തിരുവനന്തപുരം പാപ്പനംകോട് പൂഴിക്കുന്ന് സ്വദേശി സനോഫറാണ് ദുരൂഹ സാഹചര്യത്തിൽ മരിച്ചത്. കഴിഞ്ഞ ബുധനാഴ്ച സനോഫർ മദ്യപിച്ചെത്തി ഭാര്യയെ മർദിക്കുകയും വീട്ടുപകരണങ്ങൾ നശിപ്പിക്കുകയും ചെയ്തിരുന്നു. ഇതിനെ തുടർന്ന് ഭാര്യ തസ്ലീമ പോലീസിൽ പരാതിപ്പെട്ടു. ഭാര്യക്കൊപ്പം സ്റ്റേഷനിലെത്തിയ സനോഫറിന്റെ ശരീരത്തിൽ മുറിവുകൾ കണ്ടത്തിനെ തുടർന്ന് ഇയാളെ പൊലീസ് ആശുപത്രിയിലെത്തിച്ചു. ഇതിന് ശേഷം പ്രശ്നപരിഹാരത്തിനായി പോലീസ് വീട്ടിൽ എത്തിച്ചെങ്കിലും സനോഫറിനെ ഏറ്റെടുക്കാൻ ബന്ധുക്കൾ തയ്യാറായില്ല. ഇയാളെ കസ്റ്റഡിയിൽ സൂക്ഷിക്കുന്നതിനായി വൈദ്യപരിശോധനയ്ക്ക് കൊണ്ടു പോകുന്നതിനിടെയാണ് ജീപ്പിൽ നിന്ന് ചാടിയതെന്ന് പോലീസ് പറയുന്നു.ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് നാല് ദിവസമായി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പൊലീസ് മർദ്ദിച്ചതിനെ തുടർന്നാണ് സനോഫർ ജീപ്പിൽ നിന്ന് ചാടിയത് എന്നാരോപിച്ച് ബന്ധുക്കൾ സിറ്റി പോലീസ് കമ്മീഷണർക്ക് പരാതി നൽകിയിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.