ചെങ്ങറ ഭൂസമരം ഒരു ഉദാഹരണമായി നമുക്ക് മുന്നിൽ ഉള്ളപ്പോൾ കെ-റെയിൽ വാഗ്ദാനം ഒക്കെ എങ്ങിനെ വിശ്വസിക്കും?
ചെങ്ങറ ഭൂസമരക്കാരിൽ സർക്കാർ പട്ടയം നൽകിയത് 900 പേർക്ക്. ഭൂമികിട്ടിയത് 140 പേർക്കും. സമരക്കാർക്ക് വിതരണത്തിന് 10 ജില്ലയിലായി അന്ന് 831 ഏക്കർ ഭൂമി കണ്ടെത്തിയിരുന്നു. എട്ടുജില്ലയിലേതും വാസയോഗ്യമല്ലാത്തതിനാൽ ചെങ്ങറ സമരക്കാർക്ക് അന്നത്തെ LDF സർക്കാർ കൊണ്ടുവന്ന പാക്കേജ് പാടെ പാളുകയായിരുന്നു.
പത്തനംതിട്ട ജില്ലയിൽ കണ്ടെത്തിയ 26 ഏക്കർ കേസിൽ കുടുങ്ങിയ ഭൂമിയായതിനാൽ വിതരണം നടന്നില്ല. ഏറ്റവും കൂടുതൽ പേർക്ക് ഭൂമി നൽകാൻ പദ്ധതിയിട്ടത് ഇടുക്കി, കാസർകോട് ജില്ലകളിലായിരുന്നു. ഇടുക്കിയിൽ 350 ഏക്കറും കാസർകോട്ട് 200 ഏക്കറുമാണ് റവന്യൂ വകുപ്പ് കണ്ടെത്തിയത്. തൃശൂർ തിരുവില്വാമലയിൽ 23 ഉം പാലക്കാട്ട് കോട്ടത്തറയിൽ 25 ഉം വയനാട് വൈത്തിരിയിൽ 20 ഉം കണ്ണൂർ പെരിങ്ങോമിൽ 56.54 ഉം ഏക്കർ പട്ടയം നൽകിയെങ്കിലും ഒന്നും വാസയോഗ്യമായിരുന്നില്ല.
സമരക്കാരിൽ 578 കുടുംബം ഇപ്പോഴും സമരഭൂമിയിൽതന്നെയാണ്. ഇവർക്ക് സമരസമിതി 50സെൻറ് വീതം അളന്നുതിരിച്ച് നൽകിയിട്ടുണ്ട്. പട്ടയം കിട്ടി സമരഭൂമി വിട്ട 760 പേർ വഴിയാധാരമാവുകയും ചെയ്തു.
ഇങ്ങനെ ഒന്ന് നമുക്ക് മുന്നിൽ ഉള്ളത് കൊണ്ട് തന്നെയാണ് പലരും കെ-റെയിലിന്റെ പേരിൽ കുടിയൊഴിക്കപ്പെടുന്നവർക്കുള്ള പാക്കേജ് ഒക്കെ എന്താവും എന്ന് ആശങ്കപ്പെടുന്നത്. ചെങ്ങറയിൽ സമരം നടത്താൻ കുടിൽ കെട്ടി താമസിച്ചവരെ കമ്യൂണിസ്റ്റ് മുഖ്യൻ 'റബ്ബർ കള്ളന്മാർ' എന്ന് വിളിച്ചാണ് അധിഷേപിച്ചത്. സമരക്കാർക്ക് അരിയും മറ്റും കൊടുക്കാൻ പോയി പോലീസിന്റെ തല്ലു കൊണ്ട സോളിഡാരിറ്റി ഇന്ന് കെ- റയിൽ സമരത്തിലും മുന്നിൽ തന്നെ ഉണ്ട്. അവരെ മതം പറഞ്ഞു ആക്ഷേപിക്കാനാണ് ഇപ്പോഴത്തെ ശ്രമം.
ചെങ്ങറ സമരം ആരംഭിച്ച കാലം മുതൽക്കു തന്നെ അതിനെ തകർക്കുകയെന്നതിൽ സംഘടിത തൊഴിലാളി പ്രസ്ഥാനങ്ങളും(പേര് പറയണ്ടല്ലോ? ) വ്യവസ്ഥാപിത ഇടതുപക്ഷത്തിന്റെ മുഖ്യധാരകളും കൈകോർത്തിരുന്നു. അത് തന്നെ ഇപ്പോൾ കെ-റയിൽ വിഷയത്തിലും കാണാം.
മുത്തങ്ങയിൽ ഭരണകൂടത്താലും പൊലീസിനാലും വേട്ടയാടപ്പെട്ട ആദിവാസികളും ദളിതരും കേരളത്തിൽ ഇനിയൊരു ഭൂസമരത്തിനു സാധ്യതയില്ലെന്ന് വിശ്വസിച്ച് തുടങ്ങവെയാണ് 2007 ഓഗസ്റ്റ് 4 ന് ളാഹ ഗോപാലന്റെ നേതൃത്വത്തിൽ ചെങ്ങറ സമരം പൊട്ടിപ്പുറപ്പെടുന്നത്. നീതിക്കുവേണ്ടിയുള്ള സമരങ്ങളും പോരാട്ടങ്ങളും നവീകരിക്കപ്പെടുകയും ആവിഷ്‌ക്കരിക്കപ്പെടുകയും ചെയ്യുന്നുണ്ടെങ്കിലും നിലനിൽക്കുന്ന ഭരണകൂടവും പൊതുസമൂഹവും അതുതന്നെയാണല്ലോ, സ്വാഭാവികമായും കെ-റയിൽ സമരവും രാഷ്ട്രീയം ആരോപിച്ചും മതം ആരോപിച്ചും വികസന വിരുദ്ധത ആരോപിച്ചും അടിച്ചമർത്താൻ ആണ് പിണറായി ആഗ്രഹിക്കുന്നത്.
കെ റെയിൽ പദ്ധതിയിൽ ഇടതുപക്ഷ സർക്കാർ പുനരാലോചന നടത്തണമെന്ന് പരിസ്ഥിതി പ്രവർത്തക മേധാ പട്കർ ആവശ്യപ്പെട്ടത് നമ്മൾ ഇന്നലെ കണ്ടു.
സിൽവർ ലൈൻ പദ്ധതി ഉപേക്ഷിക്കണം എന്ന് പിണറായി വിജയനോട് കൈ കൂപ്പി കൊണ്ട് ആണ് താൻ അപേക്ഷിക്കുന്നത് എന്നാണ് അവർ പറഞ്ഞത്.
ഇന്ന് മുതൽ മേധാ പട്കർക്കും ഏതെങ്കിലും ചാപ്പകുത്തി കൊടുക്കും എന്ന് ഉറപ്പാണ്. നർമ്മദ നദിക്ക് വേണ്ടി നരേന്ദ്ര മോദിയോട് സമരം ചെയ്യാൻ ഇറങ്ങിയ മേധയ്ക്ക് ദയവായി സംഘി പട്ടം കൊടുക്കരുത്.
◾️ദിപിൻ ജയദീപ്