Type Here to Get Search Results !

കോടതിയെ സംശയമുനയിൽ നിർത്തുന്ന ചർച്ചകൾക്ക്‌ അരങ്ങൊരുക്കിക്കൊടുക്കുന്നത് എതിർക്കപ്പെടേണ്ടതല്ലേ...?

കോടതിയെ സംശയമുനയിൽ നിർത്തുന്ന ചർച്ചകൾക്ക്‌ അരങ്ങൊരുക്കിക്കൊടുക്കുന്നത് എതിർക്കപ്പെടേണ്ടതല്ലേ...?dileep kavyamadhavan kesu ee veedinte Nathan

കോടതിയെ സംശയമുനയിൽ നിർത്തുന്ന ചർച്ചകൾക്ക്‌ അരങ്ങൊരുക്കിക്കൊടുക്കുന്നത് എതിർക്കപ്പെടേണ്ടതല്ലേ...?


ആദ്യകാലങ്ങളിൽ നമ്മൾ കരുതിയിരുന്നത് മാധ്യമങ്ങൾ നിഷ്പക്ഷമായാണ് വാർത്തകൾ അവതരിപ്പിക്കുന്നതെന്നായിരുന്നു .

എന്നാൽ റേറ്റിങ്ങിനും കോമ്പറ്റീഷനും നിലനിൽപ്പിനും മാധ്യമധർമ്മത്തിനുമപ്പുറത്ത് മാധ്യമങ്ങൾക്കെല്ലാം അവരുടേതായ രാഷ്ട്രീയമുണ്ടെന്നും അതിനനുസരിച്ചാണ് വാർത്തകൾ ഫ്രെയിം ചെയ്തെടുക്കുന്നതെന്നും ഇപ്പോൾ നമുക്കെല്ലാവർക്കുമറിയാം . അതുകൊണ്ടാണല്ലോ വമ്പൻ ബ്രേക്കിംഗ് വാർത്തകൾക്ക് ചാനലുകൾക്കനുസരിച്ച് വ്യത്യസ്ത മാനങ്ങളുണ്ടാകുന്നത് .


അസാധാരണമായൊരു സംഭവം നടക്കുകയും ആ വാർത്ത മാധ്യമങ്ങൾ പുറത്തുവിടുകയും ചെയ്‌താൽ പൊതുവേ മൂന്നുതരത്തിലാണ് ആളുകൾ പ്രതികരിക്കുക .

'കാളപെറ്റു കയറെടുത്തോ'എന്ന രീതിയിലുള്ള വൈകാരിക പ്രതികരണങ്ങളായിരിക്കും ആദ്യമുണ്ടാകുക . ഇത്തരത്തിൽ പൊടുന്നനെ പ്രതികരിക്കുന്നവരാണ് കൂടുതലും .

സംഭവവുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന വിവരങ്ങൾ വ്യക്തമായി മനസ്സിലാക്കി വിവേകത്തോടെ പ്രതികരിക്കുന്നവരാണ്

രണ്ടാമത്തെ കൂട്ടർ .

വാർത്തയെ തങ്ങളുടെ താൽപ്പര്യത്തിനനുസരിച്ച് രൂപപ്പെടുത്തി പ്രേക്ഷകമനസ്സിലേക്ക് അടിച്ചേൽപ്പിക്കുന്ന മാധ്യമങ്ങളെ കണ്ണടച്ചു വിശ്വസിക്കാതെ വാർത്തയെ മനസാക്ഷിക്ക്‌ വിട്ടുകൊടുത്ത്  അതിനനുസരിച്ച് പ്രതികരിക്കുന്നവരാണ് മൂന്നാമത്തെ വിഭാഗം .


നടി പീഡിപ്പിക്കപ്പെട്ട വാർത്ത ബ്രേക്ക് ചെയ്ത് അതിൽ ദിലീപ് പ്രതിസ്ഥാനത്തേക്ക്‌ വന്നപ്പോൾ മേൽപ്പറഞ്ഞ തരത്തിലായിരുന്നു പൊതുസമൂഹത്തിന്റെ പ്രതികരണങ്ങൾ . ചാനലുകൾ ഉൾപ്പെടെയുള്ള മാധ്യമങ്ങൾ പൊതുവേ ദിലീപ് കുറ്റക്കാരനാണെന്ന ലൈനാണ് സ്വീകരിച്ചത് . 


നടി പീഡിപ്പിക്കപ്പെടുകയും അതിന്റെ വീഡിയോ ചിത്രീകരിച്ചതുമുൾപ്പെടെ അതിനീചമായ ക്രൈം നടന്നു . പൾസർസുനിയും കൂട്ടാളികളുമാണ് കൃത്യംചെയ്ത പ്രതികൾ . ഇത് രണ്ടും വസ്തുതയാണ് . ഇക്കാര്യത്തിലാർക്കും അഭിപ്രായവ്യത്യാസവുമില്ല .

