Type Here to Get Search Results !

മേലനങ്ങാതെ രാഷ്ട്രീയത്തിൽ പയറ്റി തെളിഞ്ഞാൽ ഇവിടെ സുഖമായി കഴിയാം;കുറിപ്പ് ദിപിൻ ജയദീപ്

മേലനങ്ങാതെ രാഷ്ട്രീയത്തിൽ പയറ്റി തെളിഞ്ഞാൽ ഇവിടെ സുഖമായി കഴിയാം

നമ്മുടെ മുഖ്യമന്ത്രിയുടെ ഒരു മാസത്തെ ശമ്പളം 1,85,000 രൂപയാണ്. പ്രധാനമന്ത്രിയുടെയും  സുപ്രീംകോടതി ചീഫ് ജസ്റ്റിസിന്റെ യും ശമ്പളം2,80,000 രൂപയാണ്.

രാഷ്ട്രപതിക്ക് 5ലക്ഷവും, ഉപരാഷ്ട്രപതിക്ക് നാലു ലക്ഷവും ആണ്.


ക്യാബിനറ്റ് സെക്രട്ടറിമാർ, സുപ്രീം കോടതി ജഡ്ജിമാർ, ഓഡിറ്റർ ജനറൽമാർ,ഗവർണർമാർ,UPSC  അധ്യക്ഷൻ, മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ,  സൈനിക മേധാവികൾ, ഹൈക്കോടതി ചീഫ് ജസ്റ്റിസ്മാർ തുടങ്ങിയവർക്ക് രണ്ടു ലക്ഷത്തി അമ്പതിനായിരം രൂപയാണ് പ്രതിമാസ ശമ്പളം.


 ഒരു ലോക്സഭ എംപിക്ക് കിട്ടുന്നത് ഒരു ലക്ഷം രൂപയാണ്. കൂടാതെ 45,000 രൂപ മണ്ഡല വികസനത്തിനും, 60000 രൂപ ഓഫീസ് ചെലവുകൾക്കും അതിനും പുറമേ പാർലമെന്റിൽ ഒരു സഭ കൂടുമ്പോൾ 2000 രൂപ വെച്ച് വേറെയും കിട്ടുന്നു. ഓരോ എംപിമാരും സഭയിൽ സന്നിഹിതരാകുമ്പോൾ  2000 രൂപ വെച്ച് പോകുന്നു എന്ന് ഓർക്കണം.

അതായത്, ശമ്പളത്തിനും മറ്റ് ആനുകൂല്യങ്ങൾക്കും പുറമേ 2000 രൂപ വെച്ച് ഓരോ സഭ കൂടുമ്പോഴും വാങ്ങിയിട്ടാണ് ചില മരവാഴ എംപിമാർ നായ ചന്തയ്ക്കു പോയതുപോലെ പാർലമെന്റിൽ പോയിരുന്നു മടങ്ങിവരുന്നത്.


രാജസ്ഥാൻ, കേരളം, ഒഡിഷ, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലും പിന്നെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും  ആണ് രണ്ടു ലക്ഷത്തിൽ കുറവ് ശമ്പളം വാങ്ങുന്നവർ. എല്ലാ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും 200000 ഓ അതിനു മുകളിലോ ശമ്പളം പ്രതിമാസം കൈപ്പറ്റുന്നവരാണ്.


 തെലുങ്കാനയും ഡൽഹിയും ആണ് ഏറ്റവും കൂടുതൽ ശമ്പളം കൈപ്പറ്റുന്ന മുഖ്യമന്ത്രിമാർ ഉള്ളത്. ആം ആദ്മി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ വാങ്ങുന്നത് നാലു ലക്ഷം  രൂപയാണ്.


കഴിഞ്ഞ സർക്കാരിന്റെ കാലത്ത് നമ്മുടെ നാട്ടിലെ ഒരു നിയമസഭാ സാമാജികന്  ഏറ്റവും കുറഞ്ഞത് പ്രതിമാസം കിട്ടുക 39500 രൂപയാണ്.

