Type Here to Get Search Results !

നഴ്‌‌സുമാരുടെ മിനിമം വേതനം പുനഃപരിശോധിക്കാൻ സർക്കാരിന് 3 മാസത്തെ സാവകാശം നൽകി ഹൈക്കോടതി

നഴ്‌‌സുമാരുടെ മിനിമം വേതനം പുനഃപരിശോധിക്കാൻ സർക്കാരിന്  3 മാസത്തെ സാവകാശം നൽകി ഹൈക്കോടതി
നഴ്‌സുമാരുടെ മിനിമം വേതനം പുനഃപരിശോധിക്കാൻ സംസ്ഥാന സർക്കാരിന് ഹൈക്കോടതിയുടെ ഉത്തരവ്. ഇതിനായി സർക്കാരിന് മൂന്നുമാസത്തെ സമയം കോടതി നൽകി.നഴ്‌സുമാരുടെയും ആശുപത്രി ഉടമകളുടെയും അഭിപ്രായം കേട്ടതിനുശേഷം വേതനം പുനഃപരിശോധിക്കാനാണ് കോടതി നിർദേശം.2018ൽ സർക്കാർ പ്രഖ്യാപിച്ച മിനിമം വേതനം പുനഃപരിശോധിക്കാനാണ് നിർദേശം.വ്യാപക പ്രതിഷേധത്തിന്റെയും സമരത്തിന്റെയും പിന്നാലെയാണ് നഴ്‌സുമാരുടെ മിനിമം വേതനം സർക്കാ‌ർ നിശ്ചയിച്ചത്.50 കിടക്കകൾ വരെയുള്ള ആശുപത്രികളിൽ മിനിമം വേതനം 20,000 രൂപയും പരമാവധി 30,000 രൂപയുമായിരുന്നു അഞ്ച് വർഷം മുൻപ് സർക്കാർ നിശ്ചയിച്ചത്.ഇതിനെതിരെ നഴ്‌സുമാരും മാനേജ്‌മെന്റും വ്യത്യസ്ത ഹർജികളുമായി കോടതിയെ സമീപിച്ചിരുന്നു.നിലവിലെ ശമ്പളം പര്യാപ്തമല്ലെന്ന് ചൂണ്ടിക്കാട്ടി നഴ്‌സുമാർ വീണ്ടും സമരത്തിനിറങ്ങിയിരുന്നു.സർക്കാർ സർവീസിലുള്ള നഴ്‌സിന്റെ അടിസ്ഥാന ശമ്പളം 39,300 രൂപയാണെന്നും ഈ കണക്കിലേയ്ക്ക് സ്വകാര്യ മേഖലയിലെ നഴ്‌സുമാരെകൂടി ഉയർത്തണമെന്നുമാണ് ഇവരുടെ പ്രധാന ആവശ്യം.തങ്ങളോട് ആലോചിക്കാതെ ഏകപക്ഷീയമായാണ് സർക്കാർ മിനിമം വേതനം നിശ്ചയിച്ചതെന്നാണ് മാനേജ്‌മെന്റുകൾ ആരോപിച്ചത്.ഈ സാഹചര്യത്തിലാണ് ഇരുവിഭാഗങ്ങളുമായി കൂടിയാലോചിച്ചതിനുശേഷം മിനിമം വേതനം പുതുക്കി നിശ്ചയിക്കാൻ ഹൈക്കോടതി ഉത്തരവിട്ടത്.