Type Here to Get Search Results !

ആരാണ് കേരളത്തിലെ റോഡ് മാഫിയ

Keralam road
ആരാണ് കേരളത്തിലെ റോഡ് മാഫിയ അറിയണ്ടേ? 

എന്തുകൊണ്ട് കേരളത്തിലെ റോഡുകൾ ഇങ്ങനെ ! ?


മദ്യ മാഫിയ, മയക്കുമരുന്ന് മാഫിയ, റിയൽ എസ്റ്റേറ്റ് മാഫിയ, കുഴൽപ്പണ മാഫിയ  എന്നൊക്കെ നിങ്ങൾ കേട്ടിട്ടുണ്ടാകും  എന്നാൽ റോഡ് മാഫിയ എന്ന് നിങ്ങൾ കേട്ടിട്ടുണ്ടോ..? മേല്പറഞ്ഞ എല്ലാ മാഫിയകളെക്കാളും പണം വാരുന്ന ഒരു റോഡ് മാഫിയ കേരളത്തിൽ ഉണ്ടെന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ...? 


ഒരു ദീർഘ ശ്വാസം എടുത്ത് വിടുക, പാർട്ടി അടിമത്വം തൽക്കാലത്തേക്ക് ഇറക്കി വെച്ച് സ്വന്തം ബുദ്ധിയെ വിശ്വസിച്ച് ബാക്കി വായിക്കുക. 


കഴിഞ്ഞ കുറെ ദിവസങ്ങളിലായി  നമ്മുടെ ചാനലുകളിലും പത്രങ്ങളിലും  റോഡിലെ കുണ്ടും കുഴിയുമാണ് പ്രധാന വാർത്ത, റോഡിലെ കുളിയും വാഴ നടലുമൊക്കെ മലയാളിയെ ചിരിപ്പിക്കുന്ന ഹാസ്യ കലാപരിപാടികളായിരിക്കുന്നു, എത്രയോ പേരുടെ ജീവനുകൾ റോഡിലെ കുഴികളിൽ പൊലിഞ്ഞിരിക്കുന്നു, പ്രതിപക്ഷം പറയുന്നത് ഇത് സർക്കാരിന്റെ ഭരണ പരാജയമാണെന്നാണ്, പ്രീ മൺസൂൺ അറ്റകുറ്റ പണികളൊന്നും നേരാം വണ്ണം ചെയ്യാത്തത് കൊണ്ടാണ് എന്നാണ്... 


അത് ശരിയാണോ..? 

എന്ത് കൊണ്ടായിരിക്കും നമ്മുടെ റോഡുകൾ പൊളിയുന്നത്...? മഴ പെയ്യുന്നത് കൊണ്ട് എന്നായിരിക്കും എല്ലാവരുടെയും ഉത്തരം, അങ്ങനെയെങ്കിൽ വർഷം മുഴുവനും മഴപെയ്യുന്ന മലേഷ്യയും  സിംഗപ്പൂരും  സൗത്ത് കൊറിയയും ഉൾപ്പടെയുള്ള രാജ്യങ്ങളിൽ റോഡ് പോളിയണ്ടേ എന്ന ക്ളീഷേ ചോദ്യമാണ് ചോദിക്കാൻ പോകുന്നത് എന്നല്ലേ നിങ്ങൾ വിചാരിച്ചത്..? അല്ല, ഞാൻ സംസാരിക്കുന്നത് കേരളത്തിനകത്തെ കാര്യം മാത്രമാണ്. 


കേരളത്തിനകത്ത് കുളപ്പുള്ളി മുതൽ പാലക്കാട് വരെ 48 കിലോമീറ്റർ റോഡുണ്ട്, പണി കഴിഞ്ഞിട്ട് 17 വർഷങ്ങളായി ഇത് വരെ കാര്യമായ അറ്റകുറ്റപ്പണികൾ നടത്തിയിട്ടില്ല, ആ റോഡിന് ഇന്നും ഒരു കുഴപ്പവുമില്ല...! എന്ത് കൊണ്ടാണ് കേരളത്തിലെ ബാക്കി റോഡുകളെല്ലാം പൊളിയുമ്പോൾ ഒരു റോഡ് മാത്രം പൊളിയാതിരിക്കുന്നത്...? മറ്റു റോഡുകളിൽ നിന്ന് ഇപ്പറഞ്ഞ റോഡിന് ഒരു വ്യത്യാസമേയുള്ളൂ.. അത് പണിതത് കേരളത്തിലെ രാഷ്ട്രീയ-ഉദ്യോഗസ്ഥ-കോൺട്രാക്ടർ മാഫിയയല്ല, ഒരു വിദേശ കമ്പനിയാണ്. 