(1000 രൂപ ശമ്പളം+ പ്രാദേശിക വികസനത്തിന് 12000+ ഫോൺ ചെലവുകൾക്ക് 7500+ യാത്രാ ചെലവുകൾക്കും മറ്റു ചെലവുകൾക്കും ആയി പതിനെട്ടായിരം) ഇതിനു പുറമേ ഓരോ നിയമസഭാ സമ്മേളനത്തിൽ പങ്കെടുക്കുന്നതിന് 750 രൂപ കൂടി കിട്ടും. കേരളത്തിനകത്ത് യാത്ര ചെയ്യുന്ന ഒരു എംഎൽഎയ്ക്ക് റോഡ് മാർഗം പോയാൽ കിലോമീറ്ററിന് ഏഴ് രൂപ നിരക്കിൽ യാത്ര ബത്തയും കേരളത്തിന് പുറത്താണെങ്കിൽ 6 രൂപ വച്ചും കിട്ടും. ഇതിനും പുറമേ യാത്രാ ചെലവുകൾ പരിഹരിക്കുന്നതിന്  പ്രതിവർഷം 2,75,000 രൂപ കൂടി ഒരു എംഎൽഎ കിട്ടും. ട്രെയിൻ യാത്ര സൗജന്യമാണ്. ജീവിതപങ്കാളിയെ യും ഒരു സഹായിയെയും ഈ സൗജന്യ യാത്രയിൽ ഉൾപ്പെടുത്താം. കെഎസ്ആർടിസി, ജലഗതാഗത യാത്രകളും സൗജന്യമാണ്. പുതിയ വണ്ടി വാങ്ങണമെങ്കിൽ എംഎൽഎക്ക് യാതൊരു പലിശയും ഇല്ലാതെ 5 ലക്ഷം രൂപ വരെ കിട്ടും.  പുസ്തകങ്ങൾ വാങ്ങിക്കാൻ 15,000 രൂപയാണ് കിട്ടുന്നത്.

ഇപ്പോഴിത് ഉയർത്തി എഴുപതിനായിരം ആക്കിയിട്ടുണ്ട്. മന്ത്രിമാർക്ക് മുൻപ് 55,000 ആയിരുന്നു, പിണറായി സർക്കാർ അതും ഉയർത്തി 90,500 രൂപയാക്കി കൊടുത്തു.2012 ജയിംസ് കമ്മീറ്റിയുടെ  ശുപാർശ ചൂണ്ടിക്കാട്ടിയാണ് ഈ ശമ്പളവർധനവ്. 


പ്രാദേശിക വികസന തുക 12000 ത്തിൽ നിന്ന് നാൽപതിനായിരം ആക്കിയാണ് ഉയർത്തിയത്. പ്രതിമാസം ഈ എംഎൽഎമാർ ഒക്കെ ഇത് എന്ത് ചെയ്യുന്നു എന്ന് അറിയാനുള്ള അവകാശം ജനങ്ങൾക്കുണ്ട്.


അഞ്ചു വർഷം സംസ്ഥാനത്ത് എംഎൽഎ ആയി കാലാവധി പൂർത്തിയാക്കിയ ഒരാൾക്ക്  പ്രതിമാസം 10000 രൂപ പെൻഷൻ ഉണ്ട്. അഞ്ചു വർഷത്തിൽ കൂടുതൽ എംഎൽഎ ആയിരുന്ന ആൾ ആണെങ്കിൽ എക്സ്പീരിയൻസ് അനുസരിച്ച് 750 രൂപ വെച്ച് വീണ്ടും കൂടും. 70 നും 80 നും ഇടയിൽ പ്രായമുള്ള മുൻ എം എൽ എ മാർക്ക് അതിനും പുറമെ 2500 രൂപ കൂടി കിട്ടും.എൺപതിനും   തൊണ്ണൂറിനും  ഇടയിലാണെങ്കിൽ 3000. മുൻ എം എൽ എ മാർക്ക് ട്രെയിൻ യാത്ര ചെയ്യാൻ പ്രതിവർഷം 50,000 രൂപയുടെ കൂപ്പൺ ഉണ്ട്. കെഎസ്ആർടിസിയിൽ യാത്ര തികച്ചും സൗജന്യമാണ്.


ഇതാണ് ഇന്ത്യ. ഇവിടെ രാഷ്ട്രീയം ആണ് എല്ലാം.ജീവിതത്തിൽ ഒരു തവണ എംഎൽഎ/ എംപി ആയാൽ പിന്നീടുള്ള കാലം സുഖമായി കഴിയാം. എങ്ങനെയെങ്കിലും ഒരു മന്ത്രിയായാൽ പിന്നെ വിഷമിക്കേണ്ട കാര്യമില്ല.


 പ്രൈവറ്റ് കമ്പനികളിൽ സ്വയം തേഞ്ഞുതീരുന്ന നമ്മുടെ യൗവനങ്ങൾ എന്താവും മിച്ചം പിടിക്കുക? ഔദാര്യം പോലെ കിട്ടുന്ന പ്രൊവിഡൻ ഫണ്ട് മാത്രം കാണും. അതും അനുഭവിക്കാനുള്ള യോഗം കാണില്ല. അത്രമേൽ പ്രതിസന്ധികളിലും സാമ്പത്തിക ബാധ്യതകളിലും  ആണ് കഷ്ടപ്പെട്ട് അധ്വാനിച്ച്  ജീവിതം വലിച്ചുകൊണ്ടുപോകുന്ന ശരാശരി ഇന്ത്യൻ യുവാക്കൾ.


