതെ പെൺകുട്ടികൾ ആത്മഹത്യചെയ്തതാണെന്ന് സംസ്ഥാന-പൊലീസ് കണ്ടെത്തിയ റിപ്പോർട്ട് ഡാമ്മിപരിശോധനയൊക്കെ നടത്തിയ CBI ശാസ്ത്രീയമായി ഉറപ്പിച്ചുവത്രേ...!

ഒമ്പതുവയസ്സുള്ള പെൺകുട്ടി കെട്ടിത്തൂങ്ങി ചത്തുവെന്ന്...!

CBI-സമർപ്പിച്ച കുറ്റപത്രം ചുരുട്ടിക്കൂട്ടി വേസ്റ്റ് കൊട്ടയിലിടുന്ന കോടതി 'പോയി മര്യാദയ്ക്ക് അന്വേഷിച്ചുവാടോ'യെന്ന് പറയുമെന്ന് വിശ്വസിക്കുന്നു .


ഈ വിശ്വാസത്തിനുകാരണമായ കേസുകൾ ധാരാളമുണ്ടെങ്കിലും രണ്ടെണ്ണമിവിടെ പറയാം .


2004-സെപ്തംബര്‍ 28-നായിരുന്നു കവിയൂര്‍ ശ്രീവല്ലഭക്ഷേത്രം മേല്‍ശാന്തി നാരായണന്‍ നമ്പൂതിരിയേയും കുടുംബത്തേയും ആത്മഹത്യചെയ്ത നിലയില്‍ കണ്ടെത്തിയത് . ഭാര്യയും മൂന്ന് കുട്ടികളും വിഷം കഴിച്ച് മരിച്ച നിലയിലും നാരായണന്‍ നമ്പൂതിരി തൂങ്ങിമരിച്ച നിലയിലുമായിരുന്നു കാണപ്പെട്ടത് .

കിളിരൂര്‍ പീഡനക്കേസിലെ പ്രതി ലത നായര്‍ ആയിരുന്നു ഈ കേസിലും പ്രതിചേർക്കപ്പെട്ടത് .

നാരായണന്‍ നമ്പൂതിരിയുടെ പ്രായപൂർത്തിയാകാത്ത മകളെ സിനിമയില്‍ അഭിനയിപ്പിക്കാമെന്ന് പറഞ്ഞ് ലത നായര്‍ രാഷ്ട്രീയ-സിനിമാമേഖലയിലുള്ള

പല VVIP-കൾക്കും കൂട്ടിക്കൊടുത്തതിന്റെ അപമാനത്തിലാണ് നാരായണൻ നമ്പൂതിരിയും കുടുംബവും ആത്മഹത്യചെയ്തതെന്നായിരുന്നു കേസ് .


രാഷ്ട്രീയകേരളത്തിൽ കോളിളക്കമുണ്ടാക്കിയ കവിയൂർ കേസ് അവസാനം CBI-ഏറ്റെടുത്തു .

ഉന്നതർക്കുവേണ്ടി കേസ് അട്ടിമറിച്ച CBI

മകളെ പീഡിപ്പിച്ചത് അച്ഛൻ നാരായണൻ നമ്പൂതിരിയാണെന്ന് എഴുതിപ്പിടിപ്പിച്ച  കുറ്റപത്രം മൂന്നുതവണയാണ് കോടതിയിൽ സമർപ്പിച്ചത് . മൂന്നുതവണയും കോടതിയത് ചുരുട്ടിക്കൂട്ടി ദൂരെയ്‌ക്കെറിയുകയും പുനരന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു .

നാരായണൻ നമ്പൂതിരിയുടെ മകൾ പീഡിപ്പിക്കപ്പെട്ടിട്ടുണ്ടെന്നും അതാരൊക്കെയാണ് ചെയ്തതെന്ന് ശാസ്ത്രീയമായി തെളിയിക്കാൻ

ഞങ്ങളെക്കൊണ്ട് കഴിയില്ലെന്നും സമ്മതിച്ച CBI കേസ് അവസാനിപ്പിക്കാനുള്ള ഉത്തരവിടണെമെന്നാണ് കഴിഞ്ഞവർഷം കോടതിയിൽ പറഞ്ഞത് .

