എന്തൊരു ധിക്കാരമാണ് മുഖ്യമന്ത്രിയുടെ വാക്കുകളിൽ? ആരൊക്കെ എന്തൊക്കെ പ്രതിഷേധം നടത്തിയാലും ഞാൻ തീരുമാനിച്ച പോലെ കാര്യങ്ങൾ കൊണ്ടു പോകുമെന്ന് പറയുന്നത് ചങ്കൂറ്റം അല്ല, ഫാസിസമാണ്. അധികാരം കയ്യിലുണ്ടെന്ന് അഹങ്കാരം കൊണ്ട് ജനങ്ങളോടുള്ള പ്രതിബദ്ധത മറന്ന്, പ്രതിപക്ഷത്തോട് ഉള്ള മാന്യത മറന്നു കൊണ്ട് സ്വേച്ഛാധിപതി ആയി മാറുന്ന കേരള മുഖ്യമന്ത്രി ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്നിന് പഠിക്കുക ആണോ?
ഉത്തര കൊറിയയിലും ചൈനയിലും ഉള്ള കമ്മ്യൂണിസം ആയിരുന്നു പശ്ചിമ ബംഗാളിൽ നടപ്പിലാക്കാൻ ശ്രമിച്ചത്. ജനം പൊറുതിമുട്ടിയപ്പോൾ സമൂലം പിഴുത് ബംഗാൾ ഉൾക്കടലിലെറിഞ്ഞത് അതാണ്. വൈകാതെ കേരളത്തിന്റെ കാര്യത്തിൽ തീരുമാനമാകും ഇങ്ങനെയാണെങ്കിൽ.
വിവാദ ബില്ലുകൾ എന്തുവിലകൊടുത്തും നടപ്പാക്കുമെന്ന് പാർലമെന്റിൽ പറയുന്ന അമിത് ഷായുടെ കേരള മോഡൽ ആയി മാറുകയാണ് മുഖ്യമന്ത്രി. ഇക്കൂട്ടർ പ്രതിപക്ഷത്തിരിക്കുമ്പോൾ ഏത് വികസന പദ്ധതിക്കും നേരെയും പ്രതിഷേധവും സമരവും സംഘടിപ്പിക്കും അധികാരത്തിൽ വരുമ്പോൾ അതൊക്കെ ന്യായീകരിച്ചു വെളുപ്പിച്ച് നടപ്പിലാക്കി അതിന്റെ ക്രെഡിറ്റ് എടുക്കാൻ നിൽക്കും. എതിർക്കുന്നവരെ സംഘപരിവാർ മോഡലിൽ " സംസ്ഥാന ദ്രോഹി " പട്ടം അല്ലെങ്കിൽ വികസനവിരുദ്ധ പട്ടം നൽകി ഭൂതഗണങ്ങൾ ഓടിക്കും.
