വഞ്ചിച്ചവരാണ് ഇന്ത്യയിലെ കമ്മ്യുണിസ്റ്റുകാർ എന്ന് ഇന്ത്യയുടെ വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ ഇന്ന് പ്രസംഗിക്കുന്നത് കേട്ടപ്പോൾ യഥാർത്ഥത്തിൽ നടുങ്ങിപ്പോയി. ഇദ്ദേഹം ഭരണഘടനയെ തൊട്ട് സത്യപ്രതിജ്ഞ ചെയ്ത മന്ത്രിയല്ലേ? ആ നിലവാരമെങ്കിലും മാനിക്കണ്ടേ ? ഇന്ത്യയെ ഐക്യത്തോടെ നിർത്തേണ്ട ഉത്തരവാദിത്വമുള്ള ഒരു മന്ത്രി ഇങ്ങിനെ ചരിത്ര നിഷേധിയാകാൻ പാടുണ്ടോ?
ഇന്ത്യയുടെ സ്വാതന്ത്ര്യത്തിൻറെ പൊൻ പുലരി മഹാനായ എകെജി കാരാഗൃഹത്തിൽ കിടന്നു കാണേണ്ടിവന്നത് ഈ മുരളീധരന്റെ പറമ്പിലെ തേങ്ങാ മോഷ്ടിച്ചതിനായായിരുന്നോ ? ഇന്ത്യക്ക്
സ്വാതന്ത്ര്യം ലഭിച്ച ദിനത്തിൽ പോലും ഡസൻ കണക്കിന് കമ്മ്യുണിസ്റ്റുകാർ ജയിലിൽ ഉണ്ടായിരുന്നു എന്നത് വസ്തുതയല്ലേ. അക്കൂട്ടത്തിൽ സ്ത്രീകളും ഉണ്ടായിരുന്നു.
രാഷ്ട്രീയ ജ്വരം ബാധിച്ചാൽ മനസ്സ് ഇത്ര ചീഞ്ഞു നാറാമോ? എന്താ ഇന്ത്യയിൽ കമ്മ്യുണിസ്റ്റുകാര് ഉണ്ടായിരുന്നില്ലെങ്കിൽ ഇതിലും നേരത്തെ സ്വാതന്ത്ര്യം നേടുമായിരുന്നോ? ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം തങ്ങൾ പറഞ്ഞിട്ട് കൊടുത്താൽ മതി എന്ന് ലെനിനോ എം എൻ റോയിയോ എസ് വി ഘാട്ടെ യൊ പി സി ജോഷിയോ എസ്സ് എ ഡാങ്കെയോ മുസഫർ അഹമ്മദോ ,ഗംഗാധർ അധികാരിയൊ,രജനി പാം ദത്തോ ബ്രിട്ടനോട് പറഞ്ഞോ? എന്തായാലും ഇന്ത്യയിൽ അക്കാലത്തെ ഒരു കമ്മ്യുണിസ്റ്റ് പാർട്ടി ഉണ്ടായിരുന്നുവെന്ന് സമ്മതിച്ചത് തന്നെ ഭാഗ്യം. പാർട്ടി ഇല്ലാതെ പാർട്ടി വഞ്ചിച്ചുവെന്ന് പറയുന്നതിൽ അർത്ഥമില്ലല്ലൊ. കാൺപൂരിലും ലാഹോറിലും മറ്റും തെരുവുകളിൽ കഴുത്തിലും കാലിലിലും ചങ്ങല കൊണ്ട് പൂട്ടി കടുത്ത ബന്തവസിൽ കൊണ്ടുപോയ കമ്യുണിസ്റ്റുകാരുടെ ചിത്രം ജനങ്ങൾക്ക് എങ്ങിനെ മറക്കാനാകും?
