Type Here to Get Search Results !

ആകാശത്തു നിന്നും പൊട്ടിവീണ വനിതാ മന്ത്രിമാർ ; കുറിപ്പ് ജി ശക്തിധരൻ

ആകാശത്തു നിന്നും പൊട്ടിവീണ വനിതാ മന്ത്രിമാർ
കേരള മന്ത്രിസഭയിൽ മൂന്ന്  വനിതകളെ  ഉൾപ്പെടുത്തും എന്ന് കേട്ടപ്പോൾ ആഹ്ലാദിച്ചവർ ഏറെയാണ്.എൽഡിഎഫിന്റെയോ സിപിഐ എമ്മിന്റെയോ സിപിഐ യുടെയോ തീരുമാനം എന്നതിനുപരി  മുഖ്യമന്ത്രിയുടെ നിശ്ചയദാർഡ്യം മാത്രമാണ് അതിനു പിന്നിൽ എന്ന് ആ ദിവസങ്ങളിലെ രാഷ്ട്രീയ അന്തർ നാടകങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കുന്നവർക്ക് അറിയാം. ആരോഗ്യമന്ത്രിയായിരുന്ന ശൈലജയെ   ഒഴിവാക്കുമ്പോൾ ഇടതുപക്ഷേതര  പൊതുസമൂഹത്തിൽ നിന്ന് വ്യക്തിപരമായി ഉയരാവുന്ന വിമർശനങ്ങൾ മറികടക്കാൻ ആകാം മുഖ്യമന്ത്രി ഈ പൊടിക്കയ്‌ പ്രയോഗിച്ചത്. എന്തുഗുണം ആണ് ഈ വനിതാ  ടീമിൽ നിന്ന് മന്ത്രിസഭയ്ക്ക് ഉണ്ടായതെന്ന് പരിശോധിക്കേണ്ട സമയമായി.ഇവരിൽ ഒരു കെആർ ഗൗരിയമ്മയോ സുശീലാ ഗോപാലനോ ശൈലജയോ മേഴ്സിക്കുട്ടിയമ്മയോ ഉണ്ടാകുമെന്ന് ആരും പ്രതീക്ഷിച്ചില്ല.ഈ ടീമിൽ നിന്ന് മന്ത്രിസഭയിലേക്ക്  വന്നവരുടെ പശ്ചാത്തലം അതല്ല.ചിലരുടെ വരവ് അത്ഭുതം തന്നെയായിരുന്നു.എന്നാലും സ്വയം തിരുത്തലിന് വിധേയമായി മെച്ചപ്പെടുമെന്നു പ്രത്യാശിച്ചു.   . ഈ  മന്ത്രിസഭയിലെ ഏറ്റവും തലക്കനം പിടിച്ച  രണ്ട് മന്ത്രിമാരുടെ പേര് ചോദിച്ചാൽ അതു രണ്ടും വനിതകളുടെ പേരാവും കേൾക്കുക. സംസഥാനത്തെ മന്ത്രിമാരിൽ തന്നെ അതിൽ ഒരു മന്ത്രിയുടെ പ്രവർത്തനം ഏറ്റവും മോശമാണെന്നു സർക്കാർ കണ്ടെത്തിയ സാഹചര്യത്തിൽ അവരിൽ നിന്ന് കൂടുതൽ  പ്രതീക്ഷയ്ക്ക് വകയില്ല.സ്മൃതി ഇറാനിമാരെ പൊതുവെ കമ്മ്യുണിസ്റ്റുകാർ തലയിലേറ്റാറില്ല. മന്ത്രിചിഞ്ചു റാണിയുടെ വകുപ്പ് ഭരണവും അവിടെ നിയോഗിക്കപ്പെട്ടിട്ടുള്ള സ്റ്റാഫും മത്സരബുദ്ധിയോട് പ്രവർത്തിക്കുന്നു എന്ന്  വിലയിരുത്തുന്നവരാണ് സംസ്‌ഥാനത്തെ ഉന്നത ഉദ്യോഗസ്ഥർ.അത് ശരിയായിരിക്കാം  തെറ്റായിരിക്കാം.ഈ വനിതാ മന്ത്രിമാരെ നിരനിരയായി ഒന്നിറക്കി നിർത്തിയാൽ  എം എൻ സ്മാരകത്തിൽ നിന്ന് വന്നിരിക്കുന്നത്  ആരാണെന്ന് കണ്ടെത്താൻ  രണ്ടാമതൊന്ന് ആലോചിക്കേണ്ടിവരില്ല.അവരിൽ ഒരു കമ്യുണിസ്റ്റ് ടച്ച് ഉണ്ട് .അത് കൃതൃമമല്ല.എന്നാൽ  പൊങ്ങച്ചം തലയ്ക്ക് പിടിച്ച വനിതാ മന്ത്രിമാർ ഉണ്ട്.പൊങ്ങച്ചം കൊണ്ട് സഹ വനിതാ എംഎൽഎമാരോട്  പോലും മര്യാദ പാലിക്കാൻ    അറിയാത്ത  വനിതാ മന്ത്രിമാർ ഉണ്ട്.പാർട്ടി കണ്ടുപിടിച്ചത് തന്നെ തങ്ങൾ ആണെന്ന  ഭാവമാണ് അവർക്ക്.അതുക്കും മേലെയുള്ളയാളോടുള്ള അടുപ്പം ആവും അഹങ്കാരം    തലയിൽ ഉരുണ്ട് കേറുന്നത്തിനു കാരണം.സെക്രട്ടറിയറ്റിലെ കോവണിയിലൂടെ നടക്കുമ്പോൾ പ്രത്യേക താള ക്രമത്തിൽ കേൾക്കുന്ന പോലീസുകാരുടെ ബൂട്ടുകളുടെ ചവിട്ട്  ശബ്ദം മരണം വരെ തങ്ങൾക്ക് സ്വന്തമെന്ന് ധരിച്ചുപോയവർ ആണവർ. കരുവന്നൂർ സഹകരണ ബാങ്കിലെ  നിക്ഷേപകന്റെ മരണത്തിനിടയാക്കിയ  സംഭവത്തെ കുറിച്ച്  ഒരു വനിതാ മന്ത്രി ഇന്നലെ കണ്ണിൽച്ചോരയില്ലാതെ പ്രതികരിക്കുന്നതു കണ്ടു.ഏതെങ്കിലും കുടുംബത്തിന്റെ ഭാഗമായിരിക്കും ആ മന്ത്രിയും.മനുഷ്യന്റെ  ദുഃഖം എന്താണെന്നു പൊങ്ങച്ചക്കാരിയായ  ആ മന്ത്രിയുടെ ഭർത്താവ് എങ്കിലും ഒന്ന് പഠിപ്പിക്കണം.തീർച്ചയായും ആകാശത്തു നിന്ന് പൊട്ടിവീണതാകില്ല ആ മന്ത്രി. മഹാകഷ്ടം.