സഹോദരിയുടെ വിവാഹം നടത്താനുള്ള പണം വായ്പയായി ലഭിക്കാത്തതിൽ മനംനൊന്ത് യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതികരണവുമായി വരൻ. സ്വർണവും പണവും കണ്ടല്ല വിവാഹം ഉറപ്പിച്ചതെന്നും വിപിന്റെ സഹോദരിയെ താൻ വിവാഹം കഴിക്കുമെന്നും വരൻ സ്വകാര്യ ചാനലിനോട് പ്രതികരിച്ചു.
തൃശ്ശൂർ ഗാന്ധിനഗർ കുണ്ടുവാറയിൽ പച്ചാലപ്പൂട്ട് വീട്ടിൽ വിപിൻ ആണ് സ്വകാര്യ ബാങ്കിൽ നിന്നും വായ്പ ലഭിക്കാത്തതിനെ തുടർന്ന് ആത്മഹത്യ ചെയ്തത്. ‘വായ്പ കിട്ടും എന്നിട്ട് നമുക്ക് വിവാഹം നടത്തവും എന്നായിരുന്നു വിപിൻ പറഞ്ഞിരുന്നത്. ഞങ്ങൾ തമ്മിൽ മൂന്ന് വർഷമായി അറിയുന്നതാണ്. ഞാൻ ഗൾഫിലായിരുന്നു ലീവിന് വന്നിട്ട് നടത്താമെന്നായിരുന്നു തീരുമാനിച്ചത്. ലീവിന് വന്നതായിരുന്നു. ജനുവരിയിൽ പോകണം. അതിനു മുന്നേ നടത്താം എന്നായിരുന്നു തീരുമാനം. അവരുടെ സാഹചര്യം നമുക്ക് അറിയാവുന്നതാണ്. സ്വർണം ഒന്നും ചോദിച്ചിട്ടില്ല. അച്ഛനില്ലാത്തതാണ്. അവർ രണ്ട് പേരും ജോലിക്ക് പോയിട്ടാണ് അവർ ജീവിക്കുന്നത്. ഞാൻ അവളെ ഇഷ്ടപ്പെട്ടത് അതൊന്നും കണ്ടിട്ടല്ല. ഞങ്ങൾ തമ്മിൽ ഇഷ്ടത്തിലായിരുന്നു. അങ്ങനെയാണ് വിവാഹം നടത്താൻ തീരുമാനിച്ചത്’, യുവാവ് പറയുന്നു.
ഇന്നലെയാണ് വിപിൻ വീടിനുള്ളിൽ ആത്മഹത്യ ചെയ്തത്. സഹോദരിയുടെ വിവാഹാവശ്യങ്ങൾക്കായിവായ്പ തേടിയിരുന്നു. മൂന്നുസെന്റ് ഭൂമി മാത്രമേ സ്വന്തമായുണ്ടായിരുന്നുള്ളൂ. ആയതിനാൽ ബാങ്കിൽ നിന്ന് വായ്പ കിട്ടിയില്ല. തുടർന്ന്, പുതുതലമുറ ബാങ്കിൽ നിന്ന് വായ്പയ്ക്ക് അപേക്ഷിച്ചിരുന്നു. തുടർന്ന് കഴിഞ്ഞദിവസം വായ്പ അനുവദിച്ചെന്ന അറിയിപ്പിനെ തുടർന്ന് വിവാഹത്തിന് സ്വർണമെടുക്കാനായി അമ്മയെയും സഹോദരിയെയും കൂട്ടി ജ്വല്ലറിയിലെത്തുകയായിരുന്നു.
ആഭരണങ്ങളെടുത്തശേഷം, പണവുമായി ഉടനെത്താമെന്നറിയിച്ച് വിപിൻ പോവുകയായിരുന്നു. എന്നാൽ, വായ്പ അനുവദിക്കാനാകില്ലെന്ന് ബാങ്കിൽ നിന്ന് പിന്നീട് അറിയിപ്പ് കിട്ടി. ജൂവലറിയിൽ ഏറെനേരം കാത്തിരുന്നിട്ടും മകനെ കാണാതായതോടെ അമ്മ ബേബിയും സഹോദരി വിദ്യയും വീട്ടിലെത്തിയപ്പോഴാണ് വിപിനെ മരിച്ച നിലയിൽ കണ്ടത്.
സൂപ്പർ മാർക്കറ്റിൽ ജീവനക്കാരനായിരുന്ന വിപിന് കോവിഡ്കാലത്ത് അത് നഷ്ടപ്പെട്ടിരുന്നു. മരപ്പണിക്കാരനായിരുന്ന അച്ഛൻ വാസു അഞ്ചുകൊല്ലം മുമ്പ് മരിച്ചിരുന്നു. നാളുകൾക്ക് മുമ്പേ നിശ്ചയിച്ച വിപിന്റെ സഹോദരിയുടേ വിവാഹം സാമ്പത്തികപ്രതിസന്ധി കാരണം അടുത്ത ഞായറാഴ്ചത്തേക്ക് നീട്ടിവെച്ചതായിരുന്നു.