തിരുവനന്തപുരം കാട്ടാക്കടയിൽ ഭാര്യ മരിച്ചതിലുള്ള മനോവിഷമം താങ്ങാനാവാതെ ഭര്‍ത്താവ് ജീവനൊടുക്കി . മലയിന്‍കീഴ് സ്വദേശിയായ കണ്ടല കുളപ്പള്ളി നന്ദനം വീട്ടില്‍ എസ് പ്രഭാകരന്‍ നായരാണ്(53) വീടിനുള്ളില്‍ തൂങ്ങി മരിച്ചത്. ഇന്നലെ വൈകിട്ട് ആണ് പ്രഭാകരനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.മലയിൻകീഴ് ജംഗ്ഷനില്‍ വ്യാപാരം നടത്തിവരികയായിരുന്ന പ്രഭാകരന്‍ നായര്‍ ഭാര്യ മരിച്ചതില്‍ കടുത്ത മനോവിഷമത്തിലായിരുന്നു എന്ന് നാട്ടുകാർ പറയുന്നു. കഴിഞ്ഞ ബുധനാഴ്ചയാണ് പ്രഭാകരന്‍ നായരുടെ ഭാര്യ സി മഞ്ജുഷ (44) മരണപ്പെട്ടത്. ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്നായിരുന്നു മഞ്ജുഷയുടെ മരണം. നാളെ മഞ്ജുഷയുടെ സഞ്ചയനം നടത്താനിരിക്കെയാണ് പ്രാഭാകരന്‍ ജീവനൊടുക്കിയത്. ആത്മഹത്യയ്ക്ക് ശ്രമിച്ച പ്രഭാകരനെ ഉടനെ തന്നെ ബന്ധുക്കൾ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മഞ്ജുഷയും പ്രഭാകരനും ചേര്‍ന്നാണ് കച്ചവടം നടത്തിയിരുന്നത്. ഇവര്‍ക്ക് കുട്ടികളില്ല. കൊവിഡ് കാലത്ത് വ്യാപാരം കുറഞ്ഞതും ഭാര്യയുടെ അപ്രതീക്ഷിത മരണവും പ്രഭാകരന്‍ നായരെ മാനസികമായി ഏറെ തളര്‍ത്തിയിരുന്നുവന്ന് ബന്ധുക്കള്‍ പറയുന്നു.