റബര്‍ വിലയിടിവില്‍ നട്ടംതിരിയുന്ന കര്‍ഷകര്‍ക്ക് കനത്ത തിരിച്ചടിയായി കേന്ദ്ര സര്‍ക്കാരിന്റെ നിയമ പരിഷ്‌കരണ നിര്‍ദ്ദേശം. പുതിയനിയമം വരുന്നതോടെ, കേന്ദ്രം നിശ്ചയിക്കുന്ന വിലയ്ക്ക് പുറത്ത് റബ്ബര്‍ വിറ്റാല്‍ കര്‍ഷകന് ഒരു വര്‍ഷം വരെ തടവു ശിക്ഷ അനുഭവിക്കേണ്ടി വരും. റബ്ബര്‍ ബോര്‍ഡിന്റെ സ്വയം ഭരണാധികാരവും നിയമം നടപ്പാകുന്നതിലൂടെ നഷ്ടപ്പെടും. നിയമ ഭേദഗതിക്കെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.
1947ലെ റബര്‍ ആക്ട് റദ്ദാക്കിയുള്ള നിയമ നിര്‍മാണത്തിനായി കേന്ദ്രം പുറത്തിറക്കിയ റബര്‍ പ്രമോഷന്‍ ആന്‍ഡ് ഡെവലപ്‌മെന്റ് ബില്ലില്‍ ആണ് വിചിത്ര നിര്‍ദ്ദേശങ്ങള്‍ അടങ്ങിയിരിക്കുന്നത്. നിലവില്‍ റബ്ബറിന്റെ ഉയര്‍ന്ന വിലയും താഴ്ന്ന വിലയും നിശ്ചയിക്കുന്നത് റബ്ബര്‍ ബോര്‍ഡാണ്. ബില്ല് നടപ്പാകുന്നതോടെ റബ്ബര്‍ ബോര്‍ഡിന്റെ സ്വയം ഭരണധികാരം നഷ്ടമാകും. ബോര്‍ഡിന്റെ ശുപാര്‍ശയില്ലാതെ കേന്ദ്ര സര്‍ക്കാറിന് വില നിശ്ചയിക്കാം. ഇറക്കുമതി കാര്യത്തിലും റബര്‍ ബോര്‍ഡിന്റെ അനുമതി ആവശ്യമില്ല. കേന്ദ്രം നിശ്ചയിക്കുന്ന വില പരിധിക്കു പുറത്ത് റബ്ബര്‍ വിറ്റാല്‍ കര്‍ഷകര്‍ ഒരു വര്‍ഷം വരെ തടവോ, പിഴയോ അല്ലെങ്കില്‍ രണ്ടും കൂടിയോ അനുഭവിക്കേണ്ടി വരും.
റബര്‍ പ്ലാന്റേഷനെ കൃഷി വിഭാഗത്തില്‍ ഉള്‍പ്പെടുത്താതെ വ്യവസായ വിഭാഗത്തിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത് . ഇത് ചെറുകിട റബര്‍ കര്‍ഷകര്‍ക്ക് ലഭിക്കുന്ന സഹായം ഇല്ലാതാക്കും. റബ്ബറിനെ കാര്‍ഷിക വിഭാഗത്തില്‍ ഉള്‍പ്പെടുത്തണമെന്ന് റബ്ബര്‍ കര്‍ഷകരുടെ ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. അടിസ്ഥാന താങ്ങുവിലയെന്ന ആവശ്യത്തെയും ബില്ല് പരിഗണിച്ചില്ല. ബില്ലിനെതിരെ പാര്‍ലമെന്റില്‍ ശക്തമായ പ്രതിരോധം തീര്‍ക്കുമെന്ന് കേരളം എംപിമാര്‍ അറിയിച്ചു. സംസ്ഥാന വ്യാപകമായി റബ്ബര്‍ കര്‍ഷകരും പ്രതിഷേധത്തിലാണ്. കാഞ്ഞിരപ്പള്ളിയിൽ റബ്ബർ കർഷകരുടെ നേതൃത്വത്തില്‍ റബ്ബര്‍ ഷീറ്റ് കത്തിച്ച് പ്രതിഷേധിച്ചു.