സി ആർ നീലകണ്ഠനെ പോലുള്ള ഒരു മനുഷ്യന്റെ പേജിൽ വന്നു ഉത്തരം കിട്ടാതെ കൊഞ്ഞനം കുത്തുന്ന അടിമകളെ കണ്ടപ്പോൾ സഹതാപം തോന്നി. സിൽവർ ലൈൻ അല്ല സമാധാനപൂർണ്ണമായ ഒരു സംസ്ഥാന അന്തരീക്ഷമാണ് ആദ്യം വേണ്ടത്. ഏറ്റവും കഴിവുകെട്ട ഒരു ആഭ്യന്തര വകുപ്പ് മന്ത്രിയാണ് മുഖ്യമന്ത്രി എന്ന് തെളിയിച്ചു കഴിഞ്ഞു. അണികൾ വ്യക്തിഹത്യ നടത്തുന്ന തിരുവഞ്ചൂർ രാധാകൃഷ്ണൻ ഭരിച്ചപ്പോൾ കേരളം എത്ര ശാന്തമായിരുന്നു? ഇരട്ട ചങ്കും ഗുണ്ടാ പ്രവർത്തന പാരമ്പര്യവും ഒന്നും പറയാനില്ലെങ്കിലും അദ്ദേഹത്തിന് വകുപ്പ് നല്ല രീതിയിൽ കൊണ്ടുപോകാൻ സാധിച്ചു. പ്രളയാനന്തര കേരളത്തിൽ ഒരുപാട് കാര്യങ്ങൾ ബാക്കി നിൽപ്പുണ്ട്, സുസ്ഥിര വികസനം സാധ്യമാകണം എങ്കിൽ അതൊക്കെ ഒന്നായി ചെയ്തു തീർക്കേണ്ടതുണ്ട്. കോവിഡ് ദുരിതത്തിൽ നിന്നും മുക്തി നേടിയിട്ടില്ല സംസ്ഥാനം ഇപ്പോഴും ആരോഗ്യവകുപ്പും ഒപ്പം സാമൂഹികക്ഷേമ വകുപ്പും ഒക്കെ സംയുക്തമായി ഒരുപാട് കാര്യങ്ങൾ അതിലും ചെയ്തു തീർക്കാനുണ്ട്. വാക്കുകൊണ്ട് പറഞ്ഞു തീർക്കുന്ന പോലെ അത്ര എളുപ്പമല്ല ഇതൊന്നും.
എല്ലാം കഴിഞ്ഞ ശേഷം സിൽവർലൈൻ മതി എന്നല്ല, സിൽവർലൈൻ പോലൊരു പദ്ധതി വേണ്ട എന്നുമല്ല... അതിന്മേലുള്ള ആശങ്ക സംസ്ഥാനത്തെ ഒരാൾക്കുപോലും ഉണ്ടാകാതിരിക്കാൻ മുഖ്യമന്ത്രി ശ്രദ്ധിക്കണമായിരുന്നു. ഈ പദ്ധതി ജനങ്ങൾക്ക് വേണ്ടി ആണെങ്കിൽ ആ ജനങ്ങൾ എതിർക്കാൻ പാടില്ലല്ലോ? എത്ര ധൃതിപ്പെട്ട് ആർക്കുവേണ്ടിയാണ് ഇത് നടപ്പിലാക്കുന്നത് എന്ന് സ്വാഭാവികമായും ജനം സംശയിക്കില്ലേ?
കൃത്യമായ പഠനം നടക്കണം, പ്രകൃതിചൂഷണം ഏറ്റവും കുറഞ്ഞ രീതിയിൽ പദ്ധതി കൊണ്ടു പോകാൻ സാധിക്കണം മാത്രമല്ല കൊച്ചി മെട്രോ പോലെ കോടിക്കണക്കിന് രൂപയുടെ നഷ്ടം ഓരോ വർഷവും ഉണ്ടാക്കുന്ന ഒരു പദ്ധതിയാണ് എന്ന് ആശങ്ക ഉണ്ടെങ്കിൽ അത് ദൂരീകരിക്കാനുള്ള ആഴത്തിലുള്ള പഠനങ്ങൾ ആവശ്യമാണ്. അഴിമതി മുക്തമായ ഏറ്റവും സുതാര്യമായ കരട് നിയമസഭയിൽ അവതരിപ്പിക്കേണ്ടത് ഉണ്ട്. ഉദ്ദേശശുദ്ധിയും സത്യസന്ധതയും ഉണ്ടെങ്കിൽ ഇപ്പോഴുള്ള ഫാസിസ്റ്റ് സമീപനം അല്ല വേണ്ടത്, മറിച്ച് വ്യക്തമാക്കുകയാണ് വേണ്ടത്. ജനങ്ങളും നിയമസഭ അംഗങ്ങളും കാര്യങ്ങൾ മനസ്സിലാക്കിയാൽ അതിന്റെ ഗുണം സർക്കാരിന് തന്നെയല്ലേ?
എന്തിനോ വേണ്ടി തിളക്കുന്ന ഈ സാമ്പാർ ഇനിയെങ്കിലും വാങ്ങിവെച്ചു കൂടെ?
◾️ദിപിൻ ജയദീപ്