തൃശൂർ മെഡിക്കൽ കോളേജിലെ ഡോക്ടർമാരുടെ ലഹരി ഉപയോഗത്തെ കുറിച്ചുള്ള വെളിപ്പെടുത്തൽ രോഗികളെ ഉൾപ്പടെയുള്ളവരെ ഞെട്ടിച്ചിരിക്കുകയാണ്. 15ഓളം ഹൗസ് സർജൻമാരാണ് ലഹരി ഉപയോഗിച്ചതായി സംശയിക്കപ്പെടുന്നത്. ഇവരിൽ പലരും നൈറ്റ് ഡ്യൂട്ടി സമയത്ത് ലഹരി ഉപയോഗിച്ച് ഡ്യൂട്ടിക്ക് എത്തിയതായും പിടിയിലായ ഡോക്ടറുടെ മൊഴിയിലുണ്ട്.കോഴിക്കോട് ജാഫർഖാൻ കോളനി സ്വദേശിയായ അക്വിൽ മുഹമ്മദ് ഹുസൈൻ എന്ന ഹൗസ് സർജനാണ് നിലവിൽ ലഹരി ഉപയോഗത്തിനിടെ പോലീസിന്റെ പിടിയിലായിരിക്കുന്നത്. സഹപാഠികളായ ആരെല്ലാം സ്ഥിരമായി ലഹരി ഉപയോഗിക്കുന്നുണ്ടെന്ന ചോദ്യത്തിന് ചുരുങ്ങിയത് 15 പേരെങ്കിലും ലഹരി ഉപയോഗിക്കുന്നുണ്ടെന്നായിരുന്നു അക്വിലിന്റെ മറുപടി. അഞ്ചു പേരുടെ പേരുവിവരങ്ങളും പറഞ്ഞു. മൂന്നു വർഷമായി ലഹരി ഉപയോഗിക്കുന്നെണ്ടെന്നും ഈ മെഡിക്കൽ വിദ്യാർത്ഥി പറയുന്നു. ലഹരിയുടെ പ്രത്യാഘാതങ്ങൾ നന്നായി അറിയുന്ന മെഡിക്കൽ വിദ്യാർത്ഥികൾതന്നെ ലഹരിക്ക് അടിമപ്പെട്ടതിന്റെ ഞെട്ടലിലാണ് പോലീസും.
‘മെഡിക്കൽ കോളജ് പരിസരത്തുള്ള ഹോസ്റ്റലുകളിൽ ലഹരി ഉപയോഗം വൻതോതിൽ നടക്കുന്നുണ്ട്. പോലീസ് അന്വേഷിക്കണം. ഇല്ലെങ്കിൽ, മെഡിക്കൽ വിദ്യാർഥികളുടെ ഭാവി നശിക്കും’- എന്ന സിറ്റി പോലീസ് കമ്മിഷണർ ആർ ആദിത്യയ്ക്കു കിട്ടിയ സന്ദേശമാണ് കഴിഞ്ഞദിവസം മെഡിക്കൽ വിദ്യാർത്ഥികൾ താമസിക്കുന്ന സ്വകാര്യ ഹോസ്റ്റലിലെ റെയ്ഡിലേക്ക് നയിച്ചത്.ദിവസങ്ങളായി സിറ്റി ഷാഡോ പോലീസ് ഇക്കാര്യത്തിൽ അന്വേഷണം നടത്തുന്നുണ്ടായിരുന്നു. മെഡിക്കൽ കോളജിലും പരിസരത്തും ഷാഡോ പോലീസ് ഒട്ടേറെ ദിവസം നിരീക്ഷണം നടത്തി. ആരാണ്, ലഹരി എത്തിക്കുന്നതെന്നും ഉപയോഗിക്കുന്നത് ആരൊക്കെ എന്നൊക്കെ അറിയാനായി ഹോസ്റ്റലുകളിൽ പോലീസുകാർ ‘ചാരൻമാരെ’ നിയോഗിച്ചിരുന്നു.
ഇതിന് പിന്നിലെ കഴിഞ്ഞദിവസമാണ് പുലർച്ചെ രണ്ടു മണിക്ക് ശേഷം ഷാഡോ പോലീസിന് ഹോസ്റ്റലിൽ ലഹരി ഉപയോഗം നടക്കുന്നുണ്ടെന്ന നിർണാക വിവരം ലഭിച്ചത്. തുടർന്ന് പോലീസ് സംഘം മൂന്നു മണിയാകുമ്പോഴേക്കും പാഞ്ഞെത്തി. ഹോസ്റ്റലിലേക്ക് ഇരച്ചുകയറി. മുറിയിലുണ്ടായിരുന്നത് അക്വിൽ മുഹമ്മദ് ഹുസൈൻ മാത്രമാണ്. ഹൗസ് സർജനായ അക്വിലിന് 15 ദിവസം കൂടിയാണു ഹൗസ് സർജൻ ഡ്യൂട്ടി. അതു കഴിഞ്ഞാൽ എംബിബിഎസ് പഠനം പൂർത്തിയായി ഡോക്ടർ പട്ടം അണിയേണ്ടയാളാണ്.അക്വിലിനെ പിടികൂടിയ ഉടനെ പോലീസ് ചോദ്യം ചെയ്തപ്പോഴാണ് പതിനഞ്ചോളം സഹപാഠികൾ സ്ഥിരമായി ലഹരി ഉപയോഗിക്കുന്നുണ്ടെന്ന വിവരം ലഭിച്ചത്.
മെഡിക്കൽ കോളജ് ആശുപത്രിയിൽ ഡ്യൂട്ടിക്കിടെ ഹോസ്റ്റലിൽ വന്ന് ലഹരിമരുന്ന് ഉപയോഗിച്ചിട്ടുള്ളതായും പ്രതി വെളിപ്പെടുത്തി. ഉറക്കമൊഴിച്ച് ജോലി ചെയ്യുമ്പോൾ ‘ഉഷാർ’ കിട്ടാനാണ് ആദ്യം ലഹരി ഉപയോഗിച്ച് തുടങ്ങിയത്. പിന്നീട് പിന്മാറാൻ പലകുറി ശ്രമിച്ചിട്ടും നടന്നില്ല. ലഹരി കിട്ടിയില്ലെങ്കിൽ ശാരീരിക അസ്വസ്ഥതകൾ ഏറെയാണെന്നാണു പ്രതി പറഞ്ഞത്.
അക്വിലിന്റെ മാതാപിതാക്കൾ വിദേശത്താണ്. ഹോസ്റ്റലിൽ വിദ്യാർത്ഥികൾ മാത്രമാണ് ഉണ്ടായിരുന്നത്. വാർഡന്മാരും ഇല്ലായിരുന്നു. ഹോസ്റ്റലിൽ വരുന്ന അപരിചതരെ നിയന്ത്രിക്കാൻ പോലീസ് നിർദേശിച്ചിട്ടുണ്ട്. വരുംദിവസങ്ങളിൽ കൂടുതൽ പരിശോധനകൾ തുടരും. അക്വിലിന്റെ ഫോൺവിളി പട്ടിക പരിശോധിക്കുന്നുണ്ട്. സ്ഥിരമായി വിളിക്കുന്നവരുടെ പേരുവിവരങ്ങൾ പോലീസ് പരിശോധിക്കുകയാണ്.