Type Here to Get Search Results !

കൈക്കൂലി വാങ്ങിയ ഓമല്ലൂർ വില്ലേജ് ഓഫീസർ അറസ്റ്റിൽ ; ഇനി രണ്ട് മാസം ശമ്പളത്തോട് കൂടി വിശ്രമം

കൈക്കൂലി വാങ്ങിയ ഓമല്ലൂർ വില്ലേജ് ഓഫീസർ അറസ്റ്റിൽ ; ഇനി രണ്ട് മാസം ശമ്പളത്തോട് കൂടി വിശ്രമം

കൈക്കൂലിക്കാരായ ഉദ്യോഗസ്ഥരെ കൊണ്ട് പൊറുതിമുട്ടി ജനം. ഭൂമി പോക്കുവരവ് ചെയ്തുനൽകുന്നതിന് ഉടമയിൽ നിന്ന് കൈക്കൂലി ചോദിച്ചു. ഓമല്ലൂർ വില്ലേജ് ഓഫീസർ കിടങ്ങന്നൂർ കോട്ട സൗപർണികയിൽ എസ്.കെ. സന്തോഷ് കുമാറിനെ വിജിലൻസ് തെളിവു സഹിതം കൈയ്യോടെ അറസ്റ്റുചെയ്തു. വാഴമുട്ടം സ്വദേശി ശിവകുമാറിന്റെ കൈയിൽ നിന്ന് 3000 രൂപ വാങ്ങുമ്പോഴാണ് ഇയാൾ വിജിലൻസ് പിടിയിലായത്.ശിവകുമാർ അപേക്ഷ നൽകിയപ്പോൾ പ്രമാണത്തിൽ ചില തടസങ്ങൾ ഉണ്ടെന്നുപറഞ്ഞ് 5000 രൂപയുമായി വരാൻ വില്ലേജ് ഓഫീസർ സന്തോഷ് ആവശ്യപ്പെടുകയായിരുന്നു. ഇത്രയും പണം നൽകാൻ നിർവാഹമില്ലെന്ന് പറഞ്ഞപ്പോൾ 3000 രൂപ കൊണ്ടുവരാൻ ഇയാൾ പറഞ്ഞു.



കൈക്കൂലി നൽകാൻ തയ്യാറാകാതെ വില്ലേജ് ഓഫീസർക്കെതിരെ ശിവകുമാർ പത്തനംതിട്ട വിജിലൻസ് ഡിവൈഎസ്പി ഹരിവിദ്യാധരന് പരാതി നൽകി.തുടർന്ന് വിജിലൻസ് നൽകിയ പണവുമായാണ് ശിവകുമാർ വില്ലേജ് ഓഫീസിൽ എത്തിയത്. ഒരു വിജിലൻസ് ഉദ്യോഗസ്ഥൻ വിവരാവകാശ അപേക്ഷ നൽകാനെന്ന പേരിൽ വില്ലേജ് ഓഫീസിനുള്ളിൽ തന്നെ നിൽക്കുകയായിരുന്നു. പുറത്ത് മറ്റ് വിജിലൻസ് ഉദ്യോഗസ്ഥരും നിൽക്കുന്നുണ്ടായിരുന്നു. ഓഫീസ് മുറിയിലെ ജനാല കർട്ടനുകൾ നീക്കിയിട്ടും പുറത്താരും ഇല്ലെന്ന് ഉറപ്പാക്കിയ ശേഷവുമാണ് ശിവകുമാറിനോട് വില്ലേജ് ഓഫീസർ പണം വാങ്ങിയത്. ഉടനെ തന്നെ വിജിലൻസ് ഓഫീസിൽ കയറി കൈയ്യോടെ പിടികൂടി. ഈ സമയം ഇയാളുടെ കിടങ്ങന്നൂരിലെ വീട്ടിലും റെയ്ഡ് നടന്നു .ഈ വില്ലേജ് ഓഫീസർക്കെതിരെ എറെ നാളായി വ്യാപക പരാതികളുണ്ടായിരുന്നു. തന്നെ ഒരു ചുക്കും ചെയ്യാൻ കഴിയില്ല എന്ന് പറഞ്ഞ് മാസ്ക് നീക്കി ഇയാൾ മാധ്യമ പ്രവർത്തകരെയും ജനങ്ങളെയും വെല്ലുവിളിക്കുകയും ചെയ്തു.