വൈക്കത്ത് മദ്യലഹരിയിൽ മകൻ അമ്മയെ ക്രൂരമായി കൊലപ്പെടുത്തി. വൈക്കപ്രയാർ കണിയാംതറ താഴ്ച വീട്ടിൽ പരേതനായ സുരേന്ദ്രന്റെ ഭാര്യ മന്ദാകിനിയാണ് (76) മരണപ്പെട്ടത്. സംഭവത്തിൽ മകനായ 38കാരൻ ബൈജുവിനെ പോലീസ് അറസ്റ്റുചെയ്തു. മദ്യലഹരിയിലെത്തിയ ബൈജു മന്ദാകിനിയെ ചെടിച്ചട്ടി കൊണ്ട അടിക്കുകയായിരുന്നു, ശേഷം മരണം ഉറപ്പാക്കാൻ വീടിന് സമീപത്തെ തോട്ടിൽ ചവിട്ടിതാഴ്ത്തുകയും ചെയ്തു.ക്രൂരത കണ്ടുനിൽക്കാനാവാതെ സമീപവാസികൾ ഓടിയെത്തിയെങ്കിലും അവരെ ബൈജു അരിവാൾ വീശി വിരട്ടിയോടിക്കുകയും ചെയ്തു. തുടർന്ന് കൂടുതൽ പേരെത്തിയാണ് യുവാവിനെ കീഴ്‌പ്പെടുത്തിയത്. മന്ദാകിനിയെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.
ഇന്നലെ ഉച്ചയ്ക്കു രണ്ടിനാണ് സംഭവത്തിന്റെ തുടക്കം. അമ്മയെ ബൈജു ആദ്യം ചെടിച്ചട്ടികൊണ്ട് അടിച്ചു വീഴ്ത്തി. പിന്നീട് വീടിനു സമീപത്തെ തോട്ടിലേക്കു തള്ളിയിട്ടു. രക്ഷപ്പെടാൻ ശ്രമിച്ച മന്ദാകിനിയെ തോട്ടിലേക്കു ചവിട്ടിത്താഴ്ത്തി. സമീപത്തെ പുരയിടത്തിൽ പണിക്കെത്തിയ തൊഴിലുറപ്പ് തൊഴിലാളികൾ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും അരിവാൾ വീശിയതോടെ പിന്മാറേണ്ടി വന്നു. ഈ സമയം, സമീപത്തു താമസിക്കുന്ന ബൈജുവിന്റെ സഹോദരൻ ബിജു കൂടുതൽ പേരെ വിവരം അറിയിച്ചു.എല്ലാവരും ചേർന്ന് മന്ദാകിനിയെ കരയ്‌ക്കെത്തിച്ച് വൈക്കം താലൂക്ക് ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ബൈജു മദ്യപിച്ചു ബഹളമുണ്ടാക്കുന്നത് പതിവു സംഭവമാണെന്നു നാട്ടുകാർ പറയുന്നു. തടിപ്പണിക്കാരനായ ഇയാൾ അവിവാഹിതനാണ്.