2002 നവംബർ 7 നായിരുന്നു വേൾഡ് ബാങ്ക് ഫണ്ട് ചെയ്യുന്ന 140 കോടിയുടെ റോഡ് നിർമാണക്കരാർ മലേഷ്യയിലെ RBM എന്ന കമ്പനി  നേടിയത്, നന്നായി വർക് പൂർത്തീകരിച്ചാൽ കൂടുതൽ ജോലികൾ കിട്ടുമെന്ന പ്രതീക്ഷയും അവർക്കുണ്ടായിരുന്നു, കേരളാ സ്റ്റേറ്റ് റോഡ് പ്രോജെക്ട്സ് (KSTP) യാണ് മേൽനോട്ടം വഹിച്ചത്. 2004 ഡിസംബറിൽ ജോലി പൂർത്തീകരിക്കാനായിരുന്നു കരാർ. 


കൊല്ലം തോറും പൊളിയുകയും റോഡ് പുതുക്കിപ്പണിയുകയും അതിന് വേണ്ടി കോടികൾ പൊതുഖജനാവിൽ നിന്ന് വകയിരുത്തി അടിച്ചു മാറ്റുകയും ചെയ്യുന്ന റോഡ് മാഫിയ മലേഷ്യൻ കമ്പനിയുടെ റോഡ് നിർമ്മാണം പൂർത്തിയായാൽ ഉണ്ടാകാൻ പോകുന്ന അപകടം തിരിച്ചറിഞ്ഞു, പതിവ് പോലെ റോഡ് പൂർത്തിയായാൽ അടുത്ത ദിവസം വെട്ടിപ്പൊളിക്കുന്ന വാട്ടർ അതോറിറ്റിക്കാരെ വെച്ച് പലയിടങ്ങളിലും തടസ്സം സൃഷ്ടിച്ചു, ഭൂമി ഏറ്റെടുത്ത് കൊടുക്കുന്നതിൽ കാല താമസം വരുത്തി. മറുഭാഗത്ത് സമയത്തിന് പണി തീർക്കുന്നില്ല എന്ന പരാതി കമ്പനിക്ക് നേരെ ഉയർത്തി, ബില്ലുകൾ തടഞ്ഞു വെച്ചു, കമ്പനി പേയ്‌മെന്റിന് വേണ്ടി ഓഫീസുകൾ കയറിയിറങ്ങി, ട്രിബ്യുണലിനെ സമീപിച്ചു,  സർക്കാർ രണ്ടു തവണ ജോലി പൂർത്തിയാക്കാനുള്ള സമയം നീട്ടിനൽകി, പക്ഷെ നേരത്തിന് പണം കൊടുത്തില്ല, വേൾഡ് ബാങ്ക് ഫണ്ടാണ്, സർക്കാർ കയ്യിൽ നിന്ന് എടുത്ത് കൊടുക്കണ്ട ഒപ്പിട്ടു കൊടുത്താൽ മാത്രം മതി, പക്ഷെ അച്യുതാന്ദൻ ചെയ്തില്ല. ഒടുക്കം 2006 ഡിസംബർ 6 ന് 80 ശതമാനം പൂർത്തിയായ പണി അവസാനിപ്പിക്കാൻ വിഎസ് അച്യുതാനന്ദൻ സർക്കാർ ഉത്തരവിറക്കി, ഇതേ കമ്പനി ചെയ്തിരുന്ന, 20 ശതമാനം പണി തീർന്ന, കുറ്റിപ്പുറം ചൂണ്ടൽ റോഡിന്റെ പണിയും സർക്കാർ മുടക്കി, കാശ് കിട്ടാനുള്ള കേസ് നടത്താൻ വേണ്ടി മാത്രം പാലക്കാട് ഒരു ഓഫീസ് പ്രവർത്തിച്ചു ആ കമ്പനി എന്നെന്നേക്കുമായി ഇന്ത്യ വിട്ടു, 


