Type Here to Get Search Results !

യുഎസ്-കാനഡ അതിർത്തിയിലെ തണുപ്പിൽ വിറച്ചു മരിച്ച ഇന്ത്യൻ കുടുംബത്തെ തിരിച്ചറിഞ്ഞു

യുഎസ്-കാനഡ അതിർത്തിയിലെ തണുപ്പിൽ വിറച്ചു മരിച്ച ഇന്ത്യൻ കുടുംബത്തെ തിരിച്ചറിഞ്ഞു

യുഎസ്-കാനഡ അതിർത്തിക്ക് സമീപം തണുത്ത് വിറച്ച് മരിച്ച നിലയിൽ കണ്ടെത്തിയ ഇന്ത്യൻ കുടുംബത്തെ തിരിച്ചറിഞ്ഞു. ഗുജറാത്ത് ഗാന്ധിനഗർ സ്വദേശികളായ ജഗദീഷ് ബൽദേവ്ഭായ് പട്ടേൽ, ഭാര്യ വൈശാലിബെൻ ജഗദീഷ് കുമാർ പട്ടേൽ(37)മക്കളായ വിഹാംഗി(11), ധർമിക്(3) എന്നിവരാണ് മരണപ്പെട്ടത്. ജനുവരി 19ന് യുഎസ്-കാനഡ അതിർത്തിയിൽ നിന്ന് 12 മീറ്റർ മാത്രം അകലെയുള്ള മോണിറ്റോബയിൽ മരിച്ചനിലയിൽ ഇവരെ കണ്ടെത്തിയത്.ജനുവരി 26നാണ് ഇവരുടെ മൃതദേഹ പരിശോധന പൂർത്തീകരിച്ചത്. കഠിനമായ ശൈത്യത്തെ തുടർന്ന് ഇവർ തണുത്ത് മരവിച്ച് മരണപ്പെട്ടതാണെന്ന് പരിശോധനയിൽ നിന്നും വ്യക്തമായി. 

മരണ വിവരം ഗുജറാത്തിലെ കുടുംബാംഗങ്ങളെ അറിയിച്ചിട്ടുണ്ടെന്നും മൃതദേഹം ഇന്ത്യയിലേയ്ക്ക് എത്തിക്കുന്നതിനുള്ള എല്ലാ നടപടികളും പൂർത്തിയാക്കി വരികയാണെന്നും കാനഡയിലെ ഇന്ത്യൻ കോൺസുലേറ്റ് അറിയിച്ചു. സംഭവത്തിൽ ദുഃഖം രേഖപ്പെടുത്തുന്നുവെന്നും എല്ലാവിധ സഹായങ്ങളും കുടുംബത്തിന് ഉറപ്പുവരുത്തുമെന്നും വാർത്താക്കുറിപ്പിലൂടെ അറിയിച്ചു.രണ്ടാഴ്ച മുൻപാണ് സന്ദർശക വിസയിൽ കുടുംബം കാനഡയിൽ എത്തിയത്. അതേസമയം, ഇവരെ മരണപ്പെട്ട നിലയിൽ കണ്ടെത്തിയതിന് സമീപത്തൊന്നും വാഹനങ്ങളൊന്നും കണ്ടെത്തിയിട്ടില്ല. ഇവരെ മനുഷ്യക്കടത്ത് സംഘം മറ്റേതോ വാഹനത്തിൽ അതിർത്തിക്ക് സമീപം ഇറക്കിവിട്ടതാവാമെന്നാണ് വിലയിരുത്തൽ. ഇത് സംബന്ധിച്ച് കൂടുതൽ അന്വേഷണങ്ങൾ നടക്കുകയാണെന്നും പോലീസ് പറഞ്ഞു.

ജനുവരി 19ന്, റോയൽ കനേഡിയൻ മൗണ്ടഡ് പോലീസ് (ആർസിഎംപി) കാനഡയിലെ എമേഴ്‌സൺ നഗരത്തിന് സമീപം തണുത്ത് മരവിച്ച് മരിച്ച നിലയിൽ നാല് മൃതദേഹങ്ങൾ കണ്ടെത്തുകയായിരുന്നു. അന്നുതന്നെയാണ് രേഖകളില്ലാത്ത രണ്ട് ഇന്ത്യൻ പൗരന്മാരെ തന്റെ വാഹനത്തിൽ അനധികൃതമായി കടത്താൻ ശ്രമിച്ചതിന് അമേരിക്കക്കാരനായ സ്റ്റീവ് ഷാൻഡ് എന്നയാളെ എൻഫോഴ്‌സ്‌മെന്റ് ഏജൻസികൾ അറസ്റ്റ് ചെയ്തതായും റിപ്പോർട്ടുകളുണ്ടായിരുന്നു. നുഴഞ്ഞുകയറാൻ ശ്രമിച്ചുവെന്നാരോപിച്ച് രേഖകളില്ലാത്ത അഞ്ച് ഇന്ത്യൻ പൗരന്മാരെക്കൂടി യുഎസ് പോലീസ് കസ്റ്റഡിയിലെടുത്തു. ഈ ഏഴ് പേരും മരിച്ച നിലയിൽ കണ്ടെത്തിയ നാല് പേരും ഒരേ സംഘത്തിൽ പെട്ടവരാണെന്നാണ് വിവരം.