അതും തള്ളിയ കോടതി കേസ് വീണ്ടും അന്വേഷിക്കാൻ ഉത്തരവിട്ടിരിക്കുകയാണ് .

CBI ഇത്രമാത്രം നാണംകെട്ടൊരു കേസ് വേറെയുണ്ടെന്ന് തോന്നുന്നില്ല .


1992-മാർച്ച്  2-കോട്ടയം ബിസിഎം കോളജ്

2–ാം വർഷ പ്രീഡിഗ്രി വിദ്യാർഥിനിയും ഉഴവൂർ അരീക്കര ഐക്കരക്കുന്നേൽ തോമസ്-ലീലാമ്മ ദമ്പതികളുടെ മകളുമായ സിസ്റ്റർ അഭയയെ കോട്ടയം പയസ് ടെൻത് കോൺവന്റിനുള്ളിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയതാണ് പ്രമാദമായ അഭയക്കേസ് .


1993-ൽ അഭയ കേസ് ഏറ്റെടുത്ത CBI

1996-ഡിസംബർ 6-ന് ആത്മഹത്യയാണോ കൊലപാതകമാണോയെന്ന് കണ്ടുപിടിക്കാൻ പറ്റുന്നില്ലായെന്നും അതിനാൽ കേസ് എഴുതിത്തള്ളണമെന്നും ആവശ്യപ്പെട്ട് എറണാകുളം സിജെഎം കോടതിയിൽ

റിപ്പോർട്ട് സമർപ്പിച്ചു . പാതിരിമാർ പ്രതികളായ കേസിൽ അത്രയേറെയായിരുന്നു CBI-യ്ക്ക് മേലുള്ള ഉന്നതസമ്മർദ്ദം . അവിടം മുതൽ

കൈവിരലുകളിൽ എണ്ണിയാൽ തീരാത്തത്രയും തവണയാണ് CBI-ഈ ആവശ്യവുമായി കോടതിയിൽ പോയത് .

അഭയ കേസ് എഴുതിതള്ളാനുള്ള CBI-യുടെ താൽപ്പര്യത്തെ നിരാകരിച്ച കോടതികൾ

ഓരോ തവണയും പുനരന്വേഷണത്തിന് ഉത്തരവിട്ടുകൊണ്ടിരുന്നു . 


വഴിവിട്ട് പോയിക്കൊണ്ടിരുന്ന CBI-യെ പലവട്ടം നേർവഴിക്ക്‌ നടത്തിയ കോടതി അവസാനം

CBI-യെ കൊണ്ടുതന്നെ സിസ്റ്റർ അഭയ കേസിലെ പ്രതികളെ അറസ്റ്റ് ചെയ്യിപ്പിച്ചു . കുറ്റാന്വേഷണ ചരിത്രത്തിലെ ഐതിഹാസികമായ കേസിൽ

CBI കണ്ടെത്തിയ പ്രതികൾക്ക്  കൃത്യംനടന്ന്

28- വർഷങ്ങൾക്കിപ്പുറമാണെങ്കിലും 

2020-ഡിസംബർ 22-ന്  കോടതി ശിക്ഷ വിധിച്ചു .


അലംഭാവം കാണിച്ചതായാലും അട്ടിമറിച്ചതായാലും ഈ കുഞ്ഞുങ്ങളുടെ കേസിലും വഴിതെറ്റിയ CBI-യെ കോടതി നേർവഴിക്ക് നടത്തുമെന്ന് പ്രതീക്ഷിക്കാം .

വാളയാർ കുഞ്ഞുങ്ങളെ ഓർക്കുമ്പോൾ ഒരായുധത്തിനായി വലംകൈ തരിക്കാറുള്ള നമ്മളെപ്പോലെയുള്ള സാധാരണക്കാരുടെ വികാരം കോടതിക്ക് മനസ്സിലാകാതെയിരിക്കില്ലല്ലോ... 🙏🙏

                               chamakkalayilratheesh