ഒരുമിച്ച് ജീവിച്ച് വിവാഹശേഷം രണ്ടുവീടുകളിലേയ്ക്ക് മാറേണ്ടി വരുന്ന ഇരട്ട സഹോദരിമാർ ആയിരിക്കും ഭൂരിഭാഗം. ഈ വേർപിരിയൽ ഇവർക്ക് താങ്ങാനാവുന്നതിലും അപ്പുറമായിരിക്കും. എന്നാൽ തലലവടി ഇലയനാട്ട് വീട്ടിൽ ഇ.എൻ പവിത്രന്റേയും സുമംഗലദേവിയുടേയും ഇരട്ട പെൺമക്കളായ പവിത്രയുടേയും സുചിത്രയും വിവാഹശേഷവും ഒരേ വീട്ടിൽ തന്നെ താമസിക്കും.കാരണം ഇരുവർക്കും വന്ന് ചേർന്നത് ഇരട്ട സഹോദരന്മാരാണ്. വിവാഹ ശേഷം ഇരുവർക്കും ഒരുമിച്ച് ജീവിക്കാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് പവിത്രയും സുചിത്രയും കുടുംബവും. ഇത്ര നാളും ഒപ്പമുണ്ടായിരുന്ന സഹോദരിയെ പിരിയാൻ കഴിയില്ലെന്ന തീരുമാനമാണ് ഇരട്ടകളായ വരന്മാർക്ക് വേണ്ടി തിരയാൻ കാരണമായത്.
പത്തനംതിട്ട പെരിങ്ങര ചക്കാലത്തറ പേരകത്ത് വീട്ടിൽ മണിക്കുട്ടൻ, രഗ്‌നമ്മ ദമ്പതികളുടെ ഇരട്ട ആൺമക്കളായ അനുവും വിനുവുമാണ് ഇവർക്ക് താലിചാർത്തിയത്. തലവടി മഹാഗണപതി ക്ഷേത്രത്തിൽ വെച്ചായിരുന്നു വിവാഹം. കൊവിഡ് മഹാമാരി വീണ്ടും പിടിമുറുക്കിയതിനാൽ ഞായറാഴ്ച ലോക്ഡൗണിന് സമാനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു.ആയതിനാൽ കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചായിരുന്നു വിവാഹം. പെൺമക്കളെ ഒരേ വീട്ടിലേക്ക് കൈപിടിച്ച് അയയ്ക്കുന്ന ആശ്വാസത്തിലാണ് പവിത്രയുടേയും സുചിത്രയുടേയും മാതാപിതാക്കളുമുള്ളത്. ഇവർക്ക് ഒരുപാട് പേർ ആശംസകൾ അറിയിച്ചു.