പ്രതികളെക്കൊണ്ട് ഈ കുറ്റകൃത്യം ചെയ്യിച്ചത് ദിലീപാണോ...?

ദിലീപിനെ കുടുക്കാൻ പൾസർസുനിയെ

ആരെങ്കിലും വിലയ്ക്കെടുത്തതാണോ...?

പരപ്രേരണയേതുമില്ലാതെ പൾസർസുനി സ്വന്തമിഷ്ടത്തിന് ചെയ്തതാണോ...?

ഈ മൂന്ന് ചോദ്യങ്ങളിലാണ് പൊതുസമൂഹത്തിന് 

വ്യത്യസ്താഭിപ്രായങ്ങളുണ്ടായിരുന്നത് .


ദിലീപിനെ അറസ്റ്റുചെയ്ത് ജയിലിലടച്ചതും അതിനെത്തുടർന്ന് കൊടുമ്പിരികൊണ്ട മാധ്യമവിചാരണകളും ദിലീപിനെതിരെയൊരു വികാരമുണ്ടാക്കിയിരുന്നു . അതിന്റെ ശക്തിയിൽ ബഹുഭൂരിപക്ഷം ജനങ്ങളും ദിലീപ് തന്നെയാണത് ചെയ്യിച്ചതെന്ന് വിശ്വസിച്ചു .

പ്രത്യേകിച്ച് സ്ത്രീകൾ .

വളരെ ചെറിയൊരു ന്യുനപക്ഷം ദിലീപ് അങ്ങനെ ചെയ്യില്ലെന്ന നിലപാടിലുറച്ചുനിന്നു .


മാധ്യമങ്ങൾ പ്രചരിപ്പിക്കുന്ന ഊഹാപോഹങ്ങളുടെ പേരിൽ അതും കുറ്റം നേരിട്ട് ചെയ്ത പ്രതിയായിട്ടല്ല ഗൂഡാലോചന നടത്തിയ ആളെന്നാരോപിച്ചുകൊണ്ട് ദിലീപിനെ അവഹേളിക്കുന്നതിനോട് എനിക്കൊരിക്കലും താൽപ്പര്യമുണ്ടായിരുന്നില്ല .

സ്ത്രീയെ പീഡിപ്പിച്ചതിന്റെ പേരിൽ ക്രൂശിക്കപ്പെടുന്ന അയാൾക്ക് ചുറ്റിലും 

അമ്മ... ഭാര്യ... മകൾ... പെങ്ങൾ എന്നിങ്ങനെ നാല് സ്ത്രീകളുണ്ടല്ലോ . അഥവാ ദിലീപ് നിരപരാധിയാണെങ്കിൽ പൊറുക്കാനാകാത്ത തെറ്റല്ലേ അയാളോട് ചെയ്യുന്നത് .

ISRO ചാരക്കേസിൽ നമ്പിനാരായണൻ സാറിനെ ഇതിലും ഗംഭീരമായാണ് പൊലീസും മാധ്യമങ്ങളും ചേർന്ന് കുരുക്കിയത് . വർഷങ്ങൾക്കുശേഷമല്ലേ അദ്ദേഹം നിരപരാധിയായിരുന്നുവെന്ന് നമുക്ക് മനസ്സിലായത് . എത്രവർഷമാണ് അദ്ദേഹത്തിനും ബഹിരാകാശമേഖലയിൽ ഇന്ത്യയ്ക്കും നഷ്ടപ്പെട്ടുപോയത് .

പോലീസിനേയും മാധ്യമങ്ങളേയും കണ്ണടച്ചുവിശ്വസിക്കുന്നത് മണ്ടത്തരമാണ്...!


സുഹൃത്തായിരുന്ന നടിയുമായി ഉടക്കിപ്പിരിഞ്ഞപ്പോൾ 'അവൾക്കിട്ടൊരു പണികൊടുക്കണ'മെന്ന് ദിലീപ് പരസ്യമായി പറഞ്ഞിട്ടുണ്ടാകാം . പക്ഷേ ബുദ്ധിയും വിവേകവുമുള്ള ദിലീപൊരിക്കലും ഇത്തരമൊരു പൊട്ടത്തരം ചെയ്യില്ലെന്നും ദിലീപിനെ പൂട്ടാൻ അവസരം നോക്കിനടന്ന പ്രഗത്ഭരായ ശത്രുക്കളിലാരോ കിട്ടിയ അവസരം മുതലെടുത്ത് ദിലീപിനിട്ട് പണിതതായിരിക്കാമെന്നുമാണ് അന്നുമിന്നും എന്റെ മനസ്സെന്നോട് പറയുന്നത് . 

