മുന്‍കൂര്‍ അനുമതിയില്ലാതെ ഡി.എം.ഒമാര്‍ അടക്കമുള്ള ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് മാധ്യമ വിലക്കുണ്ട് എന്ന വാര്‍ത്ത തെറ്റാണെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ആശയവിനിമയം നടത്തി അനുമതി നേടിയതിന് ശേഷം മാത്രമേ മാധ്യമങ്ങള്‍ക്ക് വിവരങ്ങള്‍ നല്‍കാവൂ എന്നാണ് നിര്‍ദ്ദേശിച്ചത് എന്നും മന്ത്രി അറിയിച്ചു.
പല ജില്ലകളിലെയും കണക്കുകള്‍ മാധ്യമങ്ങളില്‍ പല രീതിയിലാണ് വരുന്നത് ഇതിന് ഒരു ഏകീകൃത രൂപം നല്‍കാനാണ് ഈ നടപടിയെന്ന് മന്ത്രി പറഞ്ഞു. പലപ്പോഴും തെറ്റായ വാര്‍ത്തകള്‍ വരുന്ന സാഹചര്യം ഉണ്ടാകാറുണ്ട്. എന്നാല്‍ ഡാറ്റകള്‍ സംബന്ധിച്ച് ആധികാരികമല്ലാത്ത വാര്‍ത്തകള്‍ ശ്രദ്ധയില്‍ പെട്ടിട്ടില്ല എന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. സംസ്ഥാനത്ത് ഒമിക്രോണ്‍ പരിശോധനകള്‍ നടക്കുന്നുണ്ട്. ഇതുവരെ എല്ലാം നെഗറ്റീവാണ് എന്നും മന്ത്രി പറഞ്ഞു.
അട്ടപ്പാടിയിലെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് കോട്ടത്തറ ആശുപത്രി സൂപ്രണ്ടിന്റെ രാഷ്ട്രീയ ആരോപണങ്ങള്‍ക്ക് മറുപടി നല്‍കാനില്ലെന്ന് മന്ത്രി പറഞ്ഞു. അട്ടപ്പാടിയിലെ സ്ഥിതിഗതികള്‍ വിലയിരുത്തേണ്ടത് തന്റെ ഉത്തരവാദിത്വമാണ്. അട്ടപ്പാടിയില്‍ നേരിട്ടുള്ള നിരീക്ഷണത്തില്‍ പ്രവര്‍ത്തനങ്ങള്‍ കൊണ്ടുപോകും എന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
ശിശുമരണങ്ങള്‍ ഉണ്ടാകുമ്പോള്‍ മാത്രമാണ് സര്‍ക്കാര്‍ അട്ടപ്പാടിയെ പരിഗണിക്കുന്നത്. അല്ലാത്തപ്പോള്‍ താന്‍ പറയുന്നത് കേള്‍ക്കാന്‍ ആരും തയ്യാറാകാറില്ല എന്നും പ്രഭുദാസ് പറഞ്ഞു. മന്ത്രി സന്ദര്‍ശനം നടത്തിയ ദിവസം ഇല്ലാത്ത യോഗത്തിന്റെ പേരും പറഞ്ഞ് തന്നെ മനഃപൂര്‍വം മാറ്റി നിര്‍ത്തിയതാണ് എന്നും അദ്ദേഹം ആരോപിച്ചിരുന്നു. അതേ സമയം, സൂപ്രണ്ടിനെ ഒഴിവാക്കിയതല്ല. തിരുവനന്തപുരത്ത് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ യോഗം നേരത്തെ നിശ്ചയിച്ചതാണ്. അട്ടപ്പാടിയിലേക്ക് തന്റെ സന്ദര്‍ശനം പെട്ടെന്നുണ്ടായതാണ് എന്നും മന്ത്രി വീണാ ജോര്‍ജ്ജ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.