മലയാള സിനിമയുടെ പിതാവ് ജെ സി ഡാനിയലിന് നെയ്യാറ്റിൻകരയിൽ സ്മാരകം പണിയുമെന്ന് നെയ്യാറ്റിൻകര നഗരസഭ അറിയിച്ചു.സ്മാരകം നിർമ്മിക്കുന്നതിനുള്ള കൂടിയാലോചന യോഗത്തിൽ മുനിസിപ്പൽ ചെയർമാൻ പികെ രാജ്മോഹൻ പദ്ധതിയെ കുറിച്ച് വിശദീകരിച്ചു.മലയാള സിനിമയുടെ പിതാവ് ജെ.സി.ഡാനിയലിന്റെ പ്രതിമ സ്ഥാപിക്കാനായി ഫൗണ്ടേഷൻ ഭാരവാഹികൾ കയറിയിറങ്ങാത്ത സർക്കാർ ഓഫീസുകളില്ല. മൂന്നുവർഷത്തെ അലച്ചിലിനൊടുവിൽ നെയ്യാറ്റിൻകര നഗരസഭയുടെ മൈതാനിയിൽ 'ഇരിപ്പിടമായി'. പ്രതിമ സ്ഥാപിക്കുന്നതിനൊപ്പം പാർക്കും ഓപ്പൺ തിയേറ്ററും മൈതാനിയിൽ നഗരസഭ നിർമിക്കും.ജെ.സി.ഡാനിയൽ ഫൗണ്ടേഷനാണ് പ്രതിമ നിർമിച്ചത്. കോട്ടയം ആസ്ഥാനമായ ഫൗണ്ടേഷൻ പ്രതിമ നിർമിച്ചിട്ട് മൂന്നുവർഷമായി.
ജെ.സി.ഡാനിയൽ ഇരുന്നുകൊണ്ട് ഫിലിം റോൾ നോക്കുന്നതായുള്ള പ്രതിമയാണ് നിർമിച്ചത്.സിമെന്റിൽ നിർമിച്ച പ്രതിമയ്ക്ക് രണ്ടരലക്ഷത്തിലേറെ രൂപ ചെലവായി. ഷാജി വാസൻ എന്ന ശില്പിയാണ് പ്രതിമ നിർമിച്ചത്. പ്രതിമ നിർമിച്ചെങ്കിലും ഇത് സ്ഥാപിക്കാനായി ഫൗണ്ടേഷൻ ഭാരവാഹികൾ മുട്ടാത്ത സർക്കാർ ഓഫീസുകളില്ല. നഗരസഭാ ഓഫീസുകൾ പഞ്ചായത്ത്, സാംസ്കാരിക വകുപ്പ് ഓഫീസുകൾ എന്നിവിടങ്ങളിലെല്ലാം കയറിയിറങ്ങി.
എട്ട് അടി ഉയരത്തിലുള്ള പ്രതിമയ്ക്ക് 800 കിലോ ഭാരവുമുണ്ട്. പ്രതിമ സ്ഥാപിക്കാൻ ഇടമില്ലാതായതോടെ കോട്ടയത്തെ സ്വകാര്യ ഓഡിറ്റോറിയത്തിൽ താത്കാലികമായി കൊണ്ടുവെച്ചു.പ്രതിമ സ്ഥാപിക്കാൻ ഇടമില്ലാതെ വിഷമിക്കുന്നതിനിടെയാണ് നെയ്യാറ്റിൻകര നഗരസഭാ ചെയർമാൻ പി.കെ.രാജമോഹനൻ പ്രതിമ നെയ്യാറ്റിൻകരയിൽ സ്ഥാപിക്കാൻ സന്നദ്ധത അറിയിച്ചത്.തുടർന്ന് ഫൗണ്ടേഷൻ ചെയർപേഴ്സൺ സോന എസ്.നായർ പ്രതിമ നെയ്യാറ്റിൻകരയിലെത്തിച്ചു. പ്രതിമ നഗരസഭാ ഓഫീസിൽ സൂക്ഷിച്ചിരിക്കുകയാണ്. നഗരസഭാ മൈതാനിയിൽ സ്വകാര്യ വ്യക്തികളുടെയും സംഘടനകളുടെയും സ്ഥാപനങ്ങളുടെയും സഹായത്തോടെയാണ് പാർക്ക് നിർമിക്കുന്നത്.ഇവിടെ ഓപ്പൺ തിയേറ്ററും നിർമിക്കും. ഇവിടത്തെ പാർക്കിലാണ് പ്രതിമ സ്ഥാപിക്കുന്നതെന്ന് നഗരസഭാ ചെയർമാൻ പി.കെ.രാജമോഹനൻ വ്യക്തമാക്കി.
നിർമാണപ്രവർത്തനങ്ങൾക്കായുള്ള എസ്റ്റിമേറ്റ് തയ്യാറാക്കി പ്രതിമ സ്ഥാപിക്കൽ വൈകാതെ നടത്തുമെന്നും അദ്ദേഹം പറഞ്ഞു. സ്ഥിരം സമിതി അദ്ധ്യക്ഷൻ കെകെ ഷിബു അധ്യക്ഷനായ യോഗത്തിൽ ഡോ: എംഎ സാദത്ത് ,ജെസി ഡാനിയൽ ഫൗണ്ടേഷൻ പ്രതിനിധികളായ സോന എസ് നായർ ,സാബു കൃഷ്ണ ,ഡിഎസ് വിൻസെൻ്റ് ,വി കേശവൻകുട്ടി ,അഡ്വ തലയൽ പ്രകാശ് ,അഡ്വ വിനോദ് സെൻ ,ഡോ :സജു, മുരളി ,അഡ്വ ജയചന്ദ്രൻ നായർ ,സജിലാൽ വി നായർ, അജയൻ അരുവിപ്പുറം ,ഗിരീഷ് പരുത്തി മഠം എന്നിവർ സംസാരിച്ചു.