എന്റെ ചിന്തകൾക്കിവിടെ പ്രസക്തിയില്ല .

കോടതിയിൽ സർവ്വ-സന്നാഹങ്ങളുമായി പൊലീസും പ്രോസിക്യൂഷനും നിയമപരമായി പൊരുതുകയാണല്ലോ .

ദിലീപും ശക്തമായി പ്രതിരോധിക്കുന്നുണ്ടാകും .

നൂലിഴകീറി പരിശോധിച്ച് കോടതിയിൽനിന്നൊരു തീരുമാനം വരട്ടെ . അതുവരെ ദിലീപിനെ കുറ്റവാളിയായല്ല കുറ്റാരോപിതനായി മാത്രമാണ് കാണേണ്ടത് . കാരണം നമ്മുടെ IPC-യുടെ ആധാരംതന്നെ ആയിരം കുറ്റവാളികൾ രക്ഷപെട്ടാലും ഒരു നിരപരാധിപോലും ശിക്ഷിക്കപ്പെടരുതെന്നാണല്ലോ .


ഇപ്പോൾ ഈ വിഷയം പറയാനൊരു കാരണമുണ്ട് . വിജയകുമാർ എന്നൊരാൾ

ഈ വിഷയവുമായി ബന്ധപ്പെട്ട ഓഡിയോ ക്ലിപ്പുകളുമായി റിപ്പോർട്ടർ ചാനലിലൂടെ  ദിലീപിനെതിരെ രംഗത്ത് വന്നത് നിങ്ങളറിഞ്ഞിട്ടുണ്ടാകും .


കഴിഞ്ഞ ദിവസം റിപ്പോർട്ടർ ചാനലിൽനടന്ന ചർച്ചയിൽ ഈ വ്യക്തിയുയർത്തുന്ന

ചില വാദങ്ങളുടെ ഉദ്ദേശശുദ്ധിയിൽ സംശയം തോന്നിയിരുന്നു . ചർച്ചയുടെ അവസാനം

2017-ൽ കേസിന്റെ തുടക്കത്തിൽ ദിലീപ് തന്നോട് പറഞ്ഞതാണെന്ന വാദവുമായി ഇദ്ദേഹമൊരു ഓഡിയോ ക്ലിപ് പ്ലേ ചെയ്തു .

അതിൽ ഹൺഡ്രഡ് പേഴ്സന്റ് 'കാര്യങ്ങൾ' എനിക്കെതിരാണന്ന് ദിലീപ് പറയുന്നുണ്ടെന്നാണ് ഇയാളവകാശപ്പെടുന്നത് . എന്നാൽ 

കേസ് വിചാരണക്കോടതിയിലെത്തിയപ്പോൾ  കാര്യങ്ങളെ'ല്ലാം ദിലീപിനനുകൂലമായി...!

ഇതാണ് വിജയകുമാറിന്റെ ആരോപണം .

കാര്യങ്ങളെല്ലാം ദിലീപനനുകൂലമായെന്ന് ഇയാൾക്ക് മുൻപ് മറ്റാരും പറഞ്ഞ്  കേട്ടിട്ടില്ല...! നമ്മൾക്കറിയാവുന്നത് കേസിന്റെ

വിചാരണ നടന്നുകൊണ്ടിരിക്കുന്നുവെന്ന് മാത്രമാണ് .


വിചാരണക്കോടതിയിൽവെച്ച് കേസ് അട്ടിമറിക്കപ്പെട്ടുവെന്നാണ് ആ ഓഡിയോ

പ്ലേ ചെയ്ത് വസ്തുതകൾ തെറ്റായി വിശദീകരിച്ചുകൊണ്ട് ഇയാൾ സമർത്ഥിക്കാൻ ശ്രമിക്കുന്നത് . ഇന്നാട്ടിലെ ജനങ്ങൾ നീതിന്യായ സംവിധാനത്തിൽ അവസാന പ്രതീക്ഷയായി കണക്കാക്കുന്ന ഭരണഘടനാ സ്ഥാപനമാണ് കോടതിയെന്ന് നമ്മളോർക്കേണ്ടതാണ് .

ആ കോടതിയേയാണ് ജനങ്ങളുടെ മുന്നിൽ സംശയമുനയിൽ നിർത്തുന്നത്...!


" ഞാനിപ്പോഴും ഹൺഡ്രഡ് പേഴ്സന്റ് പറയുന്നു 'ക്രൈം' എനിക്കെതിരാണ്..."

