സജി ചെറിയാന്റെ ഭരണഘടനയെ ആക്ഷേപിക്കലും, മുരളി പെരുനെല്ലിയുടെ ജയ് ഭീം മുദ്രാവാക്യത്തെ കളിയാക്കലും രാഷ്ട്രീയമായി ഉപയോഗപ്പെടുത്താന്‍ തന്നെയാണ് കോണ്‍ഗ്രസിന്റെയും യു ഡി എഫിന്റെയും തിരുമാനം. മുരളി പെരുനെല്ലി മാപ്പ് പറയണമെന്ന ആവശ്യം പ്രതിപക്ഷമുയര്‍ത്തിക്കഴിഞ്ഞു.സിപിഎമ്മിനെ സംബന്ധിച്ചടത്തോളം ഈ സംഭവങ്ങള്‍ വലിയ തലവേദന തന്നെ സൃഷ്ടിച്ചിരിക്കുകയാണ്.കോണ്‍ഗ്രസിനും യു ഡി എഫിനും കേരളത്തിലെ പട്ടിക ജാതി പട്ടിക വര്‍ഗ വിഭാഗങ്ങളുടെ വോട്ട് ബാങ്കിലേക്ക് കടന്ന് കയറാന്‍ ഇതുവരെ കാര്യമായി സാധിച്ചിട്ടില്ല.അത് കൊണ്ട് സജി ചെറിയാന്റെയും മുരളി പെരുനെല്ലിയുടെയും വിവാദ പരാമര്‍ശങ്ങളെ പരമാവധി മുതലെടുക്കാനാണ് കോണ്‍ഗ്രസും യു ഡി എഫും ശ്രമിക്കുന്നത്.
ആര്‍എസ്എസിനെ സന്തോഷിപ്പിക്കാനാണ് CPM നേതാക്കള്‍ ഭരണഘടനയെയും അംബ്ദകറെയും അപമാനിക്കുന്നതെന്ന പ്രചരണമാണ് കോണ്‍ഗ്രസ് UDF നേതൃത്വം അഴിച്ചുവിടുന്നത്.കേന്ദ്ര BJP നേതൃത്വത്തിന്റെ കാരുണ്യത്തിലാണ് സ്വര്‍ണ കള്ളക്കടത്ത് കേസില്‍ പിണറായി വിജയന്‍ കേന്ദ്ര അന്വേഷണ ഏജന്‍സികളില്‍ നിന്ന് രക്ഷപെട്ട് നില്‍ക്കുന്നത് അത് കൊണ്ടുള്ള നന്ദിപ്രകടനമാണ് CPM നേതാക്കളുടെ അംബദ്കര്‍ നിന്ദയെന്നാണ് കോണ്‍ഗ്രസും യു ഡി എഫും എടുത്തിരിക്കുന്ന രാഷ്ട്രീയ നിലപാട്.ഇത് മുന്‍ നിര്‍ത്തിയുള്ള പ്രചരണം തങ്ങള്‍ക്ക് രാഷ്ടീയ തിരിച്ചടിയാകുമോ എന്ന ഭയം സിപിഎമ്മിനുണ്ട്.വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ CPM കണ്ണുവെച്ചിട്ടുള്ള മണ്ഡലങ്ങളില്‍ പട്ടികജാതി സംവരണ മണ്ഡലങ്ങളായ ആലത്തൂരും മാവേലിക്കരയുമുണ്ട്.അത് കൊണ്ട് തന്നെ ഇത്രയും പെട്ടെന്ന് ഇത്തരം വിവാദങ്ങളില്‍ നിന്ന് തലയൂരിയില്ലങ്കില്‍ അത് വലിയ പ്രത്യാഘാതം ഉണ്ടാക്കുമെന്നാണ് CPM നേതൃത്വത്തിന്റെ വിലയിരുത്തല്‍.