മലയാള മനോരമയിൽ പ്രസിദ്ധീകരിച്ച ഒറ്റ ചിത്രത്തിലൂടെ താരപദവിയിലെത്തി അരുവിക്കര എസ്ഐ ആർ. കിരൺ ശ്യാം . പൂവച്ചലിൽ സ്കൂൾ മന്ദിര ഉദ്ഘാടനത്തിന് എത്തിയ മുഖ്യമന്ത്രിയുടെ യോഗത്തിൽ കടന്നുകയറാൻ ശ്രമിച്ചയാളെ ആൾക്കൂട്ടത്തിന്റെ മർദനത്തിൽ നിന്നു രക്ഷിക്കാൻ ദേഹത്തു കമിഴ്ന്നു കിടന്ന് പൊതിഞ്ഞുപിടിച്ച ചിത്രമാണ് കിരണിനെ അതിപ്രശസ്തനാക്കിയത്. ടിവി ചാനലുകളും ഓൺലൈൻ, സമൂഹമാധ്യമങ്ങളും പൊലീസ് സംഘടനകളുടെയടക്കം ഗ്രൂപ്പുകളും ഇന്നലെ രാവിലെ മുതൽ കിരണിന്റെ അപൂർവ സേവനം ആഘോഷിച്ചു. കിരണിന് സംസ്ഥാന പൊലീസ് മേധാവി അനിൽ കാന്ത് പൊലീസ് ആസ്ഥാനത്ത് നേരിട്ട് അനുമോദന പത്രം സമ്മാനിക്കും. റൂറൽ പൊലീസ് മേധാവി ഡോ. ദിവ്യ വി.ഗോപിനാഥ് ഇന്നലെത്തന്നെ ഗുഡ് സർവീസ് എൻട്രി പ്രഖ്യാപിച്ചിരുന്നു.
കള്ളിക്കാട് ദൈവപ്പുര സ്വദേശിയായ കിരൺ കാക്കിയണിഞ്ഞതിനു പിന്നിലുമുണ്ട് കഥ. ജീവിത പ്രതികൂല സാഹചര്യങ്ങൾ മൂലം ഇടയ്ക്ക് മുടങ്ങിയ ഡിഗ്രി പഠനം പിന്നീട് പൂർത്തിയാക്കിയശേഷം കൂലിപ്പണിക്കു പോവുകയായിരുന്നു. ടൈൽസ്, പ്ലമിങ് ജോലികൾ ചെയ്തു. ഇതിനിടെ വിവാഹം. അതിനു ശേഷമാണ് ആഗ്രഹം സഫലമാക്കാൻ കഠിനപ്രയത്നം തുടങ്ങിയത്. ആദ്യം ലാസ്റ്റ് ഗ്രേഡ് ജീവനക്കാരനായി ഐടിഐയിൽ ജോലി. പിന്നാലെ സേനയിലേക്ക്. കാക്കിയണിഞ്ഞിട്ട് 2 വർഷം. ആദ്യ പോസ്റ്റിങ് കൊച്ചി നഗരത്തിൽ . പിന്നാലെ ഗുരുവായൂർ. 3 മാസം മുൻപ് അരുവിക്കര സ്റ്റേഷനിൽ എത്തി. രാജിയാണ് ഭാര്യ. അർജുൻ കൃഷ്ണയും ആര്യൻ രാജശ്രി കിരണുമാണ് മക്കൾ.
കഴുത്തിൽ വിഎസ്എസ്‌സിയുടെ തിരിച്ചറിയൽ കാർഡ് തൂക്കി ഉദ്യോഗസ്ഥനെന്ന് തോന്നിപ്പിക്കും വിധം എത്തിയ ആൾ ഉച്ചത്തിൽ സംസാരിച്ചു തുടങ്ങിയതോടെ പന്തികേട് മനസ്സിലാക്കി കിരൺശ്യാമും പൊലീസും ചേർന്ന് പിടിച്ച് കൊണ്ടു പോയി. യോഗത്തിന് എത്തിയവരുടെ കയ്യേറ്റം പിന്നാലെ. ആദ്യ അടി ചെകിടത്ത്. നിലത്തിരുന്ന ആളിനു നേരെ ആളുകൾ പാഞ്ഞടുത്തു. രക്ഷിച്ച് പൊലീസ് വലയത്തിൽ തന്നെ സ്കൂൾ അങ്കണത്തിനു പിന്നിലേക്ക്.
ആക്രോശത്തോടെ ആക്രമിക്കാനെത്തിയവരുടെ എണ്ണം കൂടി. പൊതിരെ തല്ല്. ഓടി അടുക്കുന്നവരുടെ എണ്ണം കൂടിയതോടെ തടയാനാകില്ലെന്നു മനസ്സിലായതോടെയാണ് ഇയാളെ പൊതിഞ്ഞ് കിടന്നത്. കിരണിന്റെ മുതുകിൽ തലങ്ങും വിലങ്ങും ആൾക്കൂട്ടത്തിന്റെ ചവിട്ടുകൊണ്ടു. റൂറൽ പൊലീസ് മേധാവിയും മൂന്ന് ഡിവൈഎസ്പിമാരും പൊലീസുകാരും ആൾക്കൂട്ടത്തെ നിയന്ത്രിക്കും വരെ.