പെണ്‍കുട്ടിയുടെ പരാതിയിൽ മോട്ടോര്‍ വെഹിക്കിള്‍ ഓഫീസേഴ്സ് അസോസിയേഷൻ നേതാവിന് സസ്‌പെന്‍ഷന്‍
Monday, July 25, 2022
സർക്കാർ ഉദ്യോഗസ്ഥരുടെ യൂണിയൻ നേതാക്കൾ പുരുഷൻമാരിൽ നിന്ന് കൈക്കൂലിയും സുന്ദരികളായ സ്ത്രീകളിൽ നിന്ന് കൈക്കൂലിയ്ക്ക് പകരം മറ്റു ചിലതുമാണ് ആവശ്യപ്പെടുന്നതെന്ന ആക്ഷേപം ഉയരുന്നതിനിടയിലാണ് പത്തനംതിട്ടയില്‍ ഡ്രൈവിംഗ് ടെസ്റ്റിന് എത്തിയ പെണ്‍കുട്ടിയെ കയറിപിടിച്ചെന്ന പരാതിയെ തുടര്‍ന്ന് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ സസ്‌പെന്‍ഷനിലായിരിക്കുന്നത്.പത്തനാപുരം എംവിഐ വിനോദ് കുമാറിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്.ഇയാൾക്കെതിരെ മുൻപും സമാനമായ രീതിയിൽ നിരവധി പരാതികൾ ഉയർന്നെങ്കിലും കേസെടുത്തിട്ടില്ലായിരുന്നു.ഡ്രൈവിംഗ് ടെസ്റ്റിന് എത്തിയപ്പോള്‍ വിനോദ് കുമാര്‍ മോശമായി പെരുമാറിയെന്ന് ചൂണ്ടിക്കാട്ടി പെണ്‍കുട്ടി മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിലാണ് ഇപ്പോൾ നടപടി ഉണ്ടായിരിക്കുന്നത്.നടപടി സ്വീകരിച്ചില്ലെങ്കിൽ കോടതിയെ സമീപിക്കുമെന്ന് പെൺകുട്ടി നിലപാട് സ്വീകരിച്ചതോടെ പരാതിയില്‍ ഗതാഗത കമ്മീഷ്ണര്‍ അന്വേഷണം നടത്തുകയും റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തു.ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിൽ വിനോദ് കുമാറിനെതിരെ കേസെടുത്തു. ഇതിന് പിന്നാലെയാണ് സസ്‌പെന്‍ഷന്‍ നടപടി.മോട്ടോര്‍ വെഹിക്കിള്‍ ഓഫിസേഴ്‌സ് അസോസിയേഷന്‍ സംഘടനയുടെ സംസ്ഥാന നേതാവാണ് വിനോദ് കുമാര്‍.