ദേശീയ സ്വാതന്ത്ര്യസമരം നയിക്കാൻ ശേഷിയുള്ള ഒരു വലിയ കമ്മ്യുണിസ്റ്റ് പാർട്ടി ഇന്ത്യയിൽ ഇല്ലാ യിരുന്നുവെന്നു എന്ന് പറഞ്ഞാൽ സത്യം.അക്കാര്യം കമ്മ്യുണിസ്റ്റ് നേതാക്കൾ തന്നെ സമ്മതിച്ചിട്ടുള്ളതാണ്. അത്രത്തോളം ജനങ്ങൾ പാർട്ടിക്കൊപ്പം ഉണ്ടായിരുന്നില്ല. അങ്ങിനെ ആയിരുന്നെങ്കിൽ കേരളത്തിൽ
മാത്രമല്ലല്ലോ കമ്മ്യുണിസ്റ്റുകാർ അധികാരത്തിൽ വരിക. കടുത്തപീഡനങ്ങൾ അനുഭവിച്ചവരാണ് അക്കാലത്തെ കമ്മ്യുണിസ്റ്റുകാർ . എന്നാൽ 1942 ലെ ക്വിറ്റ് ഇന്ത്യാ സമരത്തിൽ കമ്മ്യുണിസ്റ്റ് പാർട്ടിക്ക് കാലിടറി. ലോക മഹായുദ്ധം നടക്കുന്നതിനിടയ്ക്കു ഇന്ത്യയിൽ പുതിയ സമരം സംഘടിപ്പിക്കുന്നത് ഫാസിസ്റ്റ് ശക്തികളെ സഹായിക്കില്ലേ എന്ന സംശയം കമ്മ്യുണിസ്റ്റ് കാരിൽ ഉണ്ടായി. ഇതേ നിലപാട് തന്നെയാണ് നെഹ്രുവിന്റെ നേതൃത്വത്തിലുള്ള ഇടതുപക്ഷവും ആദ്യം എടുത്തത്,എങ്കിലും ഈ നിലപാട് കമ്മ്യുണിസ്റ്റ് പാർട്ടിയെക്കുറിച്ചു തെറ്റുദ്ധാരണ സൃഷ്ട്ടിക്കാൻ കാരണമായി എന്നതു തർക്കമറ്റ കാര്യമാണ്.അപ്പോഴും ഇന്ത്യൻ ജയിലുകളിൽ പതിനഞ്ചുവർഷം വരെ ശിക്ഷിക്കപ്പെട്ട ഡസൻ കണക്കിന് കമ്മ്യുണിസ്റ്റ് കാർ ഉണ്ടായിരിന്നു .കേരളത്തിലടക്കം ഒട്ടേറെപ്പേർ കഴുമരത്തിലേറ്റപ്പെട്ടു . ഈ ചരിത്രത്തെ വക്രീകരിക്കാനാണ് മന്ത്രി വി മുരളിധരൻ ശ്രമിക്കുന്നത് .ഒരു നുണ 100 തവണ ആവർത്തിച്ചാൽ സത്യമായിക്കൊള്ളുമെന്നാകാം.
ഇന്നത്തെ രാത്രിക്കു ചരിത്രത്തിൽ ഏറെ പ്രത്യേകതയുണ്ട് .നാളത്തെ പ്രഭാതം ഇന്ത്യയിൽ സ്വാതന്ത്ര്യത്തിന്റെ സൂര്യോദയം ഉണ്ടാവുമെന്ന ആശങ്കയിൽ അതേവരേ ബ്രിട്ടീഷുകാർക്കൊപ്പം നിന്നവർ തന്ത്രപൂർവം ചുവടുമാറ്റിയ രാത്രി കൂടിയാണിത്, സ്വാതന്ത്ര്യ സമര ഭടന്മാരെ ഓടിച്ചിട്ട് അടിച്ചിരുന്നവർ ഇന്നത്തെ രാത്രി ഖദർ തേടി നെട്ടോട്ടമോടിയ ദിവസം . മലയാള മനോരമയെപ്പോലുള്ള മാധ്യമങ്ങളും കരണം മറിഞ്ഞു ഗാന്ധി ഭക്തി തുടങ്ങിയ രാത്രി.അതിനു മാമൻ മാപ്പിളയുടെ ന്യായം ഇന്ത്യയിൽ ബ്രിട്ടീഷുകാർ അധികാരത്തിൽ നിന്ന് പോകുമെന്ന് സ്വപനത്തിൽ പോലും കരുതിയിരുന്നില്ല എന്നാണ്.സ്വദേശാഭിമാനി യുടെ ചിതാഭസ്മം തലസ്ഥാനത്തു കൊണ്ടുവെച്ച മാമൻ മാപ്പിളയുടെ കുറ്റസമ്മത പ്രസംഗം ഇപ്പോൾ ചരിത്രത്തിന്റെ ഭാഗമാണ്.