കണ്ണൂരുക്കാർ വിവാഹങ്ങൾക്ക് മങ്ങലം എന്നാണ് പറയുന്നത്. ഇതാകട്ടെ നാട്ടുകാരും വീട്ടുകാരും എല്ലാവരും ഒത്തുകൂടി ഗ്രാമത്തിന്റേതായ ശൈലിയാണ് പലയിടങ്ങളിലും വിവാഹാഘോഷങ്ങൾ കാണാൻ സാധിക്കുക.ഇതിന് ഉത്തമ ഉദാഹരണമാണ് കഴിഞ്ഞ രണ്ട് ദിവസമായി സോഷ്യൽമീഡിയ കൈയ്യടക്കുന്ന വീഡിയോയിൽ കാണാൻ സാധിക്കുന്നത്.കണ്ണൂരിലെ ഒരു കല്യാണവീട്ടിലെ ഊട്ടുപുരയിൽ വിളമ്പുകാർ ഉയ്യാരം പയ്യാരം എന്ന പാട്ടുപാടി നൃത്തം ചെയ്യുന്നതായിരുന്നു. നിമിഷ വേഗത്തിലാണ് പാട്ട് ശരംപോലെ കത്തികയറിയത്.മന്ത്രിമാർ അടക്കമുള്ളവർ വീഡിയോ തങ്ങളുടെ ഔദ്യോഗിക പേജിൽ പങ്കുവെച്ചിരുന്നു. കണ്ണൂർ പള്ളിപ്പുറം മേലേച്ച് മുക്ക് ശമീറിന്റെ മകൾ സ്നേഹയുടെ വിവാഹത്തലേന്നായിരുന്നു വൈറലായ ആ ഡാൻസ്.ഊട്ടുപുരയിലെ തിരക്കൊഴിഞ്ഞ നേരം വിളമ്പുകാരുടെ കൊട്ടിക്കലാശം കൂടിയായിരുന്നു അത്.
വിവാഹത്തിന് ബിരിയാണി വിളമ്പുന്ന നാട്ടുകൂട്ടമാണ് സാധാരണ വേഷത്തിൽ ഡാൻസ് ചെയ്യുന്നത്.കൈയിൽ ബിരിയാണിപ്പാത്രം പിടിച്ചും ചെമ്പിൽനിന്ന് ബിരിയാണി കോരിയിട്ടുമായിരുന്നു ആ ആഘോഷം.ഇൻസ്റ്റഗ്രാം റീൽ ആയാണ് വീഡിയോ പ്രത്യക്ഷപ്പെട്ടത്.വിവാഹ വീഡിയോ നിർവഹിച്ച ലിജോയ് എന്ന ക്യാമറാമാനാണ് കലവറയിലെ ആ ചടുലതാളം ഒപ്പിയെടുത്തത്. സുഹൃത്തായ ഷിജിന്റെ എൽജിഎം സ്റ്റുഡിയോക്ക് വേണ്ടിയാണ് ലിജോയ് അന്ന് ആ വിവാഹവീഡിയോ പകർത്തിയത്. ജനുവരിയിലായിരുന്നു വിവാഹം.അഞ്ച് മാസങ്ങൾക്കു ശേഷം,നാലു ദിവസം മുമ്പാണ് വീഡിയോ റീലായി പോസ്റ്റ് ചെയ്തത്.