Type Here to Get Search Results !

ചാന്‍സലര്‍ പദവിയിൽ നിന്ന് ഗവര്‍ണറെ മാറ്റാനുള്ള നിയമഭേദഗതിക്ക് ഒരുങ്ങി സിപിഎം

ചാന്‍സലര്‍ പദവിയിൽ നിന്ന് ഗവര്‍ണറെ മാറ്റാനുള്ള നിയമഭേദഗതിക്ക് ഒരുങ്ങി സിപിഎം
ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് ഗവര്‍ണറെ മാറ്റുന്ന കാര്യത്തില്‍ ഇന്ന് തീരുമാനം എടുക്കുമെന്ന് സൂചന.ഇന്ന് ആരംഭിക്കുന്ന സിപിഎം സംസ്ഥാന കമ്മിറ്റി യോഗത്തിലായിരിക്കും ഇത് സംബന്ധിച്ച് അന്തിമ തീരുമാനമുണ്ടാകുക. സര്‍വകലാശാലകളുടെ പ്രവർത്തനത്തെ പ്രതിസന്ധിയിലാക്കുന്ന ഗവര്‍ണറെ ചാന്‍സലര്‍ പദവിയില്‍ നിന്ന് ഒഴിവാക്കണമെന്നത് സംബന്ധിച്ച ചര്‍ച്ച ഉയര്‍ന്നുവന്നിരിക്കുകയാണ്.ചാന്‍സലര്‍ പദവി ഉപയോഗിച്ചാണ് സര്‍വകലാശാല ഭരണങ്ങളില്‍ ഗവര്‍ണര്‍ അമിതമായി ഇടപെടുന്നത്.ഇതിന് തടയിടാനാണ് സിപിഎമ്മിന്റെ ഇപ്പോഴത്തെ നീക്കം.ചാന്‍സലര്‍ പദവിയില്‍ നിന്ന് ഗവര്‍ണറെ ഒഴിവാക്കാനുള്ള നിയമഭേദഗതി വേണമെന്ന ആവശ്യം ഇന്നലെ ചേര്‍ന്ന സംസ്ഥാന സെക്രട്ടേറിയറ്റില്‍ ഉണ്ടായി.ഇതിനായി ഓര്‍ഡിനന്‍സ് കൊണ്ടുവരാനുള്ള ആലോചനയാണ് സിപിഎം നേതൃതലത്തിലുള്ളത്.ഓര്‍ഡിനന്‍സ് കൊണ്ടുവന്നശേഷം ഗവര്‍ണര്‍ അതില്‍ ഒപ്പിട്ടില്ലെങ്കില്‍ നിയമസഭയില്‍ ബില്ല് കൊണ്ടുവരാനാണ് ആലോചന.ഗവര്‍ണര്‍ സംഘപരിവാര്‍ രാഷ്ട്രീയവും തന്ത്രങ്ങളും കേരളത്തിലെ സര്‍വകലാശാലകളില്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുകയാണെന്നും ഇതിനെ ഏത് വിധേനെയും തടയുമെന്നുമാണ് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്.


എന്നാല്‍ സര്‍ക്കാരിനെതിരായ നീക്കങ്ങളുടെ ഭാഗമായി,കെടിയുവില്‍ പുതിയ വിസിയെ നോമിനേറ്റ് ചെയ്ത സര്‍ക്കാരിനെ തള്ളി കഴിഞ്ഞ ദിവസം ഗവര്‍ണര്‍ ഡോ. സിസ തോമസിന് നിയമനം നല്‍കി.സര്‍ക്കാര്‍ നോമിനികളെ മാറ്റിനിര്‍ത്തി ഗവര്‍ണര്‍ നിയമിച്ച സാങ്കേതിക സര്‍വ്വകലാശാല വിസി ഇടത് സംഘടനകളുടെ കടുത്ത പ്രതിഷേധത്തിനിടെയാണ് ചുമതലയേറ്റത്.അതേസമയം, പൊതുമേഖലാ സ്ഥാപനങ്ങളിലെ പെന്‍ഷന്‍ പ്രായം ഉയര്‍ത്തിയ വിഷയത്തില്‍ കൂടുതല്‍ വിവാദങ്ങള്‍ വേണ്ടെന്നാണ് പാര്‍ട്ടി തീരുമാനം.