ഇതേ സമയം മറ്റൊരു മലേഷ്യൻ കമ്പനിയുടെ റോഡ് പണി കൂടി നടക്കുന്നുണ്ടായിരുന്നു, മുവ്വാറ്റുപുഴ കൊല്ലം തിരുവനന്തപുരം 128 കിലോമീറ്റർ റോഡ്, പതിബെൽ എന്ന മലേഷ്യൻ കമ്പനിയായിരുന്നു ആ റോഡ് പണി നടത്തിയത്, അവിടെയും റോഡ് മാഫിയ ഇടങ്കോലിട്ടു,  നിരന്തരം പ്രതിസന്ധികൾ സൃഷ്ടിച്ചു, ഓഫീസുകൾ കയറി നിറങ്ങിയിട്ടും ബില്ലുകൾ പാസ്സാക്കി കൊടുത്തില്ല, കടം കയറിയ കോൺട്രാക്ടർ ലീ സീ ബെൻ എന്ന മലേഷ്യൻ പൗരൻ ആത്മഹത്യ ചെയ്തു. ചരമകോളത്തിലെ ഒരു ദിവസത്തെ വാർത്താക്കപ്പുറം പാർട്ടി അടിമകളുടെ കേരളം ആ മരണം ചർച്ച ചെയ്തില്ല. 60 ശതമാനം ജോലി പൂർത്തിയാക്കിയ കമ്പനി കേരളം വിട്ടു. ഇനിയൊരു വിദേശ കോൺട്രാക്ടറും കേരളത്തിൽ റോഡ് പണിക്ക് വരില്ല എന്ന് രാഷ്‌ടീയ-ഉദ്യോഗസ്ഥ-കോൺട്രാക്ടർ കൂട്ടുകെട്ട് ഉറപ്പാക്കി,  


നിങ്ങൾക്ക് ലജ്ജ തോന്നുന്നുണ്ടോ...? 

15 വർഷമായിട്ടും പൊളിയാത്ത റോഡ് ഇതേ കേരളത്തിൽ നിർമ്മിക്കാമെന്നിരിക്കെ ആ ടെക്‌നോളജി എന്താണെന്ന് പഠിക്കാതെ കൊല്ലം തോറും കുഴി അടക്കാൻ വേണ്ടി കോടികൾ അനുവദിക്കുകയും അത് അടിച്ചു മാറ്റുകയും ചെയ്യുന്ന മാഫിയയെ സ്ഥിരമായി വോട്ട് ചെയ്ത് വിജയിപ്പിക്കുന്നതിൽ നിങ്ങൾക്ക് നിങ്ങളോട് തന്നെ പുച്ഛം തോന്നുന്നുണ്ടോ..? ഊരാളുങ്കൽ സൊസൈറ്റി പോലെയുള്ള കമ്പനികൾ എന്ത് കൊണ്ടാണ് മലേഷ്യൻ കമ്പനികൾ ഉപയോഗിച്ച ടെക്‌നോളജി ഉപയോഗിച്ച് റോഡ് പണിയാത്തത് എന്ന് നിങ്ങൾക്ക് ചിന്തിക്കുന്നുണ്ടോ...? എല്ലാം പോകട്ടെ, ഓരോ വർഷവും റോഡിലെ കുഴികളിൽ വീണ് മരിക്കുന്ന മനുഷ്യരെക്കുറിച്ചെങ്കിലും നിങ്ങൾക്ക് വേവലാതിയുണ്ടോ..?   


ഉണ്ടാവില്ല, നമ്മളൊരു നെറികെട്ട ?ജനതയാണ്, ബുദ്ധിയും വിവേകവും പാർട്ടി ഓഫീസുകളിൽ പണയം വെച്ച പാർട്ടി അടിമകൾ, കൊല്ലം മുഴുവൻ മഴപെയ്തിട്ടും പൊളിയാത്ത റോഡുകൾ കൺമുന്നിൽ കണ്ടുകൊണ്ട് തന്നെ മഴ പെയ്തിട്ടല്ലേ റോഡ് പൊളിയുന്നത് സർക്കാർ എന്ത് ചെയ്യാനാണ് എന്ന് ന്യായീകരിക്കുന്ന വിഡ്ഢിക്കൂട്ടങ്ങൾ. നമ്മൾ അർഹിക്കുന്നത് മാഫിയ ഭരണം തന്നെയാണ്. ഓരോ ജനതക്കും അവരർഹിക്കുന്ന ഭരണാധികാരികളെ തന്നെയാണ് ലഭിക്കുന്നത്.


മാറ്റം സാധ്യമാണ് മാറേണ്ടത് നമ്മളാണ്

ചിന്തിക്കുക