മേലനങ്ങാതെ രാഷ്ട്രീയത്തിൽ പയറ്റി തെളിഞ്ഞാൽ ഇവിടെ സുഖമായി കഴിയാം. മത സാമുദായിക കക്ഷികളുടെ പ്രതിനിധി ആണെങ്കിൽ കൂടുതൽ എളുപ്പമായി. ഒരു സമരത്തിന് പോലും ഇറങ്ങേണ്ട കാര്യമില്ല. ഒരു തവണ പോലും നിയമസഭയിൽ ശബ്ദം ഉയരാതെ അഞ്ചുവർഷം കെട്ടുകാഴ്ചകൾ പോലെ ഇരിക്കുന്ന എത്രയോ എംഎൽഎമാർ ഉണ്ട്. എത്രയോ എംപിമാർ ഉണ്ട് പാർലമെന്റിലും  ഇതുപോലെ. നമ്മൾ തെരഞ്ഞെടുത്ത്  അയക്കുന്നവർക്ക്  നമ്മൾ അനുഭാവം പ്രകടിപ്പിക്കുന്ന പാർട്ടി നിർദ്ദേശിക്കുന്ന മാനദണ്ഡം മാത്രമാണോ അതോ നാടിനെ നയിക്കാൻ ഉള്ള കഴിവും ആർജ്ജവവും ഉണ്ടോ എന്നുകൂടി ഉറപ്പു വരുത്തിയിട്ട് വേണം വോട്ട് ചെയ്യാൻ.


 മേൽപ്പറഞ്ഞ കണക്കുകളൊക്കെ പുറമേ ഒരുപാട് പാഴ്ച്ചെലവുകൾ ഉണ്ട്. ഓരോ എംഎൽഎമാർക്കും എംപിമാർക്കും മന്ത്രിമാർക്കും ഒക്കെ എത്രയോ പേഴ്സണൽ സ്റ്റാഫുകൾ ഉണ്ട്. മന്ത്രിമാർക്ക് ഉപദേഷ്ടാക്കൾ ഉണ്ട്. മുഖ്യമന്ത്രിക്ക് തന്നെ എത്രയോ ഉപദേഷ്ടാക്കൾ ഉണ്ട്. പ്രധാനമന്ത്രിക്ക് ഒരുപാട് ഉപദേഷ്ടാക്കൾ ഉണ്ട് ഇവരുടെയൊക്കെ ശമ്പളം കേട്ടാൽ നമ്മൾ ഞെട്ടും. കൊച്ചു കേരളത്തിൽ എത്രയോ അനാവശ്യ കമ്മീഷനുകൾ ഉണ്ട്. അവയുടെ ധർമ്മം 50% എങ്കിലും അവ പൂർത്തീകരിക്കുന്നുണ്ടെങ്കിൽ വേണ്ടില്ല. ധൂർത്തിനും പാർട്ടിയിൽ പ്രവർത്തിച്ച പരിചയമുള്ളവർക്ക് സ്ഥാനമാനങ്ങൾ അലങ്കരിക്കാനും വേണ്ടി നിർമ്മിക്കുന്ന തസ്തികകളാണ് പലതും.


ഇടതുപക്ഷ സര്‍ക്കാര്‍ 2016ൽ  അധികാരത്തിലേറുമ്പോള്‍ കേരളത്തിന്റെ പൊതുകടം 1.50 ലക്ഷം കോടി രൂപയായിരുന്നു. ഒന്നാം പിണറായി സർക്കാർ ഇറങ്ങിയപ്പോള്‍ അത് 2.50 ലക്ഷം കോടി രൂപയാണ്. ആളോഹരി കടം 46,078 രൂപയില്‍ നിന്ന് 72,430 രൂപയില്‍ എത്തിയിരുന്നു .2017-18 ല്‍ നമ്മുടെ റവന്യു ചെലവിന്റെ 25 ശതമാനവും ചെലവഴിച്ചത് കടം എടുത്ത വായ്പകളുടെ പലിശ അടയ്ക്കാന്‍ മാത്രമായിരുന്നു. ബാക്കി റവന്യു ചെലവിന്റെ 50 - 55 ശതമാനം പോകുന്നത് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളവും പെന്‍ഷനും നല്‍കാനും. 2017-18 ല്‍ അതായിരുന്നു അവസ്ഥ എങ്കില്‍ ഇപ്പോള്‍ അത് എത്രയാകും എന്നൂഹിക്കാമല്ലോ.


 ജനാധിപത്യം ഇങ്ങനെയാണ്. ഇതിനെയൊക്കെ ഇഴകീറി നോക്കാൻ പോയാൽ നമ്മളൊക്കെ അരാജകവാദികൾ ആയി മാറും. അല്ലെങ്കിൽ മറ്റെന്തെങ്കിലും ആയി മാറും.


© ദിപിൻ ജയദീപ്