Type Here to Get Search Results !

കുരീപ്പുഴ ശ്രീകുമാർ പറഞ്ഞതിലെ തെറ്റ് എന്താണെന്ന് എനിക്ക് മനസ്സിലാകുന്നില്ല ;കുറിപ്പ്

കുരീപ്പുഴ ശ്രീകുമാർ പറഞ്ഞതിലെ തെറ്റ് എന്താണെന്ന് എനിക്ക് മനസ്സിലാകുന്നില്ല.

അന്ധവിശ്വാസങ്ങളും,  അനാചാരങ്ങളും കേരളീയ സമൂഹത്തിൽ പിടിമുറുക്കുമ്പോൾ നാരായണഗുരുവിന്റെ " ദൈവദശക ത്തേക്കാൾ" പ്രസക്തി സഹോദരൻ അയ്യപ്പന്റെ "സയൻസ് ദശകത്തിന്" ആണെന്ന കവി  കുരീപ്പുഴ ശ്രീകുമാറിന്റെ പ്രസ്താവനയോട് പ്രതികരിച്ചതിലൂടെ തന്റെ ഈഴവസ്വത്ത്വം അറിയാതെ  വെളിപ്പെടുത്തുകയാണ്  എം കെ ഹരികുമാർ. 


ട്രൂത്ത് ലൈവ് എന്ന ഓൺലൈൻ പ്രസിദ്ധീകരണത്തിലൂടെയാണ് എഴുത്തുകാരനായ എം കെ ഹരികുമാറിന്റെ വിമർശനം. 


വിമർശനം ഒരു നല്ല കാര്യമാണ്, 

 പക്ഷേ അത് ശരിയായിരിക്കണം എന്നത്കൂടിയുണ്ട്. 


വാദിക്കാനും ജയിക്കാനുമല്ല 

അറിയാനും അറിയിക്കാനുമാണ് എന്നുപറഞ്ഞ ഗുരുവിന്റെ ആശയം പോലും മനസ്സിലാക്കാത്ത ഹരികുമാറിനെ പോലെയുള്ള ആളുകളാണ് ഇന്ന് എസ്എൻഡിപിയിൽ ഉള്ളത്. 

കുരീപ്പുഴ ശ്രീകുമാർ പറഞ്ഞതിലെ തെറ്റ് എന്താണെന്ന് എനിക്ക് മനസ്സിലാകുന്നില്ല. 


കേരളമൊട്ടുക്ക് ക്ഷേത്രങ്ങൾ നിർമിച്ചുകൊണ്ട് ഗുരു നടത്തിയ സാമൂഹികപരിഷ്കരണം ചെന്നെത്തിയത് ഈഴവർ പുലയരോട് കാണിക്കുന്ന അയിത്തത്തിലാണെന്ന് തിരിച്ചറിഞ്ഞ നാരായണഗുരു, താൻ ക്ഷേത്രങ്ങൾ അല്ല നിർമ്മിക്കേണ്ടി ഇരുന്നത് വിദ്യാലയങ്ങളാണ് എന്ന് അവസാനകാലത്ത് തിരുത്തി പറഞ്ഞത് ഹരികുമാർ മറന്നുകൂടാ. 


ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് എന്ന ശ്രീനാരായണ ഗുരുവിന്റെ( അയ്യാവൈകുണ്ഠരാണ്  ഒൺട്രെ ജാതി, ഒൺട്രെ മതം, ഒൺട്രെ കടവുൾ എന്ന് ഉപയോഗിച്ചത്. അയ്യാ വൈകുണ്ഠരുടെ  തലപ്പാവാണ് പിന്നീട് അയ്യങ്കാളി ഉപയോഗിച്ചത്.) ആശയത്തിന് എതിരായി സഹോദരൻ അയ്യപ്പൻ പറഞ്ഞത് "ജാതി വേണ്ട മതം വേണ്ട ദൈവം വേണ്ട മനുഷ്യന്" എന്നകാര്യം ഹരികുമാറിന് അറിയാഞ്ഞിട്ടല്ല. എങ്കിലും നാരായണഗുരുവിന്റെ  ദൈവദശകം വേണ്ട എന്ന് പറഞ്ഞപ്പോൾ ഉള്ളിലെ ഈഴവ  സ്വത്വബോധത്തിൽ ചെന്നാണ് ആ വാചകം പരിക്കേൽപ്പിച്ചത്. ഇങ്ങനെ പരിക്കേൽക്കുന്നത് നാരായണഗുരുവിനെ  ശരിയായി മനസ്സിലാക്കാത്തത് കൊണ്ടാണ് എന്ന് പറയാതിരിക്കാൻ നിവൃത്തിയില്ല.


യഥാർത്ഥത്തിൽ ഈഴവരാദി പിന്നോക്ക ജനതയുടെ ഉയർത്തെഴുന്നേൽപ്പാണ് ഗുരു ആഗ്രഹിച്ചതും ലക്ഷ്യം വച്ചതും. എന്നാൽ ഈഴവർക്ക്  പുലയരോടും  പറയരോടുമുള്ള അയിത്ത മനോഭാവത്തിലും എസ്എൻഡിപിയുടെ ജാത്യാഭിമുഖ്യത്തോടുള്ള ആവേശവും, അവർണരോടുള്ള പുച്ഛവും കണ്ട് മനംനൊന്താണ് മനസ്സാ വാചാ കർമ്മണാ നാം യോഗത്തെ ഉപേക്ഷിച്ചിരിക്കുന്നു എന്ന് പറയേണ്ടി വന്നതും ശ്രീലങ്കയിലേക്ക് പോകേണ്ടി വന്നതും. 


അതായത് അവസാനകാലത്ത് നാരായണ ഗുരു ചെയ്ത പ്രവർത്തികളെ മുഴുവൻ അദ്ദേഹം തന്നെ നിരസിക്കുകയും സഹോദരൻ അയ്യപ്പനെപ്പോലെയുള്ള ആളുകളുടെ ആശയങ്ങളും സാമൂഹ്യ ചിന്തയുമാണ് ആധുനിക കേരളത്തിനാവശ്യം എന്ന് തിരിച്ചറിയുകയും ചെയ്തു.


അതുകൊണ്ടാണ് കവി കുരീപ്പുഴ പറഞ്ഞത് ദൈവദശകത്തെക്കാൾ നമുക്ക് ആവശ്യം സയൻസ്ദശകമാണെന്ന്.


ദൈവദശകവും സയൻസ് ദശകവും 

എം കെ ഹരികുമാർ വായിച്ചു നോക്കിയിരുന്നെങ്കിൽ ഇത്തരമൊരു അഭിപ്രായപ്രകടനം നടത്തേണ്ട ആവശ്യം ഉണ്ടാകുമായിരുന്നില്ല.

TR Shibu