കേരളത്തെ ഞെട്ടിച്ച അട്ടപ്പാടിയിലെ മധു കൊലക്കേസില്‍ നീതി തേടി കുടുംബം ഹൈക്കോടതിയിലേക്ക്. ആദിവാസി യുവാവായ മധുവിനെ മര്‍ദിച്ച് കൊലപ്പെടുത്തിയ സംഭവം നടന്ന് നാല് വര്‍ഷമായിട്ടും വിചാരണ നടപടികള്‍ പോലും ആരംഭിക്കാത്ത സാഹചര്യത്തിലാണ് കുടുംബത്തിന്റെ നീക്കം. കഴിഞ്ഞ ദിവസം കേസ് പരിഗണിച്ചപ്പോള്‍ മധുവിനായി ആരും ഹാജരായിരുന്നില്ല. ഇതേത്തുടര്‍ന്ന് കേസ് ഫെബ്രുവരി 26 ലേക്ക് മാറ്റി.കേസില്‍ സെപ്ഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറായി സര്‍ക്കാര്‍ നിയോഗിച്ച വിടി രഘുനാഥ് കോടതിയില്‍ ഹാജരായിരുന്നില്ല. ഇതിന് പിന്നാലെ കോടതി രൂക്ഷമായ ഭാഷയില്‍ വിമര്‍ശനം ഉന്നിയിച്ചിരുന്നു. മണ്ണാര്‍ക്കാട് എസ്‌സി, എസ്ടി പ്രത്യേക കോടതിയാണ് ചോദ്യമുന്നയിച്ചത്. കേസില്‍ നിന്നും ഒഴിയാന്‍ നേരത്തെ പ്രോസിക്യൂട്ടര്‍ കത്ത് നല്‍കിയിരുന്നു. ഇതിന് പിന്നാലെയായാണ് ഇയാള്‍ തുടര്‍ച്ചയായി കോടതിയില്‍ നിന്നും ഹാജറാവുന്നതില്‍ നിന്ന് വിട്ട് നിന്നത്. ഇതിന് പിന്നാലെയാണ് കുടുംബത്തിന്റെ പ്രതികരണം.
കേസില്‍ വിചാരണ വൈകുന്നതില്‍ നിരാശയുണ്ടെന്ന് വ്യക്തമാക്കിയ കുടുംബം പ്രോസിക്യൂട്ടര്‍ ഹാജരാകാത്തത് എന്തുകൊണ്ടെന്നറിയില്ലെന്നും റിപ്പോര്‍ട്ടര്‍ ടിവിയോട് പ്രതികരിച്ചു. പ്രോസിക്യൂട്ടറെ ഫോണില്‍ വിളിച്ച് കിട്ടിയിട്ടില്ലെന്നും മധുവിനെ സഹോദരി സരസു പറയുന്നു. സംഭവത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കും. ഇതിനായുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്നും മധുവിന്റെ കുടുംബം പ്രതികരിച്ചു.2018 ഫെബ്രുവരി 22 നാണ് കേരളത്തെ നടുക്കിയ മധുവിന്റെ കൊലപാതകം നടന്നത്. മോഷണക്കുറ്റം ആരോപിച്ച് അട്ടപ്പാടി മുക്കാലിക്കടുത്ത് കടുകുമണ്ണ ആദിവാസി ഊരിലെ മധുവിനെ ഒരു സംഘം നാട്ടുകാര്‍ കെട്ടിയിട്ട് മര്‍ദിക്കുകയും പൊലീസിന് കൈമാറുകയും ചെയ്തു. പൊലീസ് വാഹനത്തില്‍ ആശുപത്രിയില്‍ കൊണ്ട് പോവുന്ന വഴി യുവാവ് മരണപ്പെട്ടു. മധുവിനെ മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ പ്രതികള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. കേസിലെ എല്ലാ പ്രതികളും നിലവില്‍ ജാമ്യത്തിലാണ്.