Type Here to Get Search Results !

നമ്മൾ വിശ്വസിക്കുന്നത് മാത്രമാണ് ശരി എന്ന ചിന്തയാണ് കുഴപ്പം ഉണ്ടാക്കുന്നത് ; മ്യാവു നല്ല സിനിമ

Myavu മ്യാവു

നമ്മൾ വിശ്വസിക്കുന്നത് മാത്രമാണ് ശരി എന്ന ചിന്തയാണ് കുഴപ്പം ഉണ്ടാക്കുന്നത്....


 യൂണിവേഴ്സൽ ലോ എന്നുപറയുന്നത് ഒന്നേയുള്ളൂ,  നമ്മൾ അതിലേക്കങ്ങ് കണക്ട് ആയാൽ മതി  ബാക്കി ഉള്ളതൊക്കെ താനെ  ശരിയായിക്കോളും. ബാക്കിയൊക്കെ പൊളിറ്റിക്സ് ആണ്  "


 'മ്യാവു'  കണ്ടു... 


 തന്റെ ഈമാൻ ഉള്ള വേഷം  ദസ്തക്കിർ ഞൊടിയിടകൊണ്ട്   കൊണ്ട് അറുത്തുമുറിച്ചു മാറ്റി മതമൗലികവാദിയുടെ വായടപ്പിച്ച ശേഷം  മൂന്നു മക്കളോടും ആയി  പറയുന്ന ഈ ഡയലോഗ് ആണ് സിനിമയിലെ ഏറ്റവും മർമപ്രധാന ഭാഗം.


 മതമൗലികവാദത്തിനെതിരെ സംസാരിക്കുമ്പോഴും തന്റെ ഉള്ളിൽ ദൈവത്തോടുള്ള ബഹുമാനവും ദസ്തക്കിർ പുലർത്തുന്നുണ്ട്. മറ്റുള്ളവരെ കാണിക്കാൻ വേണ്ടി മത വേഷം കെട്ടുന്ന വരെയാണ് അയാൾ വിമർശിക്കുന്നത്.


 മദ്യം കഴിക്കാതെ, മദ്യവും സദ്യയും കലാപരിപാടികളും  ഒക്കെയുള്ള, പഴയ കലാലയത്തിലെ ചങ്ങാതിമാരുടെ  ഗെറ്റ് ടുഗെതർ ഇൽ  പങ്കെടുക്കുന്ന ദസ്തക്കീറിനോട് ബന്ധുവായ  മതമൗലികവാദി " ഇതൊന്നും ഹലാൽ അല്ല, ഇക്കയെ പോലെ ഈമാൻ ഉള്ള ഒരാൾ ഇതിൽ പങ്കെടുക്കുന്നത് ശരിയല്ല " എന്ന് പറയുമ്പോൾ...


 തിരിച്ച്, ആ ഇവന്റ് സംഘടിപ്പിക്കുന്ന ബിസിനസ് നടത്തുന്നത് തെറ്റല്ല അല്ലേ? അത് ഹലാൽ ആണല്ലോ അല്ലേ? എന്ന്  ദസ്തക്കിർ ചോദിക്കുന്ന രംഗത്ത്  മതമൗലികവാദ ത്തിന്റെ  മുഖംമൂടി വലിച്ചു കീറുന്നുണ്ട്. 


 ഇടയ്ക്കെപ്പോഴോ അറിയാതെ കണ്ണ് നിറഞ്ഞു പോയി. അതിന്, അതിവൈകാരിക മുഹൂർത്തങ്ങൾ വേണമെന്നില്ല. നമ്മളെ നമ്മളെ  കഥാപാത്രങ്ങൾക്കിടയിൽ എവിടെയോ കണ്ടെത്താൻ കഴിഞ്ഞാൽ നമ്മുടെ കണ്ണുനിറഞ്ഞു പോകും. ജീവിതം ഒരു കര പറ്റിക്കാൻ കിതച്ചു തുഴയുമ്പോൾ  നാമറിയാതെ നമുക്ക് പലപ്പോഴായി  നഷ്ടപ്പെട്ടുപോകുന്ന നമ്മുടെ വ്യക്തിത്വം, ഇഷ്ടങ്ങൾ, നമുക്കു മാത്രം ഉള്ള കഴിവുകൾ ഗുണങ്ങൾ ഇവയൊക്കെ പിന്നീട് എപ്പോഴെങ്കിലും സ്വസ്ഥമായിരുന്ന് തിരിഞ്ഞുനോക്കി  ഗൃഹാതുരതയോടെ, ഒരു നുള്ള് നോവോടെ ഓർത്തെടുക്കാൻ എല്ലാവർക്കും ഉണ്ടാകും....


 അത്തരമൊരു കഥാപാത്രമാണ് ദസ്തക്കിർ!


 ദസ്തക്കിർ നെ പോലെ തന്നെ വ്യക്തിത്വവും ആത്മവിശ്വാസവും  അത്യാവശ്യം സ്ത്രീ സമത്വബോധവും ഒക്കെയുള്ള  സുലൈഖ മമ്ത മോഹൻദാസ് ന്റെ വളരെ നല്ല ഒരു കഥാപാത്രം ആയി തോന്നി. 


 ലാൽജോസിന് നന്ദി, തുടക്കത്തിൽ വലിച്ചു നീട്ടൽ ഉണ്ടെങ്കിലും ക്ലൈമാക്സിനു അടുക്കുമ്പോൾ സിനിമ നല്ലൊരു അനുഭവം തന്നെയാണ്. സൗബിൻ  സാഹിർ, എന്ന നടനെ നല്ല രീതിയിൽ പ്രയോജനപ്പെടുത്താൻ കഴിഞ്ഞു.


 സാധാരണയുള്ള മലയാളം പ്രവാസി സിനിമകളുടെ ഒരു ക്ലീഷേ സ്വഭാവത്തിൽ നിന്ന് മാറി കുറച്ചുകൂടി റിയലിസ്റ്റിക്കായി നീങ്ങാൻ സിനിമയ്ക്ക് സാധിച്ചു. പൂച്ചയും ജമീലയും സുലൈഖയും ദസ്തക്കിറും ചന്ദ്രേട്ടനും മനസ്സിൽ നിറഞ്ഞു നിൽക്കുന്നു.


 എല്ലാവർക്കും ഇതേപോലെ ഇഷ്ടപ്പെടുമോ എന്ന് എനിക്കറിയില്ല എന്തായാലും എന്റെ ഉള്ളിലെ സിനിമാ ആസ്വാദകന് ഈ സിനിമ നല്ലൊരു അനുഭവമായിരുന്നു.


 കാണാത്തവർ തീർച്ചയായും കാണുക...


◾️ദിപിൻ ജയദീപ്