ഡിസംബർ പത്താം തീയതി പാലക്കാട് റെയിൽവേ സ്റ്റേഷനിൽ നിന്നും അമൃത എക്സ്പ്രസ്സിൽ തിരുവനന്തപുരത്തേക്ക് പോവുകയുണ്ടായി. ട്രെയിൻ പുറപ്പെടാൻ 15 മിനിറ്റ് ഉള്ളപ്പോൾ അതിൽ കയറി ഇരുന്നു.
സെക്കൻഡ് ക്ലാസ് ആയിരുന്നു, യാത്രക്കാർ കുറവാണ്. എന്റെ സീറ്റിന് തൊട്ടടുത്തായി മലമ്പുഴയിൽ കേബിൾ കാർ ഓപ്പറേറ്ററായി ജോലിചെയ്യുന്ന രണ്ടുപേരും എനിക്ക് അഭിമുഖമായി ഒരു പയ്യനും ആയിരുന്നു ഉള്ളത്. ഞങ്ങൾ പരസ്പരം ഒന്ന് പരിചയപ്പെട്ടു കുശലം പറഞ്ഞ് അവിടെ ഇരിക്കുമ്പോൾ അതേ കോച്ചിനുള്ളിൽ ഒരാൾ മദ്യപിച്ച് ആളുകളെ തെറി വിളിച്ചു കൊണ്ടു വരുന്നു. പാന്റും ഷർട്ടും ആണ് വേഷം കയ്യിൽ ഒരു ബാഗ് ഉണ്ടായിരുന്നു. 40-50 വയസ്സ് പ്രായം കാണും. എന്റെ ഒപ്പം ഇരിക്കുന്ന പയ്യനോട് എന്തൊക്കെയോ ചോദിച്ച അയാൾ ചൂടാവാൻ തുടങ്ങി. ഒരു കാര്യവുമില്ലാതെ മദ്യത്തിന്റെ ലഹരിയിൽ അയാൾ തെറി വിളിക്കാൻ തുടങ്ങി.
ആ പയ്യൻ പേടിച്ച് എന്റെ അടുത്തേക്ക് നീങ്ങിയിരുന്നു. ഇത്തരക്കാരോട് സംസാരിച്ചിട്ട് കാര്യമില്ല എന്നതുകൊണ്ട് തന്നെ ഞാൻ തൽക്കാലം ഒന്നും മിണ്ടിയില്ല. എന്നാൽ കേബിൾ കാർ ഓപ്പറേറ്റർമാരിൽ ഒരാൾ എഴുന്നേറ്റ് അയാളോട് പുറത്തേക്ക് പോകാൻ പറഞ്ഞു. അവന്റെ അമ്മയ്ക്കും അച്ഛനും ഒക്കെ അയാൾ അസഭ്യം വിളിച്ചു കൂവാൻ തുടങ്ങി. അവൻ അടിക്കാൻ കയ്യോങ്ങിയപ്പോൾ ഞാൻ തടഞ്ഞു. അയാൾക്ക് ബോധമില്ല, മാത്രമല്ല എന്തെങ്കിലും സംഭവിച്ചുകഴിഞ്ഞാൽ നമ്മൾ തൂങ്ങും. അതുകൊണ്ട് നമുക്ക് പോലീസിനെ വിളിക്കാം എന്നു പറഞ്ഞു. ഞാൻ പുറത്തേക്കിറങ്ങി പോലീസിനെ തിരഞ്ഞു പോയി. മദ്യപാനി അപ്പോഴും ആ കൊച്ചിൻ ഉള്ളിൽ കിടന്ന് തലങ്ങും വിലങ്ങും നടന്ന് തെറി വിളിക്കുന്നുണ്ടായിരുന്നു.