വിജയകുമാർ ട്വിസ്റ്റ്‌ ചെയ്യാൻ ശ്രമിക്കുന്ന

ഓഡിയോ ക്ലിപ്പിൽ ഇങ്ങനെയാണുള്ളത് . കാര്യങ്ങൾ എന്നൊരു വാക്കതിലില്ല .

'ക്രൈമി'നെ 'കാര്യങ്ങളെ'ന്നാക്കിമാറ്റുന്ന വിജയകുമാറിന്റെ ഉദ്ദേശം സംശയാസ്പദമാണ് . 

ആ ക്ലിപ് മൂന്നുനാല് തവണ കേട്ടുനോക്കിയും ആലുവയിലുള്ള സുഹൃത്തുക്കളോട് ചോദിച്ച് ഉറപ്പുവരുത്തിയിട്ടുമാണ് 'കാര്യങ്ങളെ'ന്നല്ല 

'ക്രൈ'മെന്നാണ് പറയുന്നതെന്ന നിഗമനത്തിലെത്തിയത് . ( ആ ഓഡിയോയ്ക്ക് ആലുവ സ്‌ളാങ്ങാണ്  ) ക്രൈമും കാര്യങ്ങളും

എന്തുമാത്രം അർത്ഥവ്യത്യാസമുള്ള വാക്കുകളാണെന്നോർക്കുക .


വിചാരണക്കോടതിയെയടക്കം സംശയത്തിന്റെ മുൾമുനയിൽ നിർത്തി വിജയകുമാർ സമർത്ഥിക്കുന്ന വാദങ്ങളെല്ലാം ആ ഓഡിയോയിലെ 'കാര്യങ്ങളെ'ന്ന വാക്കുമാറി 'ക്രൈ'മെന്ന വാക്ക് വരുന്നതോടെ പൊളിഞ്ഞുപോകുകയാണ് .

കാരണം മറിച്ചൊരു വിധി വരുന്നതുവരെ നിയമത്തിന്റെ കണ്ണിൽ അന്നും ഇന്നും 'ക്രൈം' ദിലീപിനെതിരാണല്ലോ...!


ഒരു ചാനലിലൂടെ പരസ്യമായി കോടതിയെ ദുർബലമാക്കുന്ന വാദമുഖങ്ങളുയർത്തുമ്പോൾ അതിനുകൊണ്ടുവരുന്ന ഓഡിയോയിലെ വാക്കുകളുടെ ക്ലാരിറ്റിയെങ്കിലും ഉറപ്പാക്കേണ്ടതല്ലേ...?

മാത്രവുമല്ല ഇയാൾ പറയുന്നതുപോലെ കാര്യങ്ങൾ ദിലീപിനനുകൂലമായെന്ന് പൊതുസമൂഹത്തിലാരും പ്രചരിപ്പിക്കുന്നുമില്ല . 


പ്രതികളെ ശിക്ഷിച്ചുകൊണ്ട് നീതി നടപ്പാക്കണം . ഷൂട്ട്‌ ചെയ്ത വീഡിയോയും അതിന്റെ കോപ്പികളുണ്ടെങ്കിൽ അവയും നശിപ്പിക്കപ്പെടണം .

പൾസർസുനിയെപ്പോലൊരു ക്രിമിനൽ

ഉള്ളിൽ പശ്ചാത്താപമുണ്ടാകുന്നതുവരെ

ദീർഘകാലമകത്തുകിടക്കണം .

ഗൂഢാലോചന നടന്നിട്ടുണ്ടെങ്കിൽ അതുനടത്തിയ ആളും ശിക്ഷിക്കപ്പെടണം .

ഇക്കാര്യത്തിലൊന്നും ഒരു സംശയവുമില്ല

എന്നാലും കോടതിയെവരെ കുഴപ്പത്തിലാക്കുന്ന ഇതുപോലുള്ള അസംബന്ധ നാടകങ്ങളെ തള്ളിപ്പറയാതിരിക്കാനാകില്ലല്ലോ .


റിപ്പോർട്ടർ ചാനലിന്റെ വീഡിയോകൾക്ക്‌ 

കോപ്പിറൈറ്റ് സംരക്ഷണമുണ്ടൊയെന്ന് 

അറിയാത്തതിനാലാണ് വീഡിയോ ചേർക്കാത്തത് . https://youtu.be/7RxtS4IQD9s ഈ link-ൽ കേറി 3/50 സെക്കൻഡിൽ നോക്കിയാൽ ദിലീപിന്റേതെന്ന് പറയുന്ന ഓഡിയോയും 'ക്രൈ'മെന്ന വാക്കും കേൾക്കാം .

                                    chamakkalayilratheesh