Type Here to Get Search Results !

കിഫ്ബിയിലെ സാമ്പത്തിക ക്രമക്കേട് ഇഡി നോട്ടീസില്‍ നിയമ ഉപദേശം തേടുമെന്ന് തോമസ് ഐസക്

കിഫ്ബിയിലെ സാമ്പത്തിക ക്രമക്കേട് ഇഡി നോട്ടീസില്‍ നിയമ ഉപദേശം തേടുമെന്ന് തോമസ് ഐസക്
കിഫ്ബിയിലെ സാമ്പത്തിക ഇടപാട് കേസുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് രണ്ടാം തവണയും നോട്ടീസ് അയച്ചെങ്കിലും ഹാജരാകുന്ന കാര്യത്തില്‍ തീരുമാനം എടുത്തിട്ടില്ലെന്ന് മുന്‍ ധനമന്ത്രി തോമസ് ഐസക്.കിഫ്ബിയിലേക്ക് വിദേശ പണം സ്വീകരിച്ചതുമായി ബന്ധപ്പെട്ടാണ് ഇഡി നോട്ടീസ് അയച്ചത്.ഹാജരാകാനുള്ള സമന്‍സ് ഇ മെയില്‍ വഴി ലഭിച്ചു. ആദ്യ സമന്‍സും ഇതും തമ്മില്‍ വ്യത്യാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു.പത്ത് വര്‍ഷകാലത്തെ അക്കൗണ്ട്, സ്വത്തുകള്‍ അടക്കമുള്ള വിശദാംശങ്ങള്‍ ചോദിച്ചിട്ടുണ്ട്. ഇഡിയുടെ ലക്ഷ്യമെന്താണെന്ന് അറിയില്ല.വിരട്ടിയാല്‍ ഭയപ്പെടും എന്ന തോന്നലാണ് ചിലര്‍ക്ക്.രണ്ടാം തവണയും നോട്ടീസ് അയച്ചിരിക്കുന്നത് തന്നെ അപമാനിക്കാന്‍ വേണ്ടിയാണ്. നിയമോപദേശം തേടിയതിന് ശേഷമേ ഹാജരാകുന്നത് സംബന്ധിച്ച് തീരുമാനമെടുക്കൂവെന്നും അദ്ദേഹം വ്യക്തമാക്കി.


തോമസ് ഐസക് ഈ മാസം 11ന് കൊച്ചിയിലെ ഇഡി ഓഫീസില്‍ ഹാജരാകണമെന്നാണ് ഇ ഡി ആവശ്യപ്പെട്ടിരിക്കുന്നത്.നേരത്തെ ജൂലൈ 19നും തോമസ് ഐസകിന് ഇഡി നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ അന്ന് അദ്ദേഹം ഹാജരായിരുന്നില്ല.ഇഎംഎസ് പഠനകേന്ദ്രത്തില്‍ ക്ലാസെടുക്കാനുണ്ടെന്ന് കാട്ടിയായിരുന്നു അന്ന് ചോദ്യം ചെയ്യലിന് ഹാജരാകാതിരുന്നത്.കിഫ്ബിയുടെ വൈസ് ചെയര്‍മാന്‍ എന്ന നിലയിലാണ് തോമസ് ഐസകിനെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിരിക്കുന്നത്.അതേ സമയം ഇഡി നീക്കം രാഷ്ട്രീയ പ്രേരിതമാണ്. അന്വേഷണ ഏജന്‍സികളെ ബിജെപി സര്‍ക്കാര്‍ അവരുടെ ലക്ഷ്യങ്ങള്‍ക്ക് ഉപയോഗിക്കുകയാണെന്നും ഇപ്പോഴത്തെ നീക്കങ്ങള്‍ക്ക് പിന്നില്‍ വേറെ ലക്ഷ്യങ്ങളാണുള്ളതെന്നും അദ്ദേഹം പ്രതികരിച്ചിരുന്നു.