ആ ഭാഗത്ത് എങ്ങും പോലീസുകാരെ കണ്ടില്ല. ഒടുവിൽ ഒരു പോലീസിനെ കിട്ടി. അതൊരു സ്ത്രീയായിരുന്നു. അവരെ വിളിച്ച് കാര്യം പറഞ്ഞപ്പോൾ എന്റെ പിന്നാലെ ഓടിവന്നു. മദ്യപാനി അപ്പോഴും
തന്റെ ലീലാവിലാസം തുടർന്നു കൊണ്ടിരിക്കുകയായിരുന്നു. പോലീസ് അയാളോട് വളരെ അനുഭാവപൂർവ്വം ആണ് സംസാരിച്ചത്. നിങ്ങൾ എങ്ങോട്ടാണ് പോകുന്നത്? ടിക്കറ്റ് എടുത്തോ? ഇതേ കമ്പാർട്ട്മെന്റ് ആണോ നിങ്ങൾ യാത്ര ചെയ്യുന്നത്? എന്നൊക്കെ ആദ്യം അവർ ചോദിച്ചു.
പിന്നെ സൂത്രത്തിൽ അയാളെ കോച്ചിൽ നിന്നും പുറത്തിറക്കി. പിന്നെ വിളിച്ചു കൊണ്ട് പോയി. അയാൾ ഒരു പൂച്ചക്കുട്ടിയെ പോലെ അവരുടെ ഒപ്പം പോകുന്നതും കണ്ടു. ഒരുതരത്തിലും അവർ അയാളോട് ദേഷ്യപ്പെട്ടിരുന്നില്ല. കാരണം മദ്യപിച്ച് വെളിവില്ലാത്ത ഒരാളോട് ദേഷ്യം കാണിച്ചിട്ട് യാതൊരു കാര്യവുമില്ല. സ്വബോധത്തോടെ കൂടി അല്ല അയാൾ ചെയ്യുന്നത് എന്ന് ബോധ്യമായാൽ ഏതെങ്കിലും വിധത്തിൽ അയാളെ അതിൽനിന്ന് പിന്തിരിപ്പിക്കുക ആണ് ആദ്യം വേണ്ടത്.
ആ പോലീസുകാരിക്ക് ഏതു തരത്തിൽ ആ വിഷയം കൈകാര്യം ചെയ്യണം എന്ന് കൃത്യമായി ബോധ്യമുണ്ടായിരുന്നു എന്ന് വ്യക്തം. സംസ്ഥാനത്തെ ഏറ്റവും വലിയ വരുമാന മാർഗങ്ങളിൽ ഒന്നായ മദ്യം യഥേഷ്ടം ലഭിക്കുന്ന നാട്ടിൽ മദ്യപാനികൾ ഉണ്ടാകും അതൊരു അത്ഭുതം അല്ല. മദ്യവർജ്ജനം ആണ് ഞങ്ങളുടെ പാർട്ടിയുടെ ലക്ഷ്യം എന്ന് പണ്ട് ബാർകോഴ കാലത്ത് കോടിയേരി ബാലകൃഷ്ണൻ പ്രസംഗിച്ചത് ഓർക്കുന്നു.
അങ്ങനെ കഴിഞ്ഞ അഞ്ചാറു കൊല്ലമായി വർജ്ജിച്ചു വർജ്ജിച്ച് ബാറുകളുടെ എണ്ണം കൂടി. ബിയർ വൈൻ പാർലറുകൾ കൂടി. മദ്യത്തിന്റെ ഒഴുക്കും കൂടി ഒപ്പം,വരുമാനവും കൂടി. മദ്യപാനികൾ പൊതുസ്ഥലങ്ങളിൽ അക്രമാസക്തനായി എന്നു വരും. അപ്പോൾ അവരെ തിരിച്ച് ആക്രമിക്കുക അല്ല പോലീസ് വേണ്ടത്. അതുതന്നെ പൊതുജനത്തിനും ചെയ്യാൻ കഴിയുന്ന കാര്യമാണല്ലോ? അത് ചെയ്യാൻ പോലീസിനെ വിളിക്കേണ്ട കാര്യമില്ലല്ലോ?
മാനസിക പ്രശ്നം ഉള്ള ആളും, മദ്യപാനിയും, ഏതെങ്കിലും തരത്തിലുള്ള മയക്കുമരുന്നിന് അടിമപ്പെട്ടവരും ഒക്കെ പൊതുസ്ഥലത്ത് വെച്ച് എന്തെങ്കിലും പ്രശ്നം ഉണ്ടാക്കിയാൽ അവരെ അനുനയിപ്പിക്കുകയും എത്രയും പെട്ടെന്ന് പൊതുജനത്തിന് ഇടയിൽനിന്നും അവരെ മാറ്റി കൊണ്ടുപോവുകയും ആണ് പോലീസ് ചെയ്യേണ്ടത്. അതാണ് അവരുടെ ഉത്തരവാദിത്വം. അല്ലാതെ പൊതുജനത്തിന് മുമ്പിലിട്ട് ബോധമില്ലാത്ത ആൾക്കാരെ ചവിട്ടി കൂട്ടുന്നത് അധികാരദുർവിനിയോഗം മാത്രമല്ല കടുത്ത മനുഷ്യാവകാശലംഘനം കൂടിയാണ്.
നല്ല രീതിയിൽ പെരുമാറാൻ കഴിവുള്ള പോലീസുകാരും നമ്മുടെ സേനയിൽ ഉണ്ട്, ഷോ കാണിക്കുന്ന പോലീസുകാരും ഉണ്ട്. ക്രിമിനൽ സ്വഭാവമുള്ളവരുടെ ശരീരത്തിൽ അധികാരത്തിനായി യൂണിഫോം കൂടി കയറുമ്പോൾ അവർ 'മിന്നൽ ഷിബു' മാരായി മാറുകയാണ്. കഴിഞ്ഞ കുറെ മാസങ്ങളായി നമ്മൾ കാണുന്നതും അത്തരം' മിന്നൽ ഷിബു' മാരെ ആണ്. അവരെ നിയന്ത്രിക്കേണ്ട ആഭ്യന്തര വകുപ്പ് മന്ത്രിയായ മുഖ്യമന്ത്രി ആവട്ടെ എങ്ങനെ ജനങ്ങളോട് ധിക്കാരം കാണിക്കാമെന്ന് ഗവേഷണം നടത്തുകയാണ്.
കുറ്റക്കാരായ പോലീസ് ഉദ്യോഗസ്ഥർക്ക് കൂടിപ്പോയാൽ സസ്പെൻഷൻ അങ്ങേയറ്റം പോയാൽ ഒരു സ്ഥലം മാറ്റം അതിൽ കൂടുതൽ ഒന്നും ഇവിടെ സംഭവിക്കുന്നില്ല. തെറ്റ് ചെയ്താൽ പെൻഷൻ കട്ട് ആകും എന്ന് ഉള്ളിൽ ബോധമുണ്ടെങ്കിൽ പോലീസുകാർ മര്യാദക്കാരനായി പ്രവർത്തിക്കും. അങ്ങനെ അവരെ നിയന്ത്രിക്കാൻ ചങ്കൂറ്റമുള്ള സർക്കാർ കൂടി വേണമെന്ന് മാത്രം.
പോലീസുകാർക്ക് സംഭവിക്കുന്ന ഗുരുതരമായ വീഴ്ചകളിൽ പൊതുജനത്തോട് തന്റെ ഡിപ്പാർട്ട്മെന്റ്ന് കീഴിൽ നടന്ന സംഭവം എന്നപേരിൽ ക്ഷമ ചോദിക്കാൻ പോലും മുഖ്യമന്ത്രിക്ക് കഴിയുന്നില്ല. ജനങ്ങളെ സേവിക്കാനാണ് മുഖ്യമന്ത്രിയും മന്ത്രിമാരും ഉള്ളത്. അല്ലാതെ രാജാവിനെ പോലെ ഇരുന്നു ഭരണം അടിച്ചേൽപ്പിക്കാൻ ഉള്ളതല്ല. നിയമം പരിപാലിക്കാനും ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുവാനും ആണ് പോലീസുകാർ ഉള്ളത്. ഇതൊക്കെ ഇടയ്ക്കിടെ ഓർമ്മപ്പെടുത്തി വേണ്ടിവരും എന്ന് തോന്നുന്നു.
നിർഭാഗ്യവശാൽ കഴിഞ്ഞദിവസം പോലീസുകാരായ സുഹൃത്തുക്കളുടെ സ്റ്റാറ്റസിൽ കണ്ടത് അമേരിക്കയിൽ ജോർജ് ഫ്ലോയിഡ് നെ ശ്വാസം മുട്ടിച്ചു കൊന്ന പോലീസുകാരെ ന്യായീകരിച്ചവരുടെ ഭാഷയായിരുന്നു.
◾️ദിപിൻ ജയദീപ്