ആലപ്പുഴയിൽ യുവാവ് തീവണ്ടിക്ക് മുന്നിൽ ചാടി ജീവനൊടുക്കിയ സംഭവത്തിൽ പരാതിയുമായി കുടുംബം.ആലപ്പുഴ പുന്നപ്ര സ്വദേശി നന്ദു(19)വിന്റെ മരണത്തിലാണ് പിതാവും സഹോദരിയും പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്.പ്രാദേശിക ഡിവൈഎഫ്ഐ നേതാക്കളുടെ ക്രൂരമർദനവും ഭീഷണിയുമാണ് നന്ദുവിന്റെ ആത്മഹത്യയ്ക്ക് കാരണമെന്നും ഡിവൈഎഫ്ഐക്കാർ പിന്തുടർന്നപ്പോഴാണ് നന്ദു തീവണ്ടിക്ക് മുന്നിൽ ചാടിയതെന്നും ഇവർ ആരോപിച്ചു.പ്രദേശത്തെ ഡിവൈഎഫ്ഐ പ്രവർത്തകർ കഞ്ചാവ് ഉപയോഗിക്കുന്നവരാണെന്നും നേരത്തെ വധഭീഷണി മുഴക്കിയിട്ടുണ്ടെന്നും ഇവർ ആരോപിക്കുന്നുണ്ട്.ഓഗസ്റ്റ് 14-ാം തീയതി വൈകിട്ടാണ് നന്ദു തീവണ്ടിക്ക് മുന്നിൽ ചാടി ജീവനൊടുക്കിയത്.ഇതിനുമുമ്പ് സഹോദരി വിളിച്ചപ്പോൾ മുന്ന,ഫൈസൽ എന്നിവർ തന്നെ മർദിച്ചതായും താൻ തീവണ്ടിക്ക് മുന്നിൽ ചാടാൻ പോവുകയാണെന്നും നന്ദു പറഞ്ഞിരുന്നു.ഈ സംഭാഷണത്തിന്റെ ശബ്ദരേഖയും പുറത്തുവന്നിട്ടുണ്ട്.
''നന്ദുവിനെ കുറേ ഉപദ്രവിച്ചു.അതിന് ശേഷം ഇവിടെ വന്ന് ഭീഷണിപ്പെടുത്തി.നന്ദുവിനെ കൊല്ലും,ഇനി അഞ്ചുപേരെ കൊല്ലാനുണ്ട് എന്നൊക്കെയാണ് പറഞ്ഞിരുന്നത്.അവർ ഭരിക്കുന്ന കാലം വരെ അവർ എല്ലാവരെയും കൊല്ലുമെന്നാണ് പറഞ്ഞിരിക്കുന്നത്.നന്ദുവിന് ഇതല്ല കിട്ടേണ്ടത്,ഇതിനപ്പുറം കിട്ടണമെന്നാണ് പഞ്ചായത്ത് പ്രസിഡന്റ് ഇവിടെ വന്ന് പറഞ്ഞത്. അതിനുള്ള കാരണം എന്താണെന്ന് ഞങ്ങൾക്ക് അറിയില്ല.ഫൈസലും മുന്നയുമാണ് നന്ദുവിനെ മർദിച്ചത്.നിതിൻ,കുട്ടച്ചൻ,സുമേഷ്,വിഷ്ണു, ഇക്രു എന്നിവരടങ്ങിയ ഡിവൈഎഫ്ഐ സംഘമാണ് വാളുമായി വന്ന് വീട്ടിലെത്തി വെല്ലുവിളിച്ചത്.തീവണ്ടിക്ക് മുന്നിൽ ചാടുമ്പോൾ അവന്റെ പിറകെ മൂന്നുപേരുണ്ടായിരുന്നതായി കണ്ടുനിന്നവർ പറയുന്നു.സീവാൾ ബോയ്സ് എന്ന പേരിലുള്ള ക്ലബിലുള്ളതെല്ലാം ഡിവൈഎഫ്ഐയുടെ തലപ്പത്തിരിക്കുന്നവരാണ്.അവരെല്ലാം കഞ്ചാവടിച്ച് നടക്കുന്ന പിള്ളേരാണ്''- സഹോദരി ആരോപിച്ചു.
പ്രദേശത്തെ ഡിവൈഎഫ്ഐ പ്രവർത്തകർക്കെതിരേ ഗുരുതരമായ ആരോപണമാണ് നന്ദുവിന്റെ കുടുംബവും നാട്ടുകാരും ഉന്നയിക്കുന്നത്.പാർട്ടിയിൽ നിൽക്കാത്ത ചെറുപ്പക്കാരെ ഉപദ്രവിക്കുന്നത് പതിവാണെന്നും പോലീസ് ഇവർക്ക് ഒത്താശ ചെയ്യുകയാണെന്നുമാണ് നാട്ടുകാരുടെ ആക്ഷേപം.അതിനിടെ,ദിവസങ്ങൾക്ക് മുമ്പ് നന്ദുവിനെ റോഡിലിട്ട് മർദിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.നന്ദുവിന്റെ മരണത്തിൽ കുറ്റക്കാർക്കെതിരേ കർശന നടപടി വേണമെന്നാണ് കുടുംബത്തിന്റെയും നാട്ടുകാരുടെയും ആവശ്യം.അതേസമയം, നന്ദുവിന്റെ ആത്മഹത്യയിൽ ഡിവൈഎഫ്ഐയും വിശദീകരണവുമായി രംഗത്തെത്തിയിട്ടുണ്ട്.നന്ദുവിനെ മർദിച്ചവർക്ക് ഡിവൈഎഫ്ഐയുമായി ബന്ധമില്ലെന്ന് ജില്ലാ പ്രസിഡന്റ് ആർ രാഹുൽ പറഞ്ഞു.നന്ദുവിനെ മർദിച്ചവർക്ക് മയക്കുമരുന്ന് മാഫിയയുമായി ബന്ധമുള്ളതു കൊണ്ടാണോ പോലീസ് അവർക്കെതിരെ കേസ്സെടുക്കാത്തത് എന്നാണ് നാട്ടുകാർ ചോദിക